National
ഡോക്ടറും അഭിഭാഷകയായ ഭാര്യയും മക്കളും വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍; കടബാധ്യതയെന്ന് സംശയം
സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.

ചെന്നൈ| ചെന്നൈയില്‍ ദമ്പതിമാരെയും രണ്ടുമക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അണ്ണാനഗര്‍ സ്വദേശികളായ ഡോ ബാലമുരുകന്‍,ഭാര്യ അഡ്വ സുമതി,മക്കളായ ദശ്വന്ത്, ലിംഗേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അണ്ണാനഗറിലെ വീട്ടില്‍ നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കടബാധ്യതയാണ് മരണകാരണമെന്നാണ് വിവരം.ബാലമുരുകന്‍ സ്‌കാനിങ് സെന്റര്‍ നടത്തിയിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ സ്‌കാനിങ് സെന്റര്‍ ബിസിനസിലുണ്ടായ നഷ്ടമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഇവരുടെ ഡ്രൈവര്‍ പതിവുപോലെ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. വീട്ടിലുള്ളവരെ വിളിച്ചിട്ട് കിട്ടാതായതോടെ ഇയാള്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാരെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)