Kerala
ഡോക്ടര്‍ തോട്ടില്‍ മരിച്ച നിലയില്‍; കാറില്‍ സിറിഞ്ചും മരുന്ന് കുപ്പികളും
മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയതാണെന്ന് കരുതുന്നു
തിരുവനന്തപുരം | കണ്ണമ്മൂല ആമയിഴഞ്ചാന്‍ തോട്ടില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ മുട്ടട സ്വദേശി വിപിന്‍( 50 ) ആണ് മരിച്ചത്.
തോടിന് വശത്ത് റോഡില്‍ ഇദ്ദേഹത്തിന്റെ കാറും കണ്ടെത്തി.കാറില്‍ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയതാണെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറാണ്.
ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന് വിഷാദ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു.