National
ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി എയിംസിലെ ഡോക്ടര്‍മാര്‍
28കാരിയുടെ ഉദരത്തിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്.

ന്യൂഡല്‍ഹി| ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍. 28കാരിയുടെ ഉദരത്തിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. നേരത്തെ മൂന്നുതവണ യുവതി ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു.
യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള നാലാമത്തെ കുഞ്ഞിന് ഹൃദയത്തിന് തകരാറുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉദരത്തില്‍ വെച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയക്ക് യുവതിയും കുടുംബവും സഹകരിക്കുകയും ചെയ്തു.
എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വെച്ചായിരുന്നു ശസത്രക്രിയ നടത്തിയത്. ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു. ശസ്ത്രക്രിയക്കു ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.