Connect with us

Kerala

ഡോക്യുമെൻ്ററി പ്രദർശനം; പൂജപ്പുരയിൽ സംഘർഷം

ആറ് തവണ ജലപീരങ്കി ഉപയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം  | ബി ബി സിയുടെ വിവാദ ഡോക്യുമെൻ്ററി പ്രദർശനത്തിനിടെ തിരുവനന്തപുരം പൂജപ്പുരയിൽ സംഘർഷം. ഡി വൈ എഫ് ഐ പ്രവർത്തകർ സംഘടിപ്പിച്ച ഡോക്യുമെൻ്ററി പ്രദർശനം തടയാൻ യുവമോർച്ച പ്രവർത്തകർ ഇരച്ചെത്തുകയും ബാരിക്കേഡും ജലപീരങ്കിയും ഉപയോഗിച്ച് പോലീസ് തടയുകയുമായിരുന്നു.

പോലീസ് ആറ് തവണ ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.

വനിതകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് മറികടക്കാനും മറിച്ചിടാനും ഇവർ ശ്രമിക്കുകയായിരുന്നു. എന്നാൽ, പോലീസുകാർ ഇത് ചെറുത്ത് തോൽപ്പിച്ചു.  അതുകൊണ്ടു തന്നെ പ്രവർത്തർക്ക് പ്രതിഷേധം നടക്കുന്നിടത്തേക്ക് എത്താൻ കഴിഞ്ഞില്ല. വനിതാ പോലീസ് ഉൾപ്പെടെ 150 പോലീസുകാരാണ് സംഭവ സ്ഥലത്ത് നിലയുറപ്പിച്ചത്.

സംഭവത്തിൽ ഏതാനും യുവമോർച്ച പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദർശനം കഴിഞ്ഞിട്ടും സംഘർഷം അവസാനിച്ചിട്ടില്ല.

സമരത്തെ തുടർന്ന്, പൂജപ്പുര- ജഗതി റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഓഫീസുകളിൽ നിന്നും മറ്റും മടങ്ങുന്നവരടക്കമുള്ളവർ റോഡിൽ നിറയുന്ന സമയത്താണ് ബാരിക്കേഡ് വെച്ച് പ്രകടനം തടയലും സംഘർഷവും രൂപപ്പെട്ടത്.

Latest