Editors Pick
ബീറ്റ്റൂട്ട് - പൈനാപ്പിൾ - ചെറുനാരങ്ങ ജ്യൂസ് അനീമിയയെ പ്രതിരോധിക്കുമോ?
സോഷ്യൽ മീഡിയ പറയുന്ന ബീറ്റ്റൂട്ട് പൈനാപ്പിൾ ചെറുനാരങ്ങ ജ്യൂസിനെ കണ്ണടച്ച് വിശ്വസിക്കാൻ ആകുമോ? ഇല്ലെന്ന് തന്നെയാണ് ഡോ. മഞ്ജുഷ അഗർവാൾ പറയുന്നത്.
ബീറ്റ്റൂട്ടും പൈനാപ്പിളും ചെറുനാരങ്ങയും മിക്സ് ചെയ്തുള്ള ജ്യൂസ് ഇന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ശരീരത്തിലെ അയണിന്റെ കുറവ് ഈ ജ്യൂസ് പരിഹരിക്കുമെന്നും അതുമൂലം അനീമിയയെ പ്രതിരോധിക്കാം എന്നുമാണ് ഈ ജ്യൂസിന്റെ പ്രത്യേകതയായി വിവരിക്കുന്നത്. യഥാർത്ഥത്തിൽ ബീറ്റ്റൂട്ട്- പൈനാപ്പിൾ- ചെറുനാരങ്ങ ജ്യൂസ് അയൺ കുറവ് പരിഹരിക്കുമോ? എന്താണ് വിദഗ്ധരുടെ അഭിപ്രായം? നമുക്ക് നോക്കാം.
മുംബൈയിലെ സീനിയർ കൺസൾട്ടന്റ് ആയ ഡോ. മഞ്ജുഷ അഗർവാൾ ഒരു ദേശീയ ഓൺലൈൻ പോർട്ടലിൽ നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ബീറ്റ്റൂട്ടിൽ വൻതോതിൽ അയൺ അടങ്ങിയിട്ടുണ്ടെന്ന് അവർ പറയുന്നു. അതുപോലെ പൈനാപ്പിളിൽ വിറ്റാമിൻ സിയും ധാരാളം ഉണ്ട്. തന്മൂലം അയൺ കൂടുതലായി ലഭിക്കും. ഇവ രണ്ടും രോഗപ്രതിരോധവും കൂട്ടാൻ സഹായിക്കുന്നു എന്നുള്ളത് സത്യമാണ്.
ഈ മിശ്രിതം ബീറ്റ്‌റൂട്ടിൽ നിന്ന് നല്ല അളവിൽ ഇരുമ്പ് പ്രദാനം ചെയ്യുന്നുണ്ടെന്നും പൈനാപ്പിൾ, നാരങ്ങ നീര് എന്നിവയിൽ നിന്നുള്ള ഉയർന്ന വിറ്റാമിൻ സി അതിൻ്റെ ആഗിരണത്തെ പരമാവധി വർദ്ധിപ്പിക്കുന്നെന്നും ന്യൂട്രീഷ്യനിസ്റ്റിനും അഭിപ്രായമുണ്ട്.
പൈനാപ്പിൾ, നാരങ്ങ എന്നിവയിൽ നിന്ന് വിറ്റാമിൻ സി ചേർക്കുന്നത് ബീറ്റ്‌റൂട്ടിൽ നിന്നുള്ള നോൺ-ഹീം ഇരുമ്പിൻ്റെ ആഗിരണത്തെ ഗണ്യമായി വർദ്ധിപ്പിക്കുന്നു. അതുപോലെ പൈനാപ്പിളിലെ ബ്രോമെലിനും നാരങ്ങയിലെ സിട്രിക് ആസിഡും ദഹനത്തെ സഹായിക്കുന്നെന്നും പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യപ്പെടുന്നുവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
എന്നാൽ സോഷ്യൽ മീഡിയ പറയുന്ന ബീറ്റ്റൂട്ട് പൈനാപ്പിൾ ചെറുനാരങ്ങ ജ്യൂസിനെ കണ്ണടച്ച് വിശ്വസിക്കാൻ ആകുമോ? ഇല്ലെന്ന് തന്നെയാണ് ഡോ. മഞ്ജുഷ അഗർവാൾ പറയുന്നത്. ഇതെല്ലാം പലരിലും പല വിധത്തിലാണ് പ്രവർത്തിക്കുക. ചിലർക്ക് ഇത് വളരെ എഫക്ടീവ് ആണെങ്കിൽ മറ്റു ചിലർക്ക് വിപരീത ഫലമുണ്ടാക്കും. അതിനാൽ അയൺ കുറവ് നേരിടുകയാണെങ്കിൽ ഒരു ഡോക്ടറെ കാണാൻ തന്നെയാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. അയൺ കുറവിനുള്ള കാരണം കണ്ടുപിടിച്ച് അത് ചികിത്സിക്കേണ്ടതുണ്ട്. അതിനാൽ സോഷ്യൽ മീഡിയ വീഡിയോകളെ മാത്രം ഒരിക്കലും ആശ്രയിക്കരുത്.