Connect with us

തെളിയോളം

മറ്റുള്ളവരെ മായ്ച്ചാൽ നമ്മുടെ മാറ്റ് കൂടുമോ?

ആരെയെങ്കിലും ആകർഷിക്കാൻ ശ്രമിക്കുക എന്നതിന് പകരം ശ്രദ്ധേയമായ എന്തെങ്കിലും ചെയ്യണം എന്ന നിലയിലേക്ക് പരിശ്രമം മാറുമ്പോൾ നമുക്ക് അഹത്തെ ജയിക്കാനാകും. മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള തത്രപ്പാടിൽ നാം കുറുക്കുവഴികളും വിശ്വാസങ്ങളിലെ വിട്ടുവീഴ്ചകളും ചെയ്യാൻ പ്രേരിതരാകും. എന്നാൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, ബാഹ്യ മൂല്യനിർണയത്തേക്കാൾ കൂടുതൽ നമ്മുടെ ഉദ്ദേശ്യത്താൽ പ്രചോദിതരായി കഠിനാധ്വാനം ചെയ്യാനും ലക്ഷ്യത്തിലും വിശ്വാസങ്ങളിലും ഉറച്ചുനിൽക്കാനും മറ്റുള്ളവരോട് ഉദാരമായി പെരുമാറാനും നാം തയ്യാറാകും. കാരണം, ചെയ്യാനുള്ള പരിശ്രമത്തിൽ എത്ര ക്രെഡിറ്റ്, അംഗീകാരം, പ്രതിഫലം എന്നിവ ലഭിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ആശങ്ക കുറവായിരിക്കും.

Published

|

Last Updated

“ഒരു വലിയ മനുഷ്യൻ എപ്പോഴും ചെറുതായിരിക്കാൻ തയ്യാറാണ്’ എന്ന എമേഴ്‌സൺ വചനം നാം പലവുരു വായിക്കുന്നത് നന്നായിരിക്കും. മറ്റുള്ളവരേക്കാൾ തനിക്കെന്തോ അധികമുണ്ട് എന്ന മേനി നടിക്കലിൽ നാം സ്വയം ചെറുതാവുക മാത്രമാണ് ചെയ്യുന്നത്. തന്റെ നിലയ്ക്കും വിലയ്ക്കും ചേരുന്നില്ല എന്ന സ്വന്തം അർഹതയെ നിശ്ചയിച്ചുള്ള വിചാരഗതികൾ വെച്ച് അപരനെ അപമാനിക്കുന്ന സമീപനങ്ങൾ ശരിക്കും നമ്മുടെ വലുപ്പം വല്ലാതെ കുറയ്ക്കുമെന്നോർക്കുക.
ഒരു അംഗീകാരം, ജോലി ഓഫർ, പ്രമോഷൻ, നേട്ടം മുതലായവ അല്ലെങ്കിൽ ചില ഫലങ്ങൾ ഇതൊക്കെ ഞാൻ വല്ലാതെ “അർഹിക്കുന്നു’ എന്ന ഈഗോയിൽ കുളിച്ച അനുമാനം നിമിത്തം കൊച്ചാവുന്നവരാണധികവും.

എന്റേത്, എനിക്ക് എന്താണ് ലഭിക്കേണ്ടത്, ഞാൻ അർഹിക്കുന്നതെന്താണെന്ന് എനിക്കറിയാം തുടങ്ങിയ അർഹതയെക്കുറിച്ചുള്ള ഉൾത്തരിപ്പ് മറ്റുള്ളവരെ ചെറുതാക്കാനുള്ള നമ്മുടെ ത്വരയെ പുഷ്ടിപ്പെടുത്തുന്നു. ഇത് സകല ബന്ധങ്ങളുടെയും ആന്തരിക സുഗന്ധം ഇല്ലാതാക്കുന്ന മനോവൈകല്യമാണ്.

“ബന്ധങ്ങളാണ് വലുത്, അഹന്തയല്ല’ എന്ന സാമാന്യ ജീവിതബോധത്തിലേക്ക് എത്തുക എന്നതാണ് നമ്മുടെ കേമത്തത്തിന് ഗരിമ പകരുന്ന കാര്യം.നിങ്ങൾ ഈഗോ സെൻസിറ്റീവ് ആണോ ലൈഫ് സെൻസിറ്റീവ് ആണോ എന്നത് ഏറെ പ്രധാനമാണ്. ഈഗോ സെൻസിറ്റീവ് ആയിരിക്കുമ്പോൾ, നിങ്ങൾ നിങ്ങളെ മാത്രം ജീവനായി കാണുന്നു, മറ്റാരുടെയും ജീവിതം നിങ്ങൾക്ക് പരിഗണനീയമാവുകയില്ല. എന്തിനേയും ആരെയും ചവിട്ടിമെതിക്കാം എന്ന തലത്തിലേക്ക് തരം താഴാൻ നിങ്ങൾക്ക് എളുപ്പത്തിൽ സാധ്യമാകും. എന്നാൽ നിങ്ങൾ ലൈഫ് സെൻസിറ്റീവ് ആണെങ്കിൽ, നിങ്ങളുടെ അനുഭവത്തിൽ എല്ലാം ജീവിതമാണ്, അതിനാൽ സ്വാഭാവികമായും നിങ്ങൾക്ക് ചുറ്റുമുള്ള മറ്റെല്ലാ ജീവിതങ്ങളോടും നിങ്ങൾ വളരെ വിവേകത്തോടെ പെരുമാറും.

വിശാലമായ ജീവിതാവബോധം ഉണ്ടാകുമ്പോൾ നമ്മുടെ ഈഗോ സ്വയം വെട്ടിച്ചുരുക്കപ്പെടുകയും ഇത്തിരി ചെറുതാകുന്നതിൽ വലിയ വലുപ്പമുണ്ട് എന്ന് തിരിച്ചറിയാൻ കഴിയുന്ന മാനസികാവസ്ഥ രൂപപ്പെടുകയും ചെയ്യും.താനുണ്ടാക്കിയ അത്ഭുതകരമായ കെട്ടിടത്തെക്കുറിച്ച് ഗമ പറഞ്ഞ് തന്റെ അടുത്ത് വന്ന സമ്പന്നനോട് ഭൂപടം എടുത്ത് മുന്നിൽ വെച്ച് സോക്രട്ടീസ് ചോദിച്ചു. “ഈ മാപ്പിൽ നിങ്ങളുടെ പട്ടണം എവിടെ എന്ന് ഒന്നു തൊട്ടു കാണിക്കൂ’. അയാൾ ഒരു പോയിന്റു തൊട്ട് “ഇതാ ഇവിടെ’ എന്ന് പറഞ്ഞു. “അതിൽ നിങ്ങളുടെ കെട്ടിടം നിൽക്കുന്ന ഗ്രാമം എവിടെ’ എന്നായി അടുത്ത ചോദ്യം.

അയാൾ ആ പോയിന്റിനകത്ത് ചെറിയ ഒരു പോയിന്റിൽ സ്പർശിച്ചു. “ഇനി നിങ്ങൾ ഉണ്ടാക്കിയ കെട്ടിടം അതിൽ എവിടെ എന്ന് തൊടൂ’ എന്നു കൂടി സോക്രട്ടീസ് ചോദിച്ചതോടെ സമ്പന്നൻ തലതാഴ്ത്തി നിന്നു. ആ പോയിന്റിനുള്ളിലെ പോയിന്റിൽ താൻ എവിടെ തൊടാനാണ്! എന്ന ചിന്തയിൽ തന്റെ അഹംഭാവത്തിന്റെ നിസ്സാരത അയാൾക്ക് ബോധ്യപ്പെട്ടു.

ഈ സന്ദർഭങ്ങൾ ഒന്ന് മനസ്സിരുത്തി വിശകലനം ചെയ്ത് നോക്കൂ. ഒരു സോറി ചോദിക്കാമായിരുന്നു എന്ന് തോന്നിയിട്ടും ചെയ്യാത്ത നിമിഷം, ആ സംഭാഷണം തനിക്ക് തുടങ്ങാമായിരുന്നു എന്ന് ആലോചിച്ച ഘട്ടം, നിങ്ങളുടെ മാനസികാവസ്ഥയെയും ബന്ധത്തെയും നശിപ്പിക്കുന്ന ചൂടേറിയ ഒരു തർക്കം ഉപേക്ഷിക്കാമായിരുന്നു എന്ന് ചിന്തിച്ച നേരം, പരിചയമുള്ള ആ മനുഷ്യനെ നോക്കി ഒന്ന് പുഞ്ചിരിക്കാമായിരുന്നു, ഓഹ് ഒരു “നന്ദി’ എന്തായാലും പറയാമായിരുന്നു എനിങ്ങനെ നമ്മുടെ അഹംഭാവം വിലക്കിയ, ഒന്ന് ചെറുതായി വലുതാവാൻ കഴിയുമായിരുന്ന നഷ്ടാവസരങ്ങൾ നമ്മുടെ ജീവിതത്തിൽ എത്ര കഴിഞ്ഞുപോയി അല്ലേ?

ആരെയെങ്കിലും ആകർഷിക്കാൻ ശ്രമിക്കുക എന്നതിന് പകരം ശ്രദ്ധേയമായ എന്തെങ്കിലും ചെയ്യണം എന്ന നിലയിലേക്ക് പരിശ്രമം മാറുമ്പോൾ നമുക്ക് അഹത്തെ ജയിക്കാനാകും. മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള തത്രപ്പാടിൽ നാം കുറുക്കുവഴികളും വിശ്വാസങ്ങളിലെ വിട്ടുവീഴ്ചകളും ചെയ്യാൻ പ്രേരിതരാകും. എന്നാൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, ബാഹ്യ മൂല്യനിർണയത്തേക്കാൾ കൂടുതൽ നമ്മുടെ ഉദ്ദേശ്യത്താൽ പ്രചോദിതരായി കഠിനാധ്വാനം ചെയ്യാനും ലക്ഷ്യത്തിലും വിശ്വാസങ്ങളിലും ഉറച്ചുനിൽക്കാനും മറ്റുള്ളവരോട് ഉദാരമായി പെരുമാറാനും നാം തയ്യാറാകും. കാരണം, ചെയ്യാനുള്ള പരിശ്രമത്തിൽ എത്ര ക്രെഡിറ്റ്, അംഗീകാരം, പ്രതിഫലം എന്നിവ ലഭിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ആശങ്ക കുറവായിരിക്കും.

“മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.’ എന്ന വിചാരമാണ് അഹംഭാവത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും പ്രധാന മാർഗമായി കണക്കാക്കാവുന്നത്. കൈയിലുള്ളതിൽ വലിയ മഹിമ കൽപ്പിച്ച് ചുറ്റുവട്ടത്തെ ഇരുട്ടാക്കാതിരിക്കണം. അന്തസ്സ് എന്നത് ആത്മനിഷ്ഠമായ ഒരു ആശയമാണ്. ഒരു പ്രവർത്തനമോ, ഒരു ജോലിയോ ചെയ്യുന്നത് ലജ്ജാകരമാണെന്നോ ഇത് തനിക്കായി ഉണ്ടാക്കിയതല്ലെന്നോ കരുതേണ്ടതില്ല.

നമുക്ക് നിയന്ത്രണമില്ലാത്ത ബാഹ്യമൂല്യനിർണയത്തിലും ഫലത്തിലും ഊന്നൽ നൽകുന്നതിനു പകരം ചെയ്യുന്നതിന്റെ മേന്മയിലും വരാൻ പോകുന്ന അവസരങ്ങളിലും മറ്റുള്ളവരുടെ വിജയത്തിന് സഹായിക്കുന്നതിലും ശ്രദ്ധിച്ച് മുന്നോട്ടുപോയി നോക്കൂ. ഈഗോയിൽ നിന്ന് കുതിച്ചുയർന്ന് നിങ്ങൾ ജീവിതബോധത്തിൽ ഉജ്ജ്വലിക്കും.

Latest