Health
അമിതമായ സ്‌ക്രീന്‍ സമയം വരണ്ട കണ്ണുകള്‍ക്ക് കാരണമാകുമോ?
സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തിയില്ലെങ്കില്‍ കണ്ണിന് തളര്‍ച്ച, കണ്ണ് വരണ്ടുപോകുന്ന അവസ്ഥ, കാഴ്ച മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ബാധിക്കാം.
കണ്ണുകളുടെ വരള്‍ച്ച പല ആളുകളെയും നിരന്തരമായി അലട്ടുന്ന വലിയ പ്രശ്നമാണ്. ഇത് ചിലപ്പോള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുകയും ചെയ്യും. കണ്ണുകള്‍ ആവശ്യത്തിന് കണ്ണുനീര്‍ പുറപ്പെടുവിക്കാത്തതോ അല്ലെങ്കില്‍ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടാത്തതോ ആയ അവസ്ഥ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത് കണ്ണിന് ചുവപ്പ്, പ്രകാശത്തോടുള്ള സംവേദനക്ഷമത, കണ്ണുകളില്‍ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.
ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ എന്നീ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുന്നതല്ല. പഠനം, ജോലി എന്നിങ്ങനെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സ്‌ക്രീനില്‍ നോക്കി മാത്രമേ ചെയ്യാന്‍ കഴിയൂ. ഇതിനുപുറമേ വിനോദത്തിന് വേണ്ടിയും സ്‌ക്രീന്‍ സമയം എടുക്കുന്നവരുണ്ട്. റീല്‍സ്, സോഷ്യല്‍ മീഡിയ, സിനിമ എന്നിവയെല്ലാം കാണുന്നവരുണ്ട്. ദിവസത്തില്‍ കൂടുതല്‍ സമയവും സ്‌ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നയിക്കുക. പ്രധാനമായും കണ്ണുകളെയാണ് സ്‌ക്രീന്‍ സമയം ബാധിക്കുക.
സ്‌ക്രീന്‍ സമയം അധികമെടുക്കുന്നത് കണ്ണുകളെ ബാധിക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം
1. സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ട മാര്‍ഗം. സമയം നിശ്ചയിച്ച് ഓരോ ആവശ്യങ്ങളും ചെയ്യുക. പ്രാധാന്യമര്‍ഹിക്കാത്ത കാര്യങ്ങള്‍ക്ക് സ്‌ക്രീന്‍ സമയം കുറയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാം. പരിശീലിച്ചു കഴിഞ്ഞാല്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താന്‍ സാധിക്കും.
2. സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തിയില്ലെങ്കില്‍ കണ്ണിന് തളര്‍ച്ച, കണ്ണ് വരണ്ടുപോകുന്ന അവസ്ഥ, കാഴ്ച മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ബാധിക്കാം. ദീര്‍ഘസമയം സ്‌ക്രീനിലേക്ക് നോക്കി ഇരിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ സ്‌ക്രീനില്‍ നിന്ന് ബ്രേക്ക് എടുക്കുക. 20 മിനിട്ട് തുടര്‍ച്ചയായി സ്‌ക്രീനിലേക്ക് നോക്കിയാല്‍ 20 സെക്കന്‍ഡ് ബ്രേക്ക് എടുക്കണം.
3. ബ്രേക്ക് എടുക്കുന്ന സമയത്ത് ദൂരെയുള്ള ഏതെങ്കിലും വസ്തുവിലേക്കോ കാഴ്ചയിലേക്കോ ശ്രദ്ധ തിരിക്കണം. പിന്നീട് സ്‌ക്രീനിലേക്ക് തിരിച്ചെത്താം.
4. ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മാനും ബോധപൂര്‍വം ശ്രമിക്കുക. ഇത് സ്‌ക്രീന്‍ സമയം കണ്ണുകളെ ബാധിക്കുന്നത് തടയാന്‍ സഹായിക്കും.
5. കണ്ണടച്ച് ഇരുട്ടുള്ള സ്ഥലത്ത് അല്‍പനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഈ സമയത്ത് ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാതിരിക്കുന്നത് നല്ലതാണ്.
6. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തിലും ശ്രദ്ധ നല്‍കാവുന്നതാണ്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങളും പച്ചക്കറികളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
7. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കണ്ണുനീര്‍ ഉല്‍പ്പാദനം നിലനിര്‍ത്താനും വരള്‍ച്ച തടയാനും സഹായിക്കും.
8. കാറ്റ്, പൊടി എന്നിവയില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് പുറത്ത് പോകുമ്പോള്‍ സണ്‍ഗ്ലാസുകളോ കണ്ണടകളോ ധരിക്കുക.
9. കണ്ണിനെ ബാധിക്കുന്ന ഏത് പ്രശ്‌നവും അറിയുന്നതിനായി കൃത്യമായ ഇടവേളകളില്‍ കണ്ണ് ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. കണ്ണിന് വരണ്ട അവസ്ഥയുണ്ടെങ്കില്‍ ഇതിനായി ഐ ഡ്രോപ്‌സ് ഉപയോഗിക്കാവുന്നതാണ്. അതിന് ഡോക്ടറുടെ നിര്‍ദേശം തേടണം.