Health
പ്രാവിനെ സ്‌നേഹിക്കുന്നത് നിങ്ങളെ രോഗിയാക്കുമോ?
പ്രാവിന്‍ കാഷ്ഠത്തില്‍ കാണുന്ന ചില ബാക്ടീരിയകള്‍ മനുഷ്യരിലെത്തിയാല്‍ വയറുവേദനയടക്കം നിരവധി ഗുരുതര പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം.
കാലാകാലങ്ങളായി നമ്മള്‍ ഇണക്കി വളര്‍ത്തുന്ന പക്ഷികളില്‍ പെട്ടവയാണ് പ്രാവുകള്‍. നമ്മുടെ വീടിന്റെ ബാല്‍ക്കണിയിലും എയര്‍ ഹോളിലും പ്രത്യേകം തയ്യാറാക്കിയ കൂടുകളിലും ഓടിന്റെ മുകളിലും ഒക്കെ ഇവര്‍ താമസമാക്കാറുണ്ട്. ഇണങ്ങിയാല്‍ നമ്മോട് അത്രയ്ക്ക് ഇണങ്ങുന്ന പക്ഷികള്‍ കൂടിയാണ് പ്രാവുകള്‍. എന്നാല്‍ പ്രാവുകളെ വളര്‍ത്തുന്നത് അസുഖങ്ങളെ വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്.
ഇവയുടെ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ചില അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ശ്വസിക്കുന്നത് ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യുമോണിറ്റിസ് എന്ന ശ്വാസകോശ അണുബാധയ്ക്ക് കാരണമാകാം. പക്ഷികളുടെ കാഷ്ഠത്തിനു പുറമേ ചിലതരം പൂപ്പലുകളും കെമിക്കലുകളും ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യുമോണിറ്റിസിലേക്ക് നയിക്കാം. ചുമ, ശ്വാസംമുട്ടല്‍, ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
നിരന്തരമായി പ്രാവിന്റെ കാഷ്ഠം ശ്വസിക്കേണ്ടി വരുന്നത് ഫൈബ്രോസിസ്, ശ്വാസകോശത്തിന് ക്ഷതം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാം. പ്രാവിന്‍ കാഷ്ഠത്തില്‍ കാണുന്ന ചില ബാക്ടീരിയകള്‍ മനുഷ്യരിലെത്തിയാല്‍ വയറുവേദനയടക്കം നിരവധി ഗുരുതര പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. വീട്ടില്‍ പ്രാവുള്ളവര്‍ക്ക് നിരന്തരം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധമാണ്.
ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു
പ്രാവിന്റെ വിസര്‍ജ്യത്തില്‍ അസിഡിറ്റി വളരെയധികം കൂടുതലായതിനാല്‍ ഇത് അന്തരീക്ഷത്തില്‍ എളുപ്പത്തില്‍ പടരുകയും ബ്രോങ്കൈറ്റീസ് അടക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ആസ്തമ രോഗികളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ ആസ്തമ, ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ന്യൂമോണിറ്റിസ്, ആസ്പര്‍ജില്ലോസിസ്, ക്രിപ്‌റ്റോ കൊക്കോസിസ് തുടങ്ങിയ ഫംഗസ് അണുബാധകളും ഇത് കാരണം ഉണ്ടാകുന്നു
പ്രമേഹ രോഗികളില്‍ പ്രത്യേകിച്ച് രോഗപ്രതിരോധശേഷി കുറവായ അവസ്ഥയില്‍ ഹൈപ്പര്‍സെന്‍സിറ്റീവ് രോഗപ്രതിരോധ സംവിധാനം ഉള്ളവരിലേക്ക് പ്രാവുകളില്‍ നിന്ന് രോഗങ്ങള്‍ പകരുവാനും എളുപ്പമാണ്.
ഏത് ജീവികളെ ഇണക്കി വളര്‍ത്തുമ്പോഴും അവയെ ഒരു അകലത്തില്‍ സൂക്ഷിക്കുന്നതും വൃത്തിയോടെ സൂക്ഷിക്കുന്നതും രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ പ്രധാനമാണ്. ഈ കാര്യം തന്നെയാണ് പ്രാവുകളുടെ കാര്യത്തിലും ഓര്‍ക്കേണ്ടത്. വീടിനുള്ളില്‍ ഒരിക്കലും പ്രാവിന്റെ വിസര്‍ജ്യം ഉണ്ടാവാന്‍ അനുവദിക്കാതിരിക്കുകയും, അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ പ്രാവിനോട് കൂടുതല്‍ അടുത്തിടപഴകാതിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം.