Connect with us

Articles

മോദിക്ക് നല്ല ബുദ്ധി തോന്നുമോ?

ജഗ്ജീത് സിംഗ് ദല്ലേവാള്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം 42 ദിവസം പിന്നിടുമ്പോഴും അവരുമായി ചര്‍ച്ച നടത്താന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നത് ഒരു ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല. കര്‍ഷക സമരത്തെ തീര്‍ത്തും പ്രതികാരബുദ്ധിയോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഏറ്റവും ഒടുവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണാന്‍ മോര്‍ച്ചയുടെ നേതാക്കള്‍ അവസരം ചോദിച്ചെങ്കിലും ഇന്നുവരെ അനുമതി നല്‍കിയിട്ടില്ല.

Published

|

Last Updated

സംയുക്ത കര്‍ഷക മോര്‍ച്ചയുടെ (എസ് കെ എം) നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം 42 ദിവസം പിന്നിടുമ്പോഴും അവരുമായി ചര്‍ച്ച നടത്താന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നത് ഒരു ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല. കര്‍ഷക സമരത്തെ തീര്‍ത്തും പ്രതികാരബുദ്ധിയോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഏറ്റവും ഒടുവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണാന്‍ മോര്‍ച്ചയുടെ നേതാക്കള്‍ അവസരം ചോദിച്ചെങ്കിലും ഇന്നുവരെ അനുമതി നല്‍കിയിട്ടില്ല. “സമയക്കുറവാണ്’ ഔദ്യോഗിക കാരണമായി പറയുന്നത് എങ്കിലും മോദിക്കെതിരായ നിലപാടെടുക്കാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇതെന്ന് വ്യക്തമാണ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക സമരം പുനരാരംഭിച്ചിട്ട് മാസങ്ങളായി. ഹരിയാനയില്‍ അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ അവരെ അതിര്‍ത്തിയിലെ ശംഭുവില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.

ഒരു വര്‍ഷം മുമ്പ് നടന്ന കര്‍ഷക സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എല്ലാം നഗ്നമായി ലംഘിക്കുകയാണ് മോദി സര്‍ക്കാര്‍. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില എന്നത് സര്‍ക്കാറിന്റെ നിയമപരമായ ബാധ്യതയാക്കണം എന്നതാണ് അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പ്രധാനം. കാര്‍ഷികോത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് അവ സംസ്‌കരിച്ചും അല്ലാതെയും മാളുകള്‍ വഴി ചില്ലറ വില്‍പ്പനക്കെത്തിക്കുന്ന അംബാനി, അദാനി മുതലായ കുത്തകകളെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെ ഈ നിലപാടെടുക്കുന്നത് എന്ന് വ്യക്തമാണ്. ഇന്നത്തെ സാഹചര്യത്തില്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഏറ്റവും വേഗത്തില്‍ വിറ്റ് കടം വീട്ടാനും അടുത്ത വിളയിറക്കാനും തത്രപ്പെടുകയാണ് കര്‍ഷകര്‍. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില നിയമവിധേയമല്ലാത്തതിനാല്‍ പലപ്പോഴും കര്‍ഷകര്‍ക്ക് സമയത്തിന് കിട്ടാറില്ല. എത്ര കുറഞ്ഞ വിലക്കായാലും തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഈ അവസരം മുതലെടുത്തുകൊണ്ട് കോര്‍പറേറ്റുകള്‍ പണവുമായി വന്ന് ഉത്പന്നങ്ങള്‍ മൊത്തമായി വാങ്ങും. അവ ശേഖരിച്ച് പിന്നീട് കൂടിയ വിലക്ക് വിറ്റ് അവര്‍ കൊള്ളലാഭമെടുക്കുന്നു. സര്‍ക്കാര്‍ താങ്ങുവില നിയമപരമായ ബാധ്യതയാക്കിയാല്‍ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടി വരില്ല. കോര്‍പറേറ്റുകളുടെ കൊള്ള നടക്കില്ല. ഇതിന് ഒരു പരിധി വരെ തടയിടുന്നവയാണ് പ്രാദേശിക ചന്തകള്‍. അവയെ ഇല്ലാതാക്കാനുള്ള നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴാണ് കര്‍ഷകര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. എഴുനൂറിലധികം രക്തസാക്ഷികള്‍ ഉണ്ടായെങ്കിലും അന്തിമമായി സര്‍ക്കാറിന് ആ നിയമങ്ങള്‍ റദ്ദാക്കേണ്ടി വന്നു. സമരം അത്രയെങ്കിലും വിജയിച്ചു.

എന്നാല്‍ അന്ന് നല്‍കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചില്ല എന്ന് മാത്രമല്ല കാര്‍ഷിക വ്യാപാരത്തിന്റെ ചട്ടക്കൂട് നിര്‍ണയിക്കുന്നതിനുള്ള ദേശീയ നയത്തിന്റെ (എന്‍ എ എഫ് എ എം) കരട് പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്തത്. ഇതിനു മേല്‍ പൊതു അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊണ്ടാണ് കൃഷിവകുപ്പ് ഈ കരട് പ്രസിദ്ധീകരിച്ചത്. ഈ നയം 2021ല്‍ പാസ്സാക്കിയ മൂന്ന് നിയമങ്ങളേക്കാള്‍ കര്‍ഷകര്‍ക്ക് അപകടകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹരിയാനയിലെ തൊഹാനയിലും പഞ്ചാബിലെ മോഗയിലും കര്‍ഷക മോര്‍ച്ച മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അവിടെ ഈ നയത്തിനെതിരെ പ്രമേയങ്ങള്‍ പാസ്സാക്കി ജനുവരി ഒമ്പത് മുതല്‍ പുതിയ സമരമുഖം തുറക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പുതിയ നയം നിയമമായാല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരങ്ങള്‍ നല്‍കുന്ന ഫെഡറല്‍ ഘടനയുടെ ലംഘനമായിരിക്കും. മിനിമം താങ്ങുവില ഉറപ്പാക്കാനുള്ള നിയമ ബാധ്യത ഇല്ലാത്തതിനാല്‍ കര്‍ഷകരുടെ വരുമാനങ്ങളും കര്‍ഷകത്തൊഴിലാളികളുടെ മിനിമം കൂലിയും കുറയുകയും നാമമാത്ര ഉത്പാദകരുടെയും ചില്ലറ കച്ചവടക്കാരുടെയും തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. പഞ്ചാബിലെ ഭഗവന്ത് മാന്‍ സര്‍ക്കാര്‍ ഈ നയം സംസ്ഥാനത്ത് നടപ്പാക്കുകയില്ലെന്ന് പ്രഖ്യാപിച്ചതിനെ സമര സമിതി പ്രശംസിക്കുകയും ചെയ്തു. “രാജ്യത്ത് പല ഭാഗങ്ങളിലായി നിലവിലുള്ള 7,057 രജിസ്റ്റര്‍ ചെയ്ത കമ്പോളങ്ങളെയും 22,931 ഗ്രാമീണ കേന്ദ്രങ്ങളെയും ഡിജിറ്റല്‍ പൊതു അടിസ്ഥാന ഘടനയോട് വിളക്കിച്ചേര്‍ക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം ഉള്‍പ്പെടെ, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള മൂല്യ വര്‍ധനവുകളെ ഒരൊറ്റ ശൃംഖലയിലാക്കുക എന്ന ലോക ബേങ്കിന്റെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ നയം’- മോര്‍ച്ച ഭാരവാഹികളുടെ പ്രസ്താവന പറയുന്നു. ഇതിന്റെ ലക്ഷ്യം, സ്വകാര്യ വിദേശ മൂലധനത്തിന് പൊതു ആസ്തികളിലൂടെ കാര്‍ഷിക മേഖല കൈയടക്കാനുള്ള അവസരം ഒരുക്കലാണെന്നും അവര്‍ വിലയിരുത്തുന്നു.
2024 ഫെബ്രുവരി 13 മുതല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കക്ഷി രഹിത വിഭാഗവും കര്‍ഷക-തൊഴിലാളി സഖ്യ മുന്നണിയും (കെ എം എം) ഹരിയാനയുടെയും പഞ്ചാബിന്റെയും അതിര്‍ത്തികളായ ശംഭു-അംബാല, ഖനൗരി-ജിന്ദ് പ്രദേശങ്ങളില്‍ ശക്തമായ സമരം ആരംഭിച്ചിരിക്കുകയാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും മിനിമം താങ്ങുവില നിയമ വിധേയമാക്കുന്നതിനും കേന്ദ്ര സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഹരിയാന സര്‍ക്കാര്‍ മാര്‍ച്ച് തടഞ്ഞത് മൂലം കഴിഞ്ഞ 11 മാസമായി കര്‍ഷകര്‍ അതിര്‍ത്തിയില്‍ താമസിച്ച് സമരം ചെയ്യുകയാണ്. ഒരു തരത്തിലും മോദി സര്‍ക്കാര്‍ പ്രതികരിക്കാതെ വന്നപ്പോഴാണ് 67 വയസ്സുകാരനായ കര്‍ഷക നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍ നവംബര്‍ 26 (ഭരണഘടനാ ദിനം) മുതല്‍ സമര കേന്ദ്രമായ ഖനൗരിയില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. മരണം വരെ നിരാഹാരം എന്നാണ് പ്രഖ്യാപനം.

ആരാണ് ജഗ്ജീത് സിംഗ്?
1958ല്‍ ഫരീദ്‌കോട്ട് ജില്ലയിലെ ദല്ലേവാള്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. എന്നാല്‍ കൃഷിയോടുള്ള താത്പര്യം മൂലം മറ്റു ജോലികള്‍ക്കൊന്നും പോകാതെ തന്റെ നാട്ടിലെ 17 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുകയാണ്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ധീരനായ ഒരു സമരപോരാളി എന്നതിനൊപ്പം സമൂഹത്തില്‍ യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളിലും ഇടപെടുക വഴി അദ്ദേഹം വളരെ പെട്ടെന്ന് ജനകീയ നേതാവായി ഉയര്‍ന്നു. 1989ല്‍ ഭാരതീയ കിസാന്‍ യൂനിയന്‍ രൂപം കൊണ്ടത് മുതല്‍ അതിന്റെ ഭാഗമായി വളര്‍ന്ന് 2017ല്‍ സംഘടനയുടെ അധ്യക്ഷന്‍ വരെയായി. കര്‍ഷകര്‍ക്കായി നിരാഹാരമടക്കം നിരവധി പോരാട്ടങ്ങള്‍ക്ക് ജഗ്ജീത് സിംഗ് നേതൃത്വം നല്‍കി. നവംബര്‍ 26ന് നിരാഹാര സമരം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം തന്റെ സ്വത്തുക്കളെല്ലാം മകനും മകന്റെ ഭാര്യക്കും ചെറുമകനുമായി നല്‍കിക്കൊണ്ട് മരണം തനിക്കൊരു പ്രശ്നമല്ലെന്നു പ്രഖ്യാപിച്ചു. നിയമപരമായ താങ്ങുവില എന്നത് കര്‍ഷകരുടെ മൗലികാവകാശമാണെന്നു പറഞ്ഞു കൊണ്ട് ഡിസംബറില്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചു. തന്റെ മരണം കൊണ്ട് കര്‍ഷകര്‍ക്ക് നീതി ലഭിക്കുമെങ്കില്‍ ആ മരണത്തെ വരിക്കാന്‍ താന്‍ തയ്യാറാണ് എന്നും അതില്‍ എഴുതിയിരുന്നു. മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2020-21ല്‍ നടത്തിയ കര്‍ഷക സമരത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ ഇതിലൂടെ തിരിച്ചു വന്നിരിക്കുന്നു. മോര്‍ച്ചയിലെ ഒരു വിഭാഗം ബല്‍ബീര്‍ സിംഗ് രാജേവാളിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മോര്‍ച്ചയില്‍ നിന്ന് പിരിഞ്ഞുപോയി. പക്ഷേ ഇദ്ദേഹം അതിനെ എതിര്‍ത്തുകൊണ്ട് സമരം തുടര്‍ന്നു. ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടി തന്റെ സംയുക്ത കര്‍ഷക മോര്‍ച്ചയുടെ പേര് എസ് കെ എം (നോണ്‍ പൊളിറ്റിക്കല്‍) എന്നാക്കി.

സുപ്രീം കോടതിയുടെ ഇടപെടല്‍
കര്‍ഷക പ്രക്ഷോഭം ശക്തമാകുകയും ദല്ലേവാളിന്റെ ജീവന് അപകടം ഉണ്ടാകുമെന്ന് തോന്നുകയും ചെയ്തപ്പോള്‍ സുപ്രീം കോടതി സ്വമേധയാ ഇടപെട്ടു. നിരാഹാര സമരം നിയമവിരുദ്ധമാണെന്നും കലാപത്തിനുള്ള ആഹ്വാനമാണെന്നും അതിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഹരിയാന-യൂനിയന്‍ സര്‍ക്കാറുകള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മഹാത്മാ ഗാന്ധിയുടെ കാലം മുതല്‍ അഹിംസാത്മകമായ നിരാഹാര സമരം ഒരു നിയമവിധേയ മാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. അത് ചരിത്രപരമായി നിയമവിധേയമാണ്. പൊതുസമൂഹത്തിന്റെ നന്മക്കു വേണ്ടി വളരെ നിയന്ത്രിതമായ രീതിയില്‍ മാത്രമേ പോലീസ് ഇത്തരം സമരങ്ങളില്‍ ഇടപെടാന്‍ പാടുള്ളൂവെന്ന് മദ്രാസ് ഹൈക്കോടതി കൃത്യമായി പറഞ്ഞു വെച്ചിട്ടുണ്ട്. 1979ല്‍ തന്നെ മുഹമ്മദ് യൂസുഫ് തക്കറും ജമ്മു കശ്മീര്‍ സംസ്ഥാന സര്‍ക്കാറുമായുള്ള കേസില്‍ സുപ്രീം കോടതിയും ഇത് അംഗീകരിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരാഹാര സമരം മറ്റൊരാള്‍ക്കും ഒരു വിധ അസൗകര്യങ്ങളും ഉണ്ടാക്കുന്നില്ല. ആ സമരം ഒരു പൗരന്റെ ഭരണഘടനാ അവകാശമാണ്. ചെന്നൈയിലെ മറീന ബീച്ചില്‍ നിരാഹാരം ഇരിക്കാനുള്ള ഒരാളുടെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടും അയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യമായ പോലീസ് ഇടപെടല്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ആ സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ പോലീസിന് സ്വീകരിക്കാം. അക്രമങ്ങള്‍ ഉണ്ടാകുകയില്ലെന്നുള്ള ഉറപ്പ് സംഘാടകരില്‍ നിന്ന് വാങ്ങാന്‍ പോലീസിന് കഴിയും, അത്രമാത്രം. സമരം തടയാന്‍ പാടില്ല.
സമൂഹത്തിന്റെ നന്മക്കു വേണ്ടി സ്വന്തം ജീവന്‍ ത്യജിക്കാനുള്ള സമരനായകന്റെ ആത്മാര്‍ഥതയെ കോടതി അംഗീകരിക്കുന്നു. എന്നാല്‍ മനുഷ്യജീവന്‍ ഏറെ വിലപ്പെട്ടതാണെന്നുള്ളതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി ഒരു സമിതിയെ സ്വമേധയാ നിയോഗിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മുന്‍ ജഡ്ജി നവാബ് സിംഗാണ് അതിന്റെ തലവന്‍. സമിതിയില്‍ മുന്‍ ഐ പി എസ് ഓഫീസര്‍ ബി എസ് സന്ത്, കാര്‍ഷിക വിദഗ്ധനായ ദേവേന്ദര്‍ ശര്‍മ, കാര്‍ഷിക ധനതത്ത്വശാസ്ത്രജ്ഞനായ ഡോ. സുഖ്പാല്‍ സിംഗ്, പ്രൊഫസര്‍ രഞ്ജിത്ത് സിംഗ് എന്നിവരും ഉള്‍പ്പെടുന്നു. തിങ്കളാഴ്ച സംഘം ദല്ലേവാളിനെ നേരില്‍ കണ്ട് സംസാരിച്ചു. ഉടനെ വൈദ്യസഹായം തേടുക എന്നാണ് അവരുടെ ആദ്യ നിര്‍ദേശം. അത് നല്‍കാന്‍ തയ്യാറാണെന്ന് പഞ്ചാബ് സര്‍ക്കാറിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദല്ലേവാളിന്റെ ആരോഗ്യം പ്രധാനമാണല്ലോ എന്നാണ് തലവന്‍ ജസ്റ്റിസ് നവാബ് സിംഗ് പറഞ്ഞത്. ആദ്യം ഈ സംഘത്തെ കാണാന്‍ ദല്ലേവാള്‍ തയ്യാറായില്ല. പിന്നെ അത് സമ്മതിച്ചു. ഈ സംഘത്തിന്റെ റിപോര്‍ട്ട് ജനുവരി 10ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. “എല്ലാവര്‍ക്കും നല്ല ബുദ്ധി തോന്നട്ടെ’ എന്നാണ് ഈ കേസ് കേട്ട ജസ്റ്റിസ് സൂര്യകാന്ത് ആഗ്രഹം പ്രകടിപ്പിച്ചത്. പക്ഷേ, മോദിക്ക് നല്ല ബുദ്ധി തോന്നുമോ?

Latest