Connect with us

Editorial

കാലപ്പഴക്കം ക്രിമിനല്‍ കുറ്റങ്ങളെ അപ്രസക്തമാക്കുമോ?

ഇരുപതോ മുപ്പതോ വര്‍ഷം പിന്നിടുന്നതോടെ ക്രിമിനല്‍ കേസുകള്‍ അപ്രസക്തവും പ്രയോജനരഹിതവുമായി തീരുമെന്ന സുപ്രീം കോടതി ബഞ്ചിന്റെ പ്രസ്താവം ഭാവിയില്‍ നീതിന്യായ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കുമെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍. ദശകങ്ങള്‍ പിന്നിട്ട കേസുകള്‍ കോടതികളുടെ മുമ്പില്‍ തീര്‍പ്പിനായി കാത്തിരിപ്പുണ്ട്.

Published

|

Last Updated

നീതിന്യായ വ്യവസ്ഥയുടെ സത്യസന്ധതയിലും നിഷ്പക്ഷതയിലുമുള്ള ജനവിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായ രണ്ട് തീര്‍പ്പുകള്‍. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഉത്തര്‍ പ്രദേശ് ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും എതിരായ കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ച നടപടിയാണ് ഒന്ന്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിലെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന ആവശ്യം അപ്രസക്തമായെന്ന് ചൂണ്ടിക്കാണിച്ച് 11 ഹരജികള്‍ ഒറ്റയടിക്കു തീര്‍പ്പാക്കിയ നടപടിയാണ് മറ്റൊന്ന്.
ബാബരി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് അയോധ്യയില്‍ തത‌്സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് ധിക്കരിച്ചാണ് കര്‍സേവകര്‍ പള്ളി തകര്‍ത്തത്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറും ഉദ്യോഗസ്ഥരും വരുത്തിയ വീഴ്ചയാണ് മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് അസ്‌ലം എന്ന വ്യക്തിയാണ് കോടതിയലക്ഷ്യ ഹരജികള്‍ സമര്‍പ്പിച്ചത്. 2019ല്‍ അയോധ്യ തര്‍ക്കഭൂമി കേസിലെ വിധി വന്ന സാഹചര്യത്തില്‍ കോടതിയലക്ഷ്യ കേസുകള്‍ നിലനില്‍ക്കുന്നില്ലെന്ന വീക്ഷണത്തിലും കേസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയുമാണ് പരമോന്നത കോടതി കേസുകള്‍ അവസാനിപ്പിച്ചത്. കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബഞ്ച് നിരസിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ കേസുകള്‍ അപ്രസക്തമായെന്ന ന്യായം ഉന്നയിച്ചാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ സമര്‍പ്പിച്ച ഹരജികള്‍ നിരസിച്ച് കോടതി കേസ് അവസാനിപ്പിച്ചത്. 2002നും 2004നും ഇടയിലാണ് കക്ഷികള്‍ ഇതുസംബന്ധിച്ച് ഹരജികള്‍ നല്‍കിയത്. വംശഹത്യയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന ഒമ്പത് കേസുകളില്‍ എട്ടെണ്ണത്തിന്റെയും അന്വേഷണം പൂര്‍ത്തിയായെന്നും അവശേഷിക്കുന്ന ഒരു കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ് എ ടി) കോടതിയെ അറിയിച്ചിരുന്നു. ഇതടിസ്ഥാനത്തിലാണ് കേസുകള്‍ കാലഹരണപ്പെട്ടുവെന്നും ഇനിയും അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമുള്ള തീരുമാനത്തില്‍ കോടതിയെത്തുന്നത്. “എല്ലാ കാര്യങ്ങളും ഇപ്പോള്‍ നിഷ്ഫലമായതിനാല്‍ ഈ ഹരജികള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്. പ്രയോജനരഹിതമായതിനാല്‍ ഒഴിവാക്കുന്നു’ എന്നായിരുന്നു കേസ് തീര്‍പ്പാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ പ്രസ്താവം.

എന്താണ് ഈ രണ്ട് തീര്‍പ്പുകളിലൂടെ കോടതി നല്‍കുന്ന സന്ദേശം? കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോയാല്‍ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ? ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവ് വ്യക്തിയോ സ്ഥാപനമോ അനുസരിക്കാതിരിക്കുകയോ കോടതിയുടെ അധികാരത്തോട് ബഹുമാനമില്ലാതെ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതാണ് കോടതിയലക്ഷ്യം. ബാബരി പ്രശ്‌നത്തില്‍ സുപ്രീം കോടതി ഉത്തരവ് പരസ്യമായി ലംഘിച്ചാണ് കര്‍സേവകര്‍ പള്ളി തകര്‍ത്തത്. അന്നേരം കല്യാണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നോക്കുകുത്തിയായി നിലകൊണ്ടു. ഇത് ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും സുപ്രീം കോടതിയോട് കാണിച്ച അനുസരണക്കേടും കടുത്ത അവഹേളനവുമാണ്. അയോധ്യയിലെ ബാബരി മസ്ജിദ് നിലകൊണ്ടിരുന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കോടതി തീര്‍പ്പാക്കിയതു കൊണ്ട് കര്‍സേവകര്‍ കാണിച്ച ക്രിമിനല്‍ കുറ്റവും ഭരണതല, ഉദ്യോഗ വൃന്ദത്തിന്റെ കുറ്റകരമായ വീഴ്ചയും ലഘുതരമായി കാണാവതാണോ? നീതിന്യായ വ്യവസ്ഥയുടെ തെറ്റായ പോക്കിനു തടയിടലും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി വിരമിച്ച ചില ജഡ്ജിമാര്‍ക്കെതിരെ (പേരെടുത്തു പറയാതെ) അഡ്വ. പ്രശാന്ത് ഭൂഷണ്‍ നടത്തിയ വിമര്‍ശനത്തിന് കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ തിടുക്കം കാട്ടിയ സുപ്രീം കോടതിക്ക് ബാബരി പ്രശ്‌നത്തില്‍ എന്തുകൊണ്ട് ഇങ്ങനെയൊരു അയഞ്ഞ നിലപാടെടുക്കാന്‍ കഴിഞ്ഞുവെന്നത് ദുരൂഹമാണ്.

കാലപ്പഴക്കം കൊണ്ട് കേസ് പ്രയോജനരഹിതമായി തീരുമെന്ന കോടതി പരാമര്‍ശം നീതിന്യായ വ്യവസ്ഥയോട് എത്രമാത്രം പൊരുത്തപ്പെടുമെന്ന് വിലയിരുത്തേണ്ടതുണ്ട്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത ഉടനെ സമര്‍പ്പിച്ചതാണ് മുഹമ്മദ് അസ്‌ലം കോടതിയലക്ഷ്യ ഹരജി. ഇത്രയും കാലം അത് വിചാരണക്കെടുക്കാതെ നീട്ടിക്കൊണ്ടു പോയതിന് ആരാണ് ഉത്തരവാദി? മുപ്പത് വര്‍ഷക്കാലമായി ഹരജിക്കാരന്‍ കേസിന്റെ കാര്യം കോടതിയെ ഓര്‍മിപ്പിച്ചിട്ടും ഹരജി വിചാരണക്കെടുക്കാന്‍ കോടതി തയ്യാറായില്ലെന്ന് മുഹമ്മദ് അസ്‌ലമിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഓര്‍മിപ്പിച്ചപ്പോള്‍, കേസ് നേരത്തേ കേള്‍ക്കേണ്ടതായിരുന്നു എന്ന പരാമര്‍ശത്തില്‍ മറുപടി ഒതുക്കുകയായിരുന്നു കോടതി ബഞ്ച്.

ഇരുപതോ മുപ്പതോ വര്‍ഷം പിന്നിടുന്നതോടെ ക്രിമിനല്‍ കേസുകള്‍ അപ്രസക്തവും പ്രയോജനരഹിതവുമായി തീരുമെന്ന സുപ്രീം കോടതി ബഞ്ചിന്റെ പ്രസ്താവം ഭാവിയില്‍ നീതിന്യായ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കുമെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍. ദശകങ്ങള്‍ പിന്നിട്ട കേസുകള്‍ കോടതികളുടെ മുമ്പില്‍ തീര്‍പ്പിനായി കാത്തിരിപ്പുണ്ട്. പ്രമാദമായ അഭയ കേസില്‍ മുപ്പത് വര്‍ഷത്തിനു ശേഷമാണ് കോടതി തീര്‍പ്പുണ്ടായത്. ഇത്തരം കേസുകള്‍ കാലപ്പഴക്കത്തില്‍ പ്രയോജനരഹിതമായെന്ന് കോടതികള്‍ പറയാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി? ദശകങ്ങള്‍ കടന്നു പോയെങ്കിലും രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക തലങ്ങള്‍ ഇപ്പോഴും അതീവ പ്രാധാന്യത്തോടെ കാണുന്ന സംഭവങ്ങളാണ് ബാബരി ധ്വംസനവും ഗുജറാത്ത് വംശഹത്യയും. വംശഹത്യാ കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ തന്നെ രണ്ട് തട്ടിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേസുകള്‍ പുനരന്വേഷണത്തിനു വിധേയമാക്കണമെന്ന ആവശ്യം ന്യായവും യുക്തവുമല്ലേ? ഭരണഘടനക്കും രാജ്യത്ത് നിലനില്‍ക്കുന്ന അടിസ്ഥാന നിയമതത്ത്വങ്ങള്‍ക്കും അതീതമായി കോടതി വിധികളെയും ഇടപെടലുകളെയും മറ്റു ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ടോ എന്ന സന്ദേഹം മുമ്പേ ഉയര്‍ന്നു വന്നിട്ടുണ്ട്. അതിനെ ബലപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ മേല്‍തീര്‍പ്പുകള്‍.

Latest