Connect with us

Articles

മതത്തെ നിഷേധിക്കുന്നുണ്ടോ ഇന്ത്യൻ ഭരണഘടന?

നിയമസഭാ സമ്മേളന കാലങ്ങളിൽ വെള്ളിയാഴ്ചകളിൽ ഉച്ചനേരത്ത് സഭ നിർത്തിവെക്കാറുണ്ട് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും. ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള അസമിലെ ബി ജെ പി സർക്കാർ കഴിഞ്ഞ ദിവസം ആ കീഴ്്വഴക്കം നിർത്തലാക്കി. ഒരു മതേതര രാജ്യത്ത് ഇത്തരത്തിലുള്ള പ്രത്യേക പരിഗണനകൾ ശരിയല്ലെന്നാണ്, അത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ നിലപാട്. യഥാർഥത്തിൽ നമ്മുടെ ഭരണഘടന അത്തരം പരിഗണനകൾ നിരാകരിക്കുന്നുണ്ടോ?

Published

|

Last Updated

രാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാർ, പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ തുടങ്ങി രാജ്യത്തെ ഓരോ പൗരനും ഭരണഘടനക്ക് വിധേയപ്പെടാൻ ബാധ്യതയുണ്ട്. ആരും ഭരണഘടനക്ക് മുകളിലല്ല. ഒരു ഭരണഘടനാ സ്ഥാപനത്തിനും അതിനു കഴിയില്ല. പാർലിമെന്റിനും സംസ്ഥാന നിയമസഭകൾക്കും ഭരണഘടനയോടാണ് ആത്യന്തികമായി കൂറുണ്ടാകേണ്ടത്. തിരഞ്ഞെടുത്തയച്ച ജനങ്ങൾ പോലും അതിനു താഴയേ വരൂ. എല്ലാ നിയമനിർമാണങ്ങളും ഭരണഘടനക്ക് വിധേയമായിരിക്കണം. രാജ്യത്തിന്റെ പ്രമാണം ഭരണഘടനയാണ് എന്ന് പറയുന്നത് അതിനാലാണ്. നമ്മുടെ രാജ്യത്തിന് പ്രത്യേക മതമില്ല. മതരാഷ്ട്രമല്ല നമ്മുടേത്. ഭരണഘടന അതിനു അനുവദിക്കുന്നില്ല. അതിനർഥം ഭരണഘടന മതത്തെ പാടേ അവഗണിക്കുന്നു എന്നല്ല. വിവിധ മതവിഭാഗങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാജ്യത്ത് മതത്തെ പരാമർശിക്കാതിരിക്കാനാകില്ല. രാജ്യത്തിന് മതമില്ലെങ്കിൽപ്പിന്നെ എന്തിനാണ് വിവിധ സമുദായങ്ങൾക്ക് വേണ്ടി വെവ്വേറെ സിവിൽ നിയമങ്ങൾ? എന്തിനാണ് പ്രത്യേക പരിഗണനകൾ? എന്തിനാണ് സവിശേഷമായ ആനുകൂല്യങ്ങൾ? നിയമസഭാ സമ്മേളന കാലങ്ങളിൽ വെള്ളിയാഴ്ചകളിൽ ഉച്ചനേരത്ത് സഭ നിർത്തിവെക്കാറുണ്ട് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും. ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള അസമിലെ ബി ജെ പി സർക്കാർ കഴിഞ്ഞ ദിവസം ആ കീഴ്്വഴക്കം നിർത്തലാക്കി. മറ്റുദിവസങ്ങളിലെ പോലെ വെള്ളിയാഴ്ചകളിൽ സഭ സമയമാറ്റമില്ലാതെ തുടരാൻ അസം സർക്കാർ തീരുമാനിച്ചു. ബ്രിട്ടീഷ് കാലം മുതൽ തുടർന്നുവരുന്ന സമയക്രമം മാറ്റിയതിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്, ഒരു മതേതര രാജ്യത്ത് ഇത്തരത്തിലുള്ള പ്രത്യേക പരിഗണനകൾ ശരിയല്ലെന്നാണ്, അത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ നിലപാട്. യഥാർഥത്തിൽ നമ്മുടെ ഭരണഘടന അത്തരം പരിഗണനകൾ നിരാകരിക്കുന്നുണ്ടോ? എങ്ങനെയാണ് ഭരണഘടന മതത്തെ കാണുന്നത്? മതസ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ്? ഇന്ത്യയെ ഒരു മതേതര രാജ്യമായി നിലനിർത്താൻ ഭരണഘടന വെച്ചിട്ടുള്ള പരിരക്ഷകൾ ശരിയായി മനസ്സിലാക്കി തന്നെയാണോ അസം സർക്കാർ തീരുമാനം കൈക്കൊണ്ടത്? പരിശോധിക്കാം.

മതത്തെ ഒരു ജൈവിക യാഥാർഥ്യമായി അംഗീകരിക്കുന്നുവെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത. പാശ്ചാത്യ മതേതര സങ്കൽപ്പങ്ങളെ പൂർണമായി നിരാകരിക്കുകയാണ് ഭരണഘടനാ ശിൽപ്പികൾ ചെയ്തത്. ഒരു വ്യക്തിയുടെ വിശ്വാസം അയാളുടെ സ്വകാര്യ അനുഷ്ഠാനം മാത്രമാണെന്നും പൊതുമണ്ഡലത്തിൽ അതിന് ഒരു ഇടവുമില്ലെന്നും വാദിക്കുന്ന പാശ്ചാത്യ മൂല്യബോധം മതനിരാസത്തിലാണ് ചെന്ന് തൊടുന്നത്. എന്നാൽ ഈ നില ഇന്ത്യയിൽ അസാധ്യവും അപ്രായോഗികവുമാണെന്ന് ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായവർക്കും ദേശീയ നേതാക്കൾക്കും ബോധ്യമുണ്ടായിരുന്നു. പാർലിമെന്റിൽ ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് നടന്ന വാദപ്രതിവാദത്തിൽ ഇടപെട്ടുകൊണ്ട് ഡോ. അംബേദ്കർ ഇന്ത്യൻ മതേതര സങ്കൽപ്പത്തെ ഇങ്ങനെ വിശദീകരിച്ചു: “ജനങ്ങളുടെ മതവികാരങ്ങൾ കണക്കിലെടുത്തുകൂടെന്ന് മതേതര രാഷ്ട്രത്തിന് അർഥമില്ല. ഏതെങ്കിലും പ്രത്യേക മതം മറ്റുള്ള ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പാർലിമെന്റിനർഹതയുണ്ടായിക്കൂടെന്ന് മാത്രമാണ് മതേതര രാഷ്ട്രമെന്നതിന് ആകെക്കൂടിയുള്ള അർഥം. ഭരണഘടന അംഗീകരിക്കുന്ന ഏക പരിമിതി അതാണ്’

ഡോ. എസ് രാധാകൃഷണൻ ഇന്ത്യൻ മതനിരപേക്ഷതയെ വിവരിക്കുന്നതിങ്ങനെ: “ഇന്ത്യ ഒരു മതേതര രാഷ്ട്രമെന്ന് പറയുമ്പോൾ അദൃശ്യമായ ഒരാത്മാവിന്റെ യാഥാർഥ്യത്തെയോ ജീവിതത്തിൽ മതത്തിന്റെ പ്രസക്തയിയെയോ നാം നിരാകരിക്കുകയോ മതരാഹിത്യത്തെ മാനിക്കുകയോ ചെയ്യുകയെന്ന് അർഥമില്ല. മതനിരപേക്ഷത തന്നെ വാസ്തവിക മതമായിത്തീരുന്നുവെന്നോ രാഷ്ട്രം ദിവ്യമായ പ്രത്യേകാധികാരങ്ങൾ ഏറ്റെടുക്കുന്നുവെന്നോ ഉള്ള അർഥവും അതിനില്ല. ഇന്ത്യൻ പാരമ്പര്യത്തിന്റ അടിസ്ഥാന തത്വം ഈശ്വര വിശ്വാസമാണെങ്കിലും ഇന്ത്യാ രാഷ്ട്രം ഏതെങ്കിലും മതവുമായി ഇണങ്ങിച്ചേരുകയോ അതിന്റെ നിയന്ത്രണത്തിന് വിധേയമാകുകയോ ചെയ്യില്ല. ഒരു മതത്തിനും മുൻഗണനാ പദവിയോ പ്രശസ്ത നിലയോ അനുവദിച്ചു കൂടാ’

ഇന്ത്യ മതേതര രാഷ്ട്രരമായിരിക്കുമെന്ന് നിശ്ചയിച്ച ശേഷം മതസ്വാതന്ത്ര്യം മൗലികാവകാശമായി അംഗീകരിക്കുന്നതിൽ വൈരുധ്യമുണ്ടെന്ന് ഭരണഘടനാ നിർമാണ സഭയിൽ ചിലർ വാദിച്ചിരുന്നു. ഈ വാദഗതികളെ പദാനുപദം ഇഴകീറി പരിശോധിച്ചാണ് ആർട്ടിക്കിൾ 25 അടക്കമുള്ള വകുപ്പുകൾ ഭരണഘടനയിൽ ചേർക്കപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ച് സഭയിൽ നടന്ന ചർച്ചകൾ ഈ രാജ്യം മതവിശ്വാസത്തെ എത്രമാത്രം അർഥവത്തായി കാണുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. കോൺസ്റ്റിറ്റുവന്റ് അസംബ്ലി അംഗമായിരുന്ന എച്ച് വി കമ്മത്ത് അന്ന് പറഞ്ഞു: രാഷ്ട്രം ഏതെങ്കിലുമൊരു മതവുമായി താദാത്മ്യം പ്രാപിച്ചു കൂടെന്ന് ഞാൻ പറയുമ്പോൾ രാഷ്ട്രം മതരഹിതമോ മതവിരുദ്ധമോ ആയിരിക്കണമെന്ന് അർഥമാക്കുന്നില്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണമെന്ന് നാം സുനിശ്ചിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഒരു മതേതര രാഷ്ട്രം നിരീശ്വരവാദപരമോ മതരഹിതമോ മതവിരുദ്ധമോ ആയ രാഷ്ട്രമല്ല’.

ആർട്ടിക്കിൾ 25
മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും ശക്തമായ പ്രഖ്യാപനം 25ാം അനുച്ഛേദം തന്നെയാണ്. അത് മതസ്വാതന്ത്ര്യത്തെ മൗലികാവകാശമായി അംഗീകരിച്ചിരിക്കുന്നു. ആ അവകാശം ലംഘിക്കപ്പെട്ടാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. 25ാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം: പൊതു ക്രമം, സദാചാര ബോധം, ആരോഗ്യം എന്നിവക്ക് വിധേയമായി മനസ്സാക്ഷി സ്വാതന്ത്ര്യത്തിന് എല്ലാ വ്യക്തികൾക്കും തുല്യമായ അർഹതയും സ്വേച്ഛാനുസാരം മതവലംബിക്കാനും അനുവർത്തിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടായിരിക്കും. ഈ വകുപ്പ് വ്യക്തമാക്കുന്ന മൂന്ന് കാര്യങ്ങൾ മറ്റ് രാജ്യങ്ങളിലെ ഭരണഘടനയിൽ നിന്നെല്ലാം വ്യക്തവും കൃത്യവുമാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായതിനാൽ മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ടോ എന്നത് കോൺസ്റ്റിന്റുവന്റ് അസംബ്ലിയിൽ വലിയ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. മിഷണറി പ്രവർത്തനത്തെ മുന്നിൽക്കണ്ട് ഇങ്ങനെയൊരു പരാമർശം ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നാണ് ചില അംഗങ്ങൾ സന്ദേഹമുന്നയിച്ചത്. എന്നാൽ അങ്ങനെ കാണേണ്ടതില്ലെന്നും മതപരിവർത്തന കോലാഹലങ്ങൾക്ക് വഴിവെക്കുമെന്ന മുൻധാരണയിൽ ഈ ആശയത്തെ വ്യാഖ്യാനിക്കരുതെന്നും ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. പ്രചരിപ്പിക്കുക എന്നാൽ അർഥം മതപരിവർത്തനമെന്ന് മാത്രമല്ലെന്നും വാദമുയർന്നു. ഒരാൾക്ക് വിശ്വസിക്കാനും ആചരിക്കാനും സ്വാതന്ത്ര്യമുള്ള ഒരു തത്വസംഹിത ശാന്തമായി പ്രചരിപ്പിക്കാനും അവകാശം നൽകുന്നതിൽ എന്താണ് തെറ്റ് എന്ന വാദമാണ് മുന്നിട്ടുനിന്നത്. പിന്നെയും നിലനിന്ന ആശങ്കകളെ ദൂരീകരിക്കാൻ തുടക്കത്തിൽ വെച്ച മൂന്ന് നിയന്ത്രണങ്ങൾ (പൊതുക്രമം, സദാചാര ബോധം, ആരോഗ്യം) പര്യാപ്തമാണെന്നും തീർപ്പിലെത്തുകയായിരുന്നു.
എന്നാൽ ന്യായാധിപൻമാർ ഭരണഘടനാ തത്വങ്ങളെ വ്യാഖ്യാനിക്കുമ്പോൾ അപരിഹാര്യമായ വ്യതിചലനങ്ങൾ നടത്തുന്നുവെന്നത് കാണാതിരുന്നു കൂടാ. ഏകസിവിൽ കോഡിന്റേയും ഗോവധ നിരോധനത്തിന്റെയും കാര്യത്തിൽ സംഭവിച്ചത് പോലെ, മൗലികാവകാശങ്ങൾ നിരാകരിക്കാൻ നിർദേശക തത്വങ്ങളെ ഉപയോഗിക്കുകയാണ് ചില ന്യായാധിപൻമാർ. ഷാബാനു ബീഗം കേസിലും സരള മുദ്ഗൽ കേസിലും ബിഹാറിലെ ഗോവധ നിരോധവുമായി ബന്ധപ്പെട്ട കേസിലും ഇതു നാം കണ്ടു. നിർദേശകതത്വങ്ങൾ നിർദേശം മാത്രമാണെങ്കിൽ മൗലികാവകാശങ്ങൾ കോടതികൾ വഴി സംരക്ഷിതമാണെന്നെങ്കിലും ബഹുമാന്യരായ ന്യായാധിപൻമാർ മനസ്സിലാക്കേണ്ടതാണ്. ഹിന്ദുത്വ എന്ന പ്രയോഗം ഈ ദേശത്തെ ജീവിത സംസ്‌കാരത്തെ സൂചിപ്പിക്കുന്നുവെന്ന് വിധിക്കുക വഴി കോടതി ഭൂരിപക്ഷ യുക്തിക്ക് കീഴ്‌പ്പെടുന്നതും കണ്ടു. ഇന്ത്യൻ ഭരണഘടന മതമൂല്യങ്ങൾക്ക് നൽകുന്ന സംരക്ഷണം എല്ലാ വ്യാഖ്യാനങ്ങൾക്കും മീതെ ഉരുക്കു കോട്ടയായി നിലകൊള്ളുന്നത് തന്നെയാണ്. മതനിരാസ യുക്തി പടർത്താൻ വിയർക്കുന്നവർ, മുഖ്യമന്ത്രിയായാലും സ്പീക്കറായാലും, ഭരണഘടന ഒന്ന് തൊട്ടുനോക്കുന്നത് നല്ലതാണ്.

Latest