Kerala
നായ കുറുകെ ചാടി; ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ഭാഗത്തു നിന്നെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു

അടൂര്‍ | നായ കുറുകെ ചാടിയതിനാല്‍ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് റിട്ട. ജീവനക്കാരന്‍ കടമ്പനാട് തുവയൂര്‍ തെക്ക് കന്നാട്ടു കുന്ന് രാധാലയത്തില്‍ എസ് ആര്‍ അജി(56) യാണ് മരിച്ചത്. കടമ്പനാട് കെ എസ് ഇ ബി ലൈന്‍മാന്‍ എല്‍ ബൈജുകുമാര്‍, വര്‍ക്കര്‍ ബി പ്രകാശ് എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു.
ഉച്ചക്ക് 12.45ന് കടമ്പനാട്- മണ്ണടി റോഡില്‍ വേമ്പനാട്ടയ്യത്ത് ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. കടമ്പനാട് ഭാഗത്ത് നിന്ന് മണ്ണടി ഭാഗത്തേക്ക് പോയ അജി ഒടിച്ച ബൈക്കിന് മുമ്പിലേക്ക് തെരുവുനായ ചാടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ഭാഗത്തു നിന്ന് കെ എസ് ഇ ബി ജീവനക്കാര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു. ഗുരുതര പരുക്കേറ്റ എസ് ആര്‍ അജിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: ബി രജനി (ഡി ഡി ഒ ഓഫീസ് തിരുവല്ല സീനിയര്‍ സൂപ്രണ്ട്). മകള്‍: അഡ്വ. കൃഷ്ണപ്രിയ (വഞ്ചിയൂര്‍ കോടതി).