National
ഫരീദാബാദില്‍ വീട്ടുടമസ്ഥര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി; ആഭരണങ്ങളും പണവുമായി കടന്ന് വീട്ടുജോലിക്കാരൻ
പ്രതിയെ പിടികൂടാൻ ക്രൈംബ്രാഞ്ച് ഉൾപ്പെടുന്ന മൂന്ന് ടീമുകൾ രൂപീകരിച്ചു.
ഫരീദാബാദ് | റിട്ടയേഡ് ജഡ്ജിക്കും ഭാര്യക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വീട്ടുജോലിക്കാരന്‍ ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞു.സെഷന്‍സ് ജഡ്ജിയായിരുന്ന വിരേന്ദ്ര പ്രസാദിന്റെ ഫരീദാബാദിലെ വീട്ടിലാണ് മോഷണം നടന്നത്.
നേപ്പാള്‍ സ്വദേശിയായ രാജു ഥാപ്പയാണ് മോഷ്ടാവ്.ദമ്പതികളുടെ ഉച്ചഭക്ഷണത്തിലാണ് രാജു വിഷം കലര്‍ത്തി നല്‍കിയത്.ഇരുവരും അബോധാവസ്ഥയിലായതോടെ ആഭരണങ്ങളും പണവും സിസിടിവി റെക്കോര്‍ഡറുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു.
മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടാതായതോടെ മകന്‍ അയല്‍വാസിയായ ഡോക്ടറോട് വീട്ടില്‍ പോയി നോക്കാന്‍ ആവശ്യപ്പെട്ടു. അബോധാവസ്ഥയിലായിരുന്ന ദമ്പതികളെ അയല്‍വാസിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും അപകടനില തരണം ചെയ്‌തെന്നാണ് പോലീസ് അറിയിക്കുന്നത്.
പ്രതിയെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് ഉള്‍പ്പെടുന്ന മൂന്ന് ടീമുകള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.നേപ്പാള്‍ സ്വദേശിയായ രാജു ഥാപ്പ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീട്ടില്‍ ജോലിക്കെത്തിയത്.