Connect with us

kerala education

സ്വവർഗ ബന്ധങ്ങൾക്ക് സാമൂഹിക മാന്യത നൽകാൻ പൊതുവിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യരുത്

പണ്ഡിത നേതൃത്വവുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന എല്ലാ പരിഷ്‌കരണങ്ങളും സാമൂഹിക സുരക്ഷ കൂടി പരിഗണിച്ചു കൊണ്ടാവണമെന്നും അരാജകത്വത്തിന് വഴിയൊരുക്കുന്ന ഏതൊരു നീക്കവും സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും കേരള മുസ്‌ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ, സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷൻ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നേതൃസംഗമം (സെൻട്രൽ ക്യാബിനറ്റ് ) അഭിപ്രായപ്പെട്ടു. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളോടുള്ള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പ്രതിബദ്ധത യോഗം സ്വാഗതം ചെയ്തു.

ഇക്കാര്യത്തിൽ ഇന്ത്യക്ക് ആകെയും മാതൃകയാവാൻ കേരളത്തിന് കഴിയുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന ഒരു നീക്കവും സർക്കാറിൽ നിന്നുണ്ടാവരുതെന്ന് യോഗം ഓർമ്മപ്പെടുത്തി. ലിംഗ സമത്വം പോലെ അപ്രായോഗിക നിർദേശങ്ങൾ വിദ്യാർഥികളിലേക്ക് പകരുന്നത് ആശാസ്യമല്ല. സ്വവർഗ ബന്ധങ്ങൾക്ക് സാമൂഹിക മാന്യത നൽകാൻ പൊതുവിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യരുത്. പുരുഷന് പുരുഷനായും സ്ത്രീക്ക് സ്ത്രീയായും ഭയങ്ങളില്ലാതെ ജീവിക്കാൻ സാഹചര്യമൊരുക്കുകയാണ് വേണ്ടത്. പരസ്പരം മാനിക്കാനും അംഗീകരിക്കാനും വിദ്യാർഥി മനസ്സുകളെ പാകപ്പെത്തുന്നതിന് പകരം ഏത് തരം ബന്ധവും അനുവദനീയമാണ് എന്ന തെറ്റായ സന്ദേശം നൽകുന്ന തരത്തിലുള്ള ചട്ടക്കൂടിലെ പരാമർശങ്ങളും അനുബന്ധ ചർച്ചകളും സമൂഹത്തെ തെറ്റായ വഴിയിൽ സഞ്ചരിക്കാൻ ഇടവരുത്തുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

മൂല്യങ്ങൾ നശിച്ച ഒരു തലമുറയെയാണ് മുതലാളിത്ത ശക്തികൾ കാംക്ഷിക്കുന്നത്. അതിന് തടയിടുന്നതാവണം വിദ്യാഭ്യാസം. കുട്ടികളുടെ മനസ്സിൽ മൂല്യവിചാരം ഉണർത്തുന്നതിന് പകരം, അവരെ അനിയന്ത്രിതമായ അനാവശ്യ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് പ്രചോദിപ്പിക്കുന്നത് കുടുംബ ഭദ്രതയെപ്പോലും ബാധിക്കും. വ്യക്തികളും സമൂഹങ്ങളും തമ്മിൽ ഉണ്ടാകേണ്ട പാരസ്പര്യം ഇല്ലാതാക്കുന്ന അമിത വ്യക്തി സ്വാതന്ത്ര്യവാദം അപകടകരമാണ്. യുക്തി ചിന്തയുടെ പേരിൽ ലിബറൽ ചിന്തകൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള അജൻഡ, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആലോചനാ കുറിപ്പുകളിൽ പതിയിരിക്കുന്നുണ്ട് എന്ന ആശങ്ക വ്യാപകമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായുള്ള ആലോചനയാണ് അവതരിപ്പിക്കുന്നതെങ്കിലും ബാഹ്യതാത്പര്യങ്ങൾ ചട്ടക്കൂടിൽ കടന്നുവന്നിട്ടുണ്ട്. ആശങ്കകൾ അകറ്റാൻ പണ്ഡിത നേതൃത്വവുമായി ചർച്ച ചെയ്യാൻ അടിയന്തരമായി സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമസ്ത സെന്ററിൽ ചേർന്ന യോഗത്തിൽ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബൂ ഹനീഫൽ ഫൈസി തെന്നല, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, എ സൈഫുദ്ദീൻ ഹാജി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, എ പി അബ്ദുൽ ഹകീം അസ്ഹരി, സി പി സൈതലവി, സ്വാദിഖ് വെളിമുക്ക്, സി എൻ ജഅ്ഫർ സംബന്ധിച്ചു.