Connect with us

Editorial

സ്ത്രീപക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്

സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതു പോലെ സ്ത്രീപക്ഷ നിയമങ്ങള്‍, ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടുമുള്ള വൈരാഗ്യം തീര്‍ക്കാനായി ദുരുപയോഗപ്പെടുത്തുന്ന പ്രവണത അനുവദിച്ചു കൂടാ. സ്ത്രീപക്ഷ നിയമങ്ങളിലെ ഏകപക്ഷീയമായ വ്യവസ്ഥകള്‍ എടുത്തുകളയണം.

Published

|

Last Updated

സ്ത്രീസംരക്ഷണ നിയമങ്ങളുടെ ദുരുപയോഗത്തില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു സുപ്രീം കോടതി. തമിഴ്നാട് ജോളാര്‍പേട്ടയിലെ റെയില്‍വേ ഉദ്യോഗസ്ഥനായ യുവാവിനും കുടുംബത്തിനുമെതിരെ ഭാര്യ നല്‍കിയ പീഡന പരാതിയുടെ പരിഗണനാ വേളയില്‍, ഭാര്യയുടെയും കുടുംബത്തിന്റെയും നിരന്തര പീഡനവും ദ്രോ ഹവും കാരണം ബെംഗളൂരുവില്‍ ഐ ടി ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലേക്ക് വിരല്‍ ചൂണ്ടിയാണ് കോടതിയുടെ വിമര്‍ശം. തന്റെ മരണത്തിനു കാരണം ഭാര്യയും ഭാര്യാവീട്ടുകാരും കുടുംബ കോടതി ജഡ്ജിയുമാണെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതി വെച്ചാണ് അയാള്‍ ആത്മഹത്യ ചെയ്തത്.

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനാണ് രാജ്യത്ത് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുന്നത്. ഇത് മറ്റുള്ളവര്‍ക്ക് അനീതിയായി മാറരുത്. കേവല ആരോപണങ്ങളുടെ പേരില്‍ മാത്രം സ്ത്രീപീഡന പരാതികളില്‍ കേസെടുക്കരുതെന്നും നിരപരാധികളായ കുടുംബാംഗങ്ങളെ ഉപദ്രവിക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കീഴ്ക്കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍ കോടീശ്വര്‍സിംഗ് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് മുന്നറിയിപ്പ് നല്‍കി. ഇത്തരം കേസുകള്‍ വന്നാല്‍ തള്ളിക്കളയണമെന്നും സുപ്രീം കോടതി ബഞ്ച് കീഴ്ക്കോടതികളോട് നിര്‍ദേശിച്ചു.

സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും വനിതാ കമ്മീഷനുകളില്‍ നിന്നും സ്ത്രീപക്ഷ നിയമങ്ങളുടെ ദുരുപയോഗത്തിനെതിരെ മുമ്പും രൂക്ഷ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനങ്ങളെ പ്രതിരോധിക്കാനുള്ള ‘പരിച’യായി ഉപയോഗിക്കേണ്ട സ്ത്രീസംരക്ഷണ നിയമങ്ങളെ പല സ്ത്രീകളും ഭര്‍ത്താവിനെതിരെ ആയുധമായി ദുരുപയോഗപ്പെടുത്തുന്നതായി 2024 സെപ്തംബര്‍ 12നും 2014 ഡിസംബര്‍ മൂന്നിനും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങള്‍ക്കെതിരായ നിയമങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നാണ് ജീവനാംശവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെ ഇക്കഴിഞ്ഞ സെപ്തംബറില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പ്രശാന്ത്കുമാര്‍ മിശ്ര, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചത്. 2023 ആഗസ്റ്റ് ഒമ്പതിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബഞ്ചും സ്ത്രീസംരക്ഷണ നിയമത്തിന്റെ ദുരുപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗാര്‍ഹിക പീഡന നിയമം വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നതായി സര്‍ക്കാറിന് വിവരം ലഭിച്ചതായി 2016 മെയില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ പ്രസ്താവിക്കുകയുമുണ്ടായി.

സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍തൃഗൃഹത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദനത്തിനിരയാക്കപ്പെടുകയും ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ്, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമം 2005ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. ഈ നിയമത്തിലെ വ്യവസ്ഥകള്‍ പലതും കര്‍ക്കശമാണ്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഒരു സ്ത്രീ പോലീസ് ഉദ്യോഗസ്ഥന് മുമ്പാകെയോ മജിസ്ട്രേറ്റിന് മുമ്പാകെയോ പരാതിപ്പെട്ടാല്‍, തെളിവ് അന്വേഷിക്കാതെയും പരാതിയുടെ സത്യാവസ്ഥ ഉറപ്പ് വരുത്താതെയും കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാമെന്നാണ് ചട്ടം. സാധാരണ ഒരു കുറ്റകൃത്യം സംബന്ധിച്ച പരാതിയില്‍ അത് തെളിയിക്കേണ്ടത് പരാതി നല്‍കിയ വ്യക്തിയാണെങ്കില്‍ ഗാര്‍ഹിക പീഡന വിരുദ്ധ നിയമത്തില്‍, താന്‍ നിരപരാധിയാണെന്നു തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനാണ്. ഏകപക്ഷീയമായ ഈ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അന്നു തന്നെ നിയമജ്ഞരും സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ പോലുള്ള പുരുഷ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചതാണ്. അതാണ് പിന്നീട് സംഭവിച്ചതും.

വിവാഹ ബന്ധത്തില്‍ ഭിന്നതയും തര്‍ക്കങ്ങളും സാധാരണമാണ്. സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ മാത്രമല്ല, ഭാര്യയുടെ അനുസരണക്കേട്, വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ ചൊല്ലിയും ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഭിന്നതയിലാകുകയും അകലുകയും ചെയ്യാറുണ്ട്. ഭാര്യയുടെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഉയരുന്ന ഇത്തരം പിണക്കങ്ങളിലും തര്‍ക്കങ്ങളിലും സ്ത്രീ പലപ്പോഴും കോടതിയിലെത്തുന്നത് സ്ത്രീപീഡന നിയമത്തിന്റെ മറവിലാണ്. ഇത്തരം പരാതികളുടെ പൊള്ളത്തരം പലപ്പോഴും വിചാരണക്കിടെ വെളിപ്പെട്ടിട്ടുമുണ്ട്. ഭര്‍ത്താവിന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് തന്റെ ഗര്‍ഭം അലസിയെന്ന് പരാതിപ്പെട്ട് 2014ല്‍ ദക്ഷിണ ഡല്‍ഹിയില്‍ ഒരു സ്ത്രീ കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലില്‍ പരാതി വ്യാജമാണെന്നും ഗര്‍ഭം അലസിപ്പിച്ചത് സ്വമേധയാ ആണ്, ഭര്‍ത്താവിന് അതിലൊരു പങ്കുമില്ലെന്നും പരാതിക്കാരി സമ്മതിച്ചു. അതോടെ വാദി പ്രതിയായി മാറി. സ്ത്രീക്കെതിരെ കേസ് ഫയല്‍ ചെയ്ത് അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് 2017 സെപ്തംബറില്‍ കൊച്ചി വൈറ്റില ജംഗ്ഷനില്‍, സിനിമ-സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ത്രീകള്‍ ടാക്സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവം. പട്ടാപ്പകല്‍ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം. സംഭവം വിവാദമായതോടെ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനായി സ്ത്രീകള്‍ നിരപരാധിയായ ഡ്രൈവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഡ്രൈവര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതിയില്‍ സ്ത്രീകള്‍ ആരോപിച്ചത്. ഇതാണ് പല സ്ത്രീപീഡന, മര്‍ദന പരാതികളുടെയും അവസ്ഥ.

പുരുഷന്മാരേക്കാള്‍ ദുര്‍ബലരും കായികശക്തി കുറഞ്ഞവരുമെന്ന നിലയിലാണ് സ്ത്രീസംരക്ഷണ നിയമങ്ങള്‍ നടപ്പാക്കിയത്. കഴിഞ്ഞ ദിവസം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതു പോലെ സ്ത്രീപക്ഷ നിയമങ്ങള്‍, ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടുമുള്ള വൈരാഗ്യം തീര്‍ക്കാനായി ദുരുപയോഗപ്പെടുത്തുന്ന പ്രവണത അനുവദിച്ചു കൂടാ. സ്ത്രീപക്ഷ നിയമങ്ങളിലെ ഏകപക്ഷീയമായ വ്യവസ്ഥകള്‍ എടുത്തുകളയണം. നിരപരാധികളെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണതക്ക് അറുതി വരുത്തണം. നിയമ രംഗത്ത് തുല്യത ഉറപ്പ് വരുത്തുകയും ചെയ്യണം.

 

---- facebook comment plugin here -----

Latest