Connect with us

Kerala

വിരല്‍ മുറിഞ്ഞതിനെപ്പറ്റി തിരക്കിയില്ല; അമ്മയെയും അനുജത്തിയെയും ക്രൂരമായി മര്‍ദിച്ച യുവാവ് റിമാന്‍ഡില്‍

കാതിലൂടെ രക്തം വാര്‍ന്നും ശ്വാസം കിട്ടാതെയും മരണവെപ്രാളത്തോടെ കുതറിയ റോസമ്മയെ,  അനുജത്തിയും വല്യമ്മയും ചേര്‍ന്ന് മകന്റെ മര്‍ദനത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന യുവാവ് അറസ്റ്റില്‍. വടശ്ശേരിക്കര  പേഴുംപാറ വാഴപ്പിള്ളേത്ത് വീട്ടില്‍ ബിബിന്‍ തോമസ് (38) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളി വൈകിട്ട് 7.30ന് വീട്ടിലാണ് സംഭവം. എന്നും മദ്യപിച്ചെത്തുന്ന മകനെ അമ്മ റോസമ്മ തോമസ് വഴക്കുപറയാറുണ്ട്. പ്രകോപിതനാവുന്ന യുവാവ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുക പതിവാണ്. സംഭവദിവസം ഇയാള്‍ വിരല്‍ മുറിഞ്ഞു ചോരയൊലിപ്പിച്ചാണ് വീട്ടിലെത്തിയത്. മാതാവ് ഇതിനെപ്പറ്റി തിരക്കിയില്ല എന്ന വിരോധത്താല്‍ ചീത്തവിളിച്ചുകൊണ്ട് കഴുത്തിനു കുത്തിപ്പിടിക്കുകയും ചെവിചേര്‍ത്ത് മുഖത്ത് അടിക്കുകയും ചെയ്തു.

കാതിലൂടെ രക്തം വാര്‍ന്നും ശ്വാസം കിട്ടാതെയും മരണവെപ്രാളത്തോടെ കുതറിയ റോസമ്മയെ,  അനുജത്തിയും വല്യമ്മയും ചേര്‍ന്ന് മകന്റെ മര്‍ദനത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഇതില്‍ കുപിതനായ യുവാവ്, അനുജത്തിയുടെ മുഖത്തും തോളിലും അടിച്ചു. അടിവയറ്റില്‍ തൊഴിക്കുകയും ചെയ്തു. വല്യമ്മയെ തള്ളി താഴെയിടുകയും കൈമുട്ടുകൊണ്ട് റോസമ്മയുടെ നെഞ്ചില്‍ ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് സിറ്റൗട്ടിന്റെ ഗേറ്റ് ഇളക്കി എടുത്തുകൊണ്ടുപോകുകയും ചെയ്തു എന്നാണ് കേസ്.

അടുത്ത ദിവസം പെരുനാട് പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞ റോസമ്മയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. തുടര്‍ന്ന്  നടന്ന അന്വേഷണത്തില്‍ ബുധനാഴ്ച ഇയാളെ പേഴുംപാറയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചക്ക് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ രാജിവ്, എസ് ഐ രവീന്ദ്രന്‍ നായര്‍, എ എസ് ഐ റെജി തോമസ്,, എസ് സി പി ഓ ജിജു ജോണ്‍, സി പി ഓ ജോമോന്‍, പ്രജിത് എന്നിവരുടെ സംഘമാണ് നടപടികള്‍ കൈക്കൊണ്ടത്.

Latest