Kerala
വികല ചിന്താഗതികളുമായി ഇടപഴകരുത്: ഇ സുലൈമാൻ മുസ്‌ലിയാർ
പ്രവാചകർ കാണിച്ചു തന്ന പാരമ്പര്യ ഇസ്‌ലാമിനെ മുറുകെപിടിക്കണമെന്നും അദ്ദേഹം
ബുഖാരി കാമ്പസിൽ നടന്ന ഖത്‌മുൽ ബുഖാരി സംഗമത്തിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകുന്നു. ബഗ്‌ദാദ് ഇമാം അബൂഹനീഫ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. സയ്യിദ് മിസ്അബ് സൽമാൻ സാമുറായി സമീപം.
കൊണ്ടോട്ടി | വികല ചിന്താഗതികളുമായി പണ്ഡിതരും പൊതുസമൂഹവും ഇടപഴകരുതെന്ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ. കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജ് ഖത്‌മുൽ ബുഖാരി സംഗമത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വികല ആശയങ്ങളോട് കൃത്യമായ വിയോജിപ്പ് പുലർത്തിയവരാണ് ഇമാം ബുഖാരി. പ്രവാചകർ കാണിച്ചു തന്ന പാരമ്പര്യ ഇസ്‌ലാമിനെ മുറുകെപിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തു വർഷത്തെ കോഴ്സ് പൂർത്തിയാക്കി പ്രബോധന വഴിയിലേക്ക് ഇറങ്ങുന്ന യുവ പണ്ഡിതന്മാരുടെ സ്വഹീഹുൽ ബുഖാരി ദർസിന്റെ സമാപനമാണ് ഖത്‌മുൽ ബുഖാരി. വിപുലമായ ഒരുക്കങ്ങളാണ് ഓരോ വർഷവും ഖത്‌മുൽ ബുഖാരിയോടനുബന്ധിച്ച് ബുഖാരി കാമ്പസിൽ നടക്കുന്നത്.
സംഗമം അബൂഹനീഫൽ ഫൈസി തെന്നലയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ബഗ്‌ദാദ് ഇമാം അബൂഹനീഫ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. സയ്യിദ് മിസ്അബ് സൽമാൻ സാമുറായി വിശിഷ്ടാഥിതിയായി.
അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, സയ്യിദ് ശിഹാബുദ്ദീൻ ഹൈദറൂസി ചിറയിൽ, മിഖ്ദാദ് ബാഖവി ചുങ്കത്തറ, സി. കെ. യു മൗലവി മോങ്ങം, ഹംസ അഹ്‌സനി തെന്നല, ഖാലിദ് അഹ്സനി ഫറോക്ക്, ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി, ഹസൻ സഖാഫി തറയിട്ടാൽ, അബ്ദുൽ മലിക് അഹ്‌സനി, അബ്ദുൽ അസീസ് സഖാഫി മൂത്തേടം, ഉസ്മാൻ ബാഖവി, ശംസുദ്ദീൻ ഹാജി, അബ്ദുൽ ഹകീം ഹാജി, ഹസൻകുട്ടി മുസ്‌ലിയാർ, തൗഫീഖ് ബാവ ഹാജി സംബന്ധിച്ചു.