Connect with us

Articles

"അമ്മ' അമ്മായിയമ്മ ആകരുതല്ലോ

ഇപ്പോള്‍ പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണ്. റിപോര്‍ട്ടില്‍ പറയുന്ന കുറ്റവാളികളെ ചോദ്യം ചെയ്യാനെങ്കിലും പോലീസ് തയ്യാറാകുമോ? ഇല്ലായെങ്കില്‍ ഇത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാകും. അമ്മ എന്ന സംഘടനയുടെ നേതൃത്വം മാറിയത് കൊണ്ട് കാര്യമില്ല. അമ്മയുടെ നിലപാടുകളില്‍ എന്തെങ്കിലും ഗുണപരമായ വ്യത്യാസം ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം.

Published

|

Last Updated

ഹേമ കമ്മിറ്റി റിപോര്‍ട്ട് അവസാനം പുറത്തു വന്നിരിക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള പോരാട്ടത്തില്‍ സംസ്ഥാന കമ്മീഷന്‍ എടുത്ത ധീരമായ നിലപാടും കോടതി ഈ വിഷയത്തില്‍ എടുത്ത മനുഷ്യാവകാശപരമായ തീരുമാനവും ലോകത്തിനു മുന്നില്‍ ആ റിപോര്‍ട്ട് കൊണ്ടുവരാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. എന്നാല്‍ അതിലെ എല്ലാ വ്യക്തിപരമായ പരാമര്‍ശങ്ങളും ഒഴിവാക്കിക്കൊണ്ടാണ്, നിരവധി പേജുകള്‍ ഇല്ലാതെയാണ് നമുക്കത് ലഭിച്ചിരിക്കുന്നത്. എങ്കിലും അതില്‍ ഇല്ലാത്ത പേജുകളില്‍ എന്താണുള്ളതെന്ന് ഒരുവിധം നമുക്ക് ഊഹിക്കാന്‍ കഴിയും. പേരുകള്‍ പറയുന്നില്ലെങ്കിലും മലയാള സിനിമാ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരമായ സ്ത്രീപീഡനങ്ങളുടെ കഥകളാണ് നമ്മുടെ മുന്നില്‍ ഉള്ളത്. സിനിമയില്‍ ചാന്‍സ് കിട്ടണമെങ്കില്‍ അതിലെ നടന്മാര്‍ക്കും സംവിധായകര്‍ക്കും മറ്റു പലര്‍ക്കും മുന്നില്‍ അഡ്ജസ്റ്റ്മെന്റ് അല്ലെങ്കില്‍ കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്ന വിവരം അത്ര പുതിയതല്ല.

സിനിമ സമ്പത്തിന്റെയും പ്രശസ്തിയുടെയും അധികാര കേന്ദ്രമാണ്. അവര്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ, ഭരണ പിന്തുണകളാണ് ഇത്രയും കാലം അവരെ രക്ഷിച്ചു നിര്‍ത്തിയത്. ഒരു പ്രമുഖ സിനിമാ നടി അതിക്രൂരമായി ക്വട്ടേഷന്‍ പീഡനങ്ങള്‍ക്ക് വിധേയമായതാണല്ലോ ഇതിനെല്ലാം തുടക്കം. അതിലെ വില്ലന്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സിനിമാ മാഫിയയുടെ തലവനും ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഉന്നത പിടിപാടുള്ളവനും സര്‍വോപരി അതി സമ്പന്നനുമാണെന്ന വസ്തുത നന്നായി അറിഞ്ഞിട്ടും ആ നടി ധൈര്യത്തോടെ പോരാട്ടത്തിനിറങ്ങാന്‍ തയ്യാറായി. അവര്‍ക്ക് രാഷ്ട്രീയ നേതാക്കളില്‍ അത്യപൂര്‍വ ജനുസ്സില്‍ പെടുന്ന പി ടി തോമസിന്റെയും പൊതുസമൂഹത്തിലെ കുറെ പേരുടെയും പിന്തുണ ലഭിച്ചപ്പോള്‍ സര്‍ക്കാറിന് ഒരു വിധ ഒഴിവുകഴിവുകളും പറയാന്‍ കഴിയാതെ വന്നു. അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുത്തു. കുറെ നാള്‍ അയാള്‍ക്ക് റിമാന്‍ഡ് തടവുകാരനായെങ്കിലും കഴിയേണ്ടി വന്നു. ഇതിനെ തുടര്‍ന്നാണ് പല സ്ത്രീ സിനിമാ താരങ്ങളും ഇത് പോലുള്ള പീഡാനുഭവങ്ങള്‍ പുറത്തു പറയാന്‍ തയ്യാറായി മുന്നോട്ടു വന്നത്. അതിന്റെ തുടര്‍ച്ചയായാണ് സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു സി സി ഉണ്ടായത്. അവര്‍ പോരാട്ടത്തിന് ഇറങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന തോന്നല്‍ ഭരണ നേതൃത്വങ്ങള്‍ക്കും ഉണ്ടായി.

തത്കാലം അതൊന്ന് ശമിപ്പിക്കാനാണ് മറ്റു പല വിഷയങ്ങളിലും എന്ന പോലെ ഇവിടെയും ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. അതും കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് നിയമമൊന്നും അനുസരിച്ചല്ല എന്നതും ശ്രദ്ധേയമാണ്. ഇതിപ്പോള്‍ വെറും ഒരു കമ്മിറ്റി മാത്രം. സര്‍ക്കാറിന് അവരുടെ റിപോര്‍ട്ട് പൂര്‍ണമായും അവഗണിക്കാം, നിയമസഭയുടെ മുന്നില്‍ ഇത് വരില്ല എന്നൊക്കെയായിരുന്നു ആശ്വാസം. അതായത് ഈ വിഷയത്തില്‍ കാര്യമായി ഇടപെടാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം വ്യക്തം. ഇതില്‍ പ്രതികളാകാന്‍ സാധ്യതയുള്ളവരെല്ലാം അത്യുന്നതരാണ്. മാത്രവുമല്ല റിപോര്‍ട്ട് കൈയില്‍ കിട്ടി നാലര വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും അത് പുറത്തുവിടാനോ ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ തയ്യാറായതുമില്ല. പക്ഷേ, ഇത്ര കൊടിയ കുറ്റങ്ങള്‍ ചെയ്തവരെ വെറുതെ വിടുക എളുപ്പമല്ലെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ കാണിക്കുന്നത്. എത്രമാത്രം സമ്പത്തും സ്ഥാനങ്ങളും പ്രശസ്തിയും അധികാര കേന്ദ്രങ്ങളിലെ പിടിപാടും ഉണ്ടെങ്കിലും എപ്പോഴെങ്കിലും പിടിക്കപ്പെടും എന്ന കാവ്യനീതിയാണിവിടെ കണ്ടത്.
ഈ റിപോര്‍ട്ടില്‍ ഒരു നടപടിയും സാധ്യമല്ലെന്നായിരുന്നു സര്‍ക്കാറിന്റെ ആദ്യനിലപാട്. ആരെങ്കിലും പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ അപ്പോള്‍ നോക്കാം എന്നാണ് മന്ത്രിയും മുന്‍ മന്ത്രിയും പറഞ്ഞത്. ഇവിടെ നിയമപരവും ധാര്‍മികവുമായ പ്രശ്‌നങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഒരു സമിതിക്കു മുന്നില്‍ അതും ഒരു ജഡ്ജിയുടെ മുന്നില്‍, കൃത്യമായി നല്‍കിയ മൊഴികളാണ് സര്‍ക്കാറിന്റെ മുന്നില്‍ ഉള്ളത്.സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത് സര്‍ക്കാറിന്റെ കൈവശം ഈ വിവരങ്ങള്‍ ഒന്നും ഇല്ലെന്നാണ് എന്ന് കൂടി കാണുമ്പോള്‍ നാലര വര്‍ഷം എന്തുകൊണ്ട് വൈകിച്ചു എന്നതിനുള്ള ഉത്തരമായി). ധാര്‍മികമായി ഇതിലൊന്നും ചെയ്യാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നര്‍ഥം. ഇനി നിയമവശം നോക്കാം.

ഏറെ പ്രസിദ്ധമായ വിജയകുമാരി കേസിലെ സുപ്രീം കോടതി വിധി ഇവിടെ പ്രസക്തമാണ്. ഒരു കോഗ്നയബ്ള്‍ (വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്ത് എഫ് ഐ ആര്‍ ഇടാവുന്ന) കുറ്റം ചെയ്തിട്ടുണ്ടെന്നു വന്നാല്‍ പോലീസിന് ഉടനെ തന്നെ കേസ് എടുക്കാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്നതാണ് ആ വിധി. സ്ത്രീപീഡന നിയമം അനുസരിച്ച് ഈ കുറ്റങ്ങളെല്ലാം അത്തരത്തിലുള്ളവയാണ് എന്ന് കാണാം. ഹേമ കമ്മിറ്റി റിപോര്‍ട്ട് സര്‍ക്കാറിന് കിട്ടിയപ്പോള്‍ ആദ്യം ചെയ്തത് അത് സംസ്ഥാനത്തെ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. അന്ന് തന്നെ ഇതിലെ കുറ്റാരോപിതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നത് ഡി ജി പിക്ക് നിയമം അറിയാത്തതുകൊണ്ടാകാന്‍ സാധ്യതയില്ല. മറിച്ച് അങ്ങനെ ചെയ്യേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പും സര്‍ക്കാറും തീരുമാനിച്ചത് കൊണ്ടാണ് എന്ന് വ്യക്തം. നേരത്തേ സൂചിപ്പിച്ച സര്‍ക്കാര്‍ നിലപാടുകളെല്ലാം ഇതിനു കാരണമായി.
എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറിന് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ഹൈക്കോടതി തന്നെ റിപോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. അത് കണ്ടാല്‍ പിന്നെ ഇതിലെ കുറ്റാരോപിതര്‍ക്കെതിരെ കേസെടുക്കാന്‍ കോടതിക്ക് സര്‍ക്കാറിനോട് ആവശ്യപ്പെടേണ്ടി വരുമെന്ന് തീര്‍ച്ച. എന്നാല്‍ അതിനുമപ്പുറം ചില ശക്തമായ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടായി. താരങ്ങളുടെ സംഘടനയായ അമ്മ (ആ പേര് തന്നെ ഇപ്പോള്‍ പരിഹാസ്യമായിരിക്കുന്നു.) പതിവ് പോലെ പൊട്ടന്‍ കളിക്കുകയായിരുന്നു. വായിച്ചില്ല, പഠിച്ചില്ല, ചര്‍ച്ച ചെയ്യാം എന്നൊക്കെ ആയിരുന്നു ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദീഖിന്റെ മറുപടി. അമ്മയുടെ നേതൃനിരയില്‍ ഉള്ളവരില്‍ സര്‍ക്കാറിലെ ഒരു മന്ത്രിയും ഇടതുപക്ഷത്തെ ഒരു എം എല്‍ എയും ഉണ്ടെന്നതും ഇവര്‍ക്ക് ധൈര്യം നല്‍കിയിരിക്കണം.
പക്ഷേ, കേരളീയ സമൂഹത്തില്‍ ഇതുണ്ടാക്കിയ ചലനങ്ങള്‍ (പ്രത്യേകിച്ചും മാധ്യമ ഇടപെടലുകള്‍) ആ മറുപടി സമൂഹത്തിന് ഒട്ടും തന്നെ സ്വീകാര്യമല്ലാതാക്കി. സിനിമയിലെ വനിതാ സംഘടനയുടെ ഇടപെടല്‍, പ്രത്യേകിച്ച് നടി പാര്‍വതി തിരുവോത്തിന്റെ തുറന്നു പറച്ചില്‍, വലിയ മാറ്റം ഉണ്ടാക്കി. അമ്മ സംഘടനയിലെ തന്നെ മറ്റു ചില നേതാക്കള്‍ ഈ നിലപാടിനെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുവന്നു. ആദ്യം വന്നത് നടന്‍ ജഗദീഷാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം എന്നുള്ള തന്റെ നിലപാട് തുറന്നു പറഞ്ഞു. പിന്നാലെ നടി ഉര്‍വശിയും രംഗത്തുവന്നു. പഴയ കാലത്ത് തന്നെ പല നടികളും ഉന്നയിച്ച ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയായി.
ഏറ്റവുമധികം വിമര്‍ശന വിധേയനായത് സംവിധായകന്‍ രഞ്ജിത്ത് ആയിരുന്നു. അദ്ദേഹത്തിന് ഇതൊരു പുതിയ കാര്യമല്ല. ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ എന്ന നിലയില്‍ രഞ്ജിത്ത് നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു. കെ ആര്‍ നാരായണന്‍ ചലച്ചിത്ര പഠന സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയും ചലച്ചിത്ര മേളക്ക് വന്ന പ്രതിനിധികളെയും മോശമായ ഭാഷയില്‍ ആക്ഷേപിച്ചിരുന്നു ഇദ്ദേഹം. പക്ഷേ ഭരണ കേന്ദ്രങ്ങളിലെ സ്വാധീനം മൂലം അതിലൊന്നും ഒരു നടപടിയും ഉണ്ടായില്ല. ഇയാള്‍ മഹാനായ സിനിമാക്കാരനാണെന്നായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ ന്യായീകരണം. ഇദ്ദേഹത്തിന്റെ സിനിമകള്‍ മിക്കവയും സവര്‍ണ പുരുഷാധിപത്യത്തിന്റെ മാടമ്പി സ്വഭാവമുള്ളവ ആയിരുന്നു. പുരോഗമന കേരളമെന്നൊക്കെ അവകാശപ്പെടുന്ന നമ്മള്‍ക്ക് ഒരിക്കലും സ്വീകാര്യമാകാത്ത സ്ത്രീവിരുദ്ധ നിലപാടുകള്‍. അയാള്‍ സ്വയം ന്യായീകരിക്കാന്‍ വേണ്ടി 1976 കാലം മുതല്‍ താന്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു എന്ന് വരെ പറഞ്ഞു.

ഇദ്ദേഹത്തിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിച്ചത് ഒരു ബംഗാളി നടിയാണ്. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വന്നപ്പോള്‍ മോശമായ രീതിയില്‍ പെരുമാറി എന്നവര്‍ പറഞ്ഞു. അന്ന് അവരെ തിരിച്ചയക്കാന്‍ സഹായിച്ച ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി രംഗത്തുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതായി. അവരുടെ മൊഴിയെടുക്കാന്‍ കേരള പോലീസ് പോയി എന്ന വാര്‍ത്തയും കണ്ടു. അപ്പോള്‍ ഒരു പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലും പോലീസിന് അന്വേഷണം നടത്താന്‍ കഴിയും എന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. ജനങ്ങളുടെ പണം മുടക്കി സര്‍ക്കാര്‍ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇത്തരം ആളുകള്‍ വരുന്നതെങ്ങനെ എന്ന് പഠിക്കണം. കക്ഷിരാഷ്ട്രീയത്തിന്റെ അമിത സ്വാധീനമാണ് ഇതിനു വഴിവെക്കുന്നത്.
അമ്മ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. അദ്ദേഹവും സ്ഥാനം രാജി വെച്ചിരിക്കുന്നു. ഒരാള്‍ എത്ര വലിയ കലാകാരന്‍ ആണെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അതിന് ശിക്ഷ അനുഭവിക്കുക തന്നെ വേണം.

ഇപ്പോള്‍ പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണ്. റിപോര്‍ട്ടില്‍ പറയുന്ന കുറ്റവാളികളെ ചോദ്യം ചെയ്യാനെങ്കിലും പോലീസ് തയ്യാറാകുമോ? ഇല്ലായെങ്കില്‍ ഇത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാകും. അമ്മ എന്ന സംഘടനയുടെ നേതൃത്വം മാറിയത് കൊണ്ട് കാര്യമില്ല. അമ്മയുടെ നിലപാടുകളില്‍ എന്തെങ്കിലും ഗുണപരമായ വ്യത്യാസം ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. “അമ്മ’ അമ്മായിയമ്മ ആകരുതല്ലോ.