From the print
പേടി വേണ്ട, ജാഗ്രത മതി;ഇത് പ്ലാസ്റ്റിക് അറസ്റ്റ്
മത്സരാർഥികളും രക്ഷകർത്താക്കളും കലാസ്വാദകരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുമായി വേദിയിലെത്തുന്പോൾ പത്ത് രൂപ ഫൈൻ നൽകേണ്ടി വരും
തിരുവനന്തപുരം | കലോത്സവ നഗരിയിൽ പ്ലാസ്റ്റിക്കിനെതിരായ ക്യാമ്പയിനിന്റെ ഭാഗമായി കർശന പരിശോധനയാണ് ഗ്രീൻ പ്രോട്ടോകോൾ ടീമുമായി ചേർന്ന് തിരുവനന്തപുരം നഗരസഭ നടത്തുന്നത്. പ്ലാസ്റ്റിക് അറസ്റ്റാണ് ഇതിൽ പ്രധാനം. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരണവും ഇതോടൊപ്പം നടക്കുന്നു.
മത്സരാർഥികളും രക്ഷകർത്താക്കളും കലാസ്വാദകരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുമായി വേദിയിലെത്തുന്പോൾ പത്ത് രൂപ ഫൈൻ നൽകേണ്ടി വരും. അതിൽ സ്റ്റിക്കർ പതിക്കുകയും ചെയ്യും. പേടിക്കേണ്ട, മടങ്ങിവരുമ്പോൾ ഈ പ്ലാസ്റ്റിക് വസ്തു വലിച്ചെറിഞ്ഞിട്ടില്ലെങ്കിൽ പത്ത് രൂപ തിരികെ ലഭിക്കും. ഇതാണ് പ്ലാസ്റ്റിക് അറസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ദിവസം വേദി എട്ടിൽ നിന്ന് മാത്രം അന്പതോളം പേരാണ് പ്ലാസ്റ്റിക് അറസ്റ്റിന് വിധേയരായതെന്ന് നിർമല ഭവൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള ഡിസിപ്ലിൻ വളണ്ടിയർമാരായ ശിവപ്രിയയും അനുഗ്രഹയും അരുണിമയും അനഘയും പറഞ്ഞു.
പതിവു പോലെ ഇത്തവണയും പൂർണമായും ഹരിത കലോത്സവമാക്കാനാണ് ശ്രമിക്കുന്നതെന്നും പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണങ്ങൾ കുട്ടികളിലേക്ക് പകർന്നുനൽകാൻ ശ്രമിക്കുകയാണെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
മാലിന്യം നിക്ഷേപിക്കാൻ വേദികൾക്ക് സമീപം ഓല കൊണ്ടുള്ള കുട്ടകളും പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാനുള്ള ബോക്‌സുകളും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബിന്നുകളും നഗരസഭ സ്ഥാപിച്ചിട്ടുണ്ട്.