Connect with us

articles

കെട്ടടങ്ങാനുള്ള ഒരു വിവാദം മാത്രമാകരുത്‌

പുറത്തു വന്നുകൊണ്ടിരിക്കുന്ന അപ്രിയകരമായ കാര്യങ്ങള്‍ കേട്ട് കേരളം ഞെട്ടിത്തെറിക്കുന്നു എന്നൊക്കെ പറയുന്നത് ആലങ്കാരികമായ, അതിശയോക്തി കലര്‍ന്ന സംസാരങ്ങളെന്നേ കരുതാനാകൂ. കാരണം നമ്മള്‍ പുരോഗമന കേരളം, തുറന്ന സമൂഹം എന്നെല്ലാം സ്വയം ഊറ്റം കൊള്ളുന്നുണ്ടെങ്കിലും തൊഴിലിടങ്ങളിലെ ലിംഗ വിവേചനത്തിലും സ്ത്രീകള്‍ക്കു നേരേ നടത്തുന്ന ലൈംഗികാതിക്രമങ്ങളിലും മലയാളി ഇപ്പോഴും മുന്നിലാണെന്നത് പച്ചയായ യാഥാര്‍ഥ്യമാണ്.

Published

|

Last Updated

കേരളം മലയാളികളുടെ മാതൃഭൂമി എന്നൊരു ചൊല്ല് തന്നെയുണ്ട്. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് തന്നെ ഈ തരത്തിലാണ്. അതിപ്പോള്‍ ചെറിയൊരു വകഭേദത്തോടെ “കേരളം വിവാദങ്ങളുടെ ജന്മഭൂമി’ എന്നാക്കാമെന്നായിരിക്കുന്നു. അത്രമാത്രം വിവാദ കോലാഹലങ്ങളില്‍ അഭിരമിച്ച്, പുരോഗമനത്തിന്റെ മേനിനടിച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമായി മലയാളി മാറിക്കഴിഞ്ഞിരിക്കുന്നു.

വളരെ പെട്ടെന്ന് വിവാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും ഇവിടെ പൊട്ടിപ്പുറപ്പെടുന്നു. വലിയ ആയുസ്സില്ലാതെ ക്ഷണനേരം കൊണ്ട് അത് കെട്ടടങ്ങുകയും ചെയ്യും. അധികം താമസിയാതെ മറ്റേതെങ്കിലും ചൂടുള്ള വാര്‍ത്തക്ക് നല്ല സ്‌കോപ്പുള്ള എന്തെങ്കിലും ഒരു സംഭവം മലയാളിക്ക് ചര്‍ച്ചക്കായി വീണുകിട്ടും. അത് ആഘോഷിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന നവ മാധ്യമങ്ങളടക്കം അതേറ്റെടുക്കുന്നതോടെ കേരളം ആരോപണ പ്രത്യാരോപണങ്ങളുടെ വിഹാര രംഗമായി മാറുകയും ചെയ്യും.

ഏറ്റവും ഒടുവിലായി മലയാളത്തിന്റെ പൊതുബോധത്തിലേക്ക് ഒരു വെള്ളിടിയായി വീണ വിവാദം മലയാള സിനിമാ രംഗത്ത് സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരിടേണ്ടി വരുന്ന കടുത്ത ശാരീരികവും മാനസികവുമായ പീഡനങ്ങളുമായി ബന്ധപ്പെട്ടാണ്. ഹേമ കമ്മിറ്റി റിപോര്‍ട്ട് പരസ്യമാക്കപ്പെട്ടതോടെ ഒരു മലവെള്ളപ്പാച്ചില്‍ കണക്കെ പീഡാനുഭവങ്ങളുടെ ആരോപണ കുത്തൊഴുക്ക് തന്നെ സംഭവിച്ചിരിക്കുകയാണ്. വയനാട്ടിലെ സമാനതയില്ലാത്ത ദുരന്ത മുഖത്ത് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് കരകയറാനുള്ള വെമ്പലിനിടയിലാണ് ജനശ്രദ്ധ സിനിമാ രംഗത്ത് നടക്കുന്ന അപചയ ചര്‍ച്ചയിലേക്ക് പെട്ടെന്ന് വഴിമാറിയത്.

നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ച് നടത്തിയ ഭാവാഭിനയ പ്രകടനങ്ങളും വാഗ്ദാനങ്ങളുടെ പെരുമഴയും തോര്‍ന്നിട്ടും അതിന്റെ ഗുണപരമായ പ്രതിഫലനമൊന്നും കാണാതിരിക്കുന്ന സമയമായിരുന്നു. സ്വാഭാവികമായും വയനാട് പുനരധിവാസം വലിയൊരു ചര്‍ച്ചക്ക് തിരികൊളുത്താനുള്ള എല്ലാ വകുപ്പുകളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നു. അതിന്റെ ചുവടൊപ്പിച്ച് ഒരു ബംഗാളി നടി മലയാളത്തിലെ ഒരു സംവിധായകനില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞു. അതോടെ സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ പുരുഷ ആര്‍ട്ടിസ്റ്റുകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ആരോപണങ്ങളുടെ കൊടുങ്കാറ്റ് തന്നെ അഴിച്ചുവിടുന്നതാണ് കണ്ടത്.

തുടക്കത്തില്‍ ഭരണ രംഗത്ത് നിന്ന് തണുപ്പന്‍ മട്ടിലുള്ള പ്രതികരണമാണ് പുറത്തുവന്നതെന്ന പ്രതീതി ഉണ്ടാക്കിയെടുക്കുന്നതില്‍ മാധ്യമ ഇടപെടലുകള്‍ കാരണമായി. സ്വാഭാവികമായും ഹേമ കമ്മിറ്റി റിപോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള മാധ്യമ വിചാരണ പ്രതിപക്ഷം കൊഴുപ്പിക്കുകയും അതിലവര്‍ വിജയം കൈവരിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കുന്നത് ഒരിടതുപക്ഷ സര്‍ക്കാറിന് തീരെ ഭൂഷണമല്ലെന്ന് ഇടതു സഹയാത്രികരില്‍ നിന്നും ഭരണകക്ഷി നേതാക്കളില്‍ നിന്ന് പോലും അഭിപ്രായങ്ങള്‍ പുറത്തു വന്നതോടെ സര്‍ക്കാറിന് അലംഭാവം കൈവെടിയേണ്ടി വന്നു.

സത്യത്തില്‍, ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന അപ്രിയകരമായ കാര്യങ്ങള്‍ കേട്ട് കേരളം ഞെട്ടിത്തെറിക്കുന്നു എന്നൊക്കെ പറയുന്നത് ആലങ്കാരികമായ, അതിശയോക്തി കലര്‍ന്ന സംസാരങ്ങളെന്നേ കരുതാനാകൂ. കാരണം നമ്മള്‍ പുരോഗമന കേരളം, തുറന്ന സമൂഹം എന്നെല്ലാം പറഞ്ഞ് സ്വയം ഊറ്റം കൊള്ളുന്നുണ്ടെങ്കിലും തൊഴിലിടങ്ങളിലെ ലിംഗ വിവേചനത്തിലും സ്ത്രീകള്‍ക്കു നേരേ നടത്തുന്ന ലൈംഗികാതിക്രമങ്ങളിലും മലയാളി ഇപ്പോഴും മുന്നിലാണെന്നത് പച്ചയായ യാഥാര്‍ഥ്യമാണ്.

അതിന് ആരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ക്കേണ്ടത് എന്നതിലാണ് തര്‍ക്കങ്ങള്‍ ബാക്കിനില്‍ക്കുന്നത്. സമൂഹത്തെ സമൂലം ഗ്രസിച്ചു കഴിഞ്ഞിരിക്കുന്ന ഉപരിവര്‍ഗ ജീവിതത്വരകളും അതിലേക്ക് എത്തിപ്പെടാനുള്ള കുറുക്കുവഴികളും സ്വീകരിക്കുന്ന ഒരു വിഭാഗമായി മലയാളിയെ മാറ്റിയെടുക്കാന്‍ കോര്‍പറേറ്റുകാല പരിഷ്‌കരണങ്ങള്‍ക്കും ചിന്തകള്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്ന സാമൂഹിക യാഥാര്‍ഥ്യത്തെ നമ്മള്‍ കാണാതിരുന്നുകൂടാ. മാറി മാറി കേരളം ഭരിച്ച പാര്‍ട്ടികള്‍ക്ക് സംഭവിച്ച ശ്രദ്ധക്കുറവും സിനിമയെന്ന ഗ്ലാമര്‍ പരിവേഷമുള്ള തൊഴിലിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള എടുത്തുചാട്ടത്തില്‍ ഇരകളാക്കപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കടക്കം സംഭവിക്കുന്ന ജാഗ്രതക്കുറവും ഇതിന്റെ കാരണങ്ങളാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി ഏറെ മുന്നോട്ടുപോയ ഇടമാണ് കേരളം. സാഹിത്യ, സാംസ്‌കാരിക ചലനങ്ങള്‍ സൃഷ്ടിക്കുന്നതിലും കേരളം വഴികാട്ടിയാണെന്ന് നമ്മള്‍ അവകാശപ്പെടുന്നു. ഒരു പക്ഷേ ഇന്നും ശക്തമായ തോതില്‍ ഫ്യൂഡലിസവും ജന്മിത്തവും നിലനില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതില്‍ ശരിയുണ്ടായിരിക്കാം. പക്ഷേ ചില അഹിതകരമായ യാഥാര്‍ഥ്യങ്ങള്‍ നമ്മെ തുറിച്ചു നോക്കുന്നത് നാം കാണാതെ പോകുകയും ചെയ്യരുത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളി കൂടിയായ ലോകപ്രശസ്ത എഴുത്തുകാരിയും ചിന്തകയുമായ അരുന്ധതി റോയി പറഞ്ഞ ഒരു കാര്യം നമ്മുടെ ഇപ്പോഴത്തെ അവസ്ഥയോട് കൂട്ടി വായിക്കാവുന്നതാണ്. അത് ഇതായിരുന്നു, “സാമൂഹികമായി അങ്ങേയറ്റം യാഥാസ്ഥിതിക സമൂഹമാണ് കേരളം എന്നതില്‍ എനിക്ക് സംശയമില്ല. ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് ആദിവാസി സ്ത്രീകള്‍ പോലും കേരളത്തിലെ സ്ത്രീകളേക്കാള്‍ വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്’.
മേല്‍പറഞ്ഞതില്‍, ഉപരിവര്‍ഗ ജീവിതത്തിലേക്കുള്ള കേരളത്തിലെ സ്ത്രീകളുടെ നെട്ടോട്ടത്തിനിടെ സംഭവിക്കുന്ന ചില വിധേയത്വങ്ങള്‍ക്ക് നേരെ ഒളിയമ്പുണ്ടെന്ന് കരുതാം.

ഛത്തിസ്ഗഢിലെ സ്ത്രീകള്‍ക്ക് നല്ല സ്വാതന്ത്ര്യ ബോധമുണ്ടെന്ന് പറയുമ്പോള്‍ അവര്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിവുള്ളവര്‍ കൂടിയാണെന്ന കാഴ്ചപ്പാട് അരുന്ധതി റോയി പങ്കുവെക്കുന്നതായി നാം മനസ്സിലാക്കണം. ആ തലത്തിലേക്ക് സമൂഹവും ഇരയാക്കപ്പെടുന്നവരും മാറുമ്പോഴേ സ്ത്രീ ശാക്തീകരണവും ചൂഷണത്തിനെതിരെയുള്ള കരുത്തും സമൂഹത്തില്‍ രൂപപ്പെടൂ. അല്ലെങ്കില്‍ കത്തിനില്‍ക്കുന്ന വിവാദ ഘോഷയാത്രകള്‍ക്കിടെ ഇപ്പോഴത്തെ വിവാദങ്ങളും കുറച്ച് ദിവസങ്ങള്‍ മാധ്യമ ശ്രദ്ധയില്‍ വരും. പിന്നെ വളരെപ്പെട്ടെന്ന് അത് മാഞ്ഞുപോകുകയും ചെയ്യും. കാലപ്പഴക്കം സംഭവിക്കുമ്പോള്‍ പഴയതിന്റെ തനിയാവര്‍ത്തനം സംഭവിക്കുകയുമാകും ഫലം.

Latest