Connect with us

editorial

ലോകായുക്തയുടെ ചിറകരിയരുത്

ലോകായുക്തയില്‍ നിന്ന് എടുത്തു മാറ്റുന്ന പരമാധികാരം നേരേ മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ നല്‍കുന്നതും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കു നിരക്കുന്നതല്ല. സി പി ഐ അഭിപ്രായപ്പെടുന്നതു പോലെ സ്വതന്ത്രാധികാരമുള്ളതും പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രാതിനിധ്യമുള്ളതുമായ ഒരു ഉന്നതാധികാര സമിതിക്കായിരിക്കണം അതിനുള്ള അധികാരം.

Published

|

Last Updated

ലോകായുക്ത നിയമ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ ഇതുസംബന്ധിച്ച സി പി എം-സി പി ഐ ഭിന്നത ഏറെക്കുറെ നീങ്ങിയിരിക്കുന്നു. സമവായമുണ്ടാക്കുന്നതിന് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമ മന്ത്രി പി രാജീവ്, എ വിജയരാഘവന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച നടന്നിരുന്നു. ലോകായുക്തയുടെ പരമാധികാരം എടുത്തു കളഞ്ഞ് തീര്‍പ്പുകള്‍ പുനഃപരിശോധിക്കാനുള്ള അധികാരം സര്‍ക്കാറിന് നല്‍കുന്നതിനോടായിരുന്നു സി പി ഐക്ക് എതിര്‍പ്പ്. ഇത് ലോകായുക്തയുടെ അന്തസ്സത്ത തന്നെ ഇല്ലാതാക്കുമെന്നാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ സി പി ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. തീര്‍പ്പുകള്‍ പുനഃപരിശോധിക്കാനുള്ള അധികാരം സര്‍ക്കാറിന് നല്‍കുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപവത്കരിച്ച് അധികാരം സമിതിക്കു നല്‍കണമെന്ന ബദല്‍ നിര്‍ദേശവും നേതാക്കള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

നിലവില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നുമില്ലാത്ത കടുത്ത അധികാരങ്ങളാണ് കേരളത്തിലെ ലോകായുക്തക്കുള്ളത്. പരാതിയില്‍ ഉന്നയിക്കപ്പെടുന്ന അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാര സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ട്. ആരോപണ വിധേയനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് ലോകായുക്ത സമര്‍പ്പിക്കുന്ന റിപോര്‍ട്ടിന്മേല്‍ ബന്ധപ്പെട്ട അധികാരി (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ ലോകായുക്തയുടെ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. നിലവിലെ നിയമമനുസരിച്ച് ലോകായുക്തയുടെ തീരുമാനത്തിന് അപ്പീലില്ല. അതില്‍ ഇടപെടുന്നതിന് ഹൈക്കോടതിയുടെ അധികാരം പോലും പരിമിതമാണ്. മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിക്കോ കോടതിക്കു പോലുമോ ഇല്ലാത്ത അധികാരമാണിത്. ഒരു അന്വേഷണ ഏജന്‍സിക്ക് പരമാധികാരം വകവെച്ചു കൊടുക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണെന്നാണ് സി പി എമ്മിന്റെ നിലപാട്.

ലോകായുക്തയുടെ വിധിയില്‍ സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ ഒരു ഹിയറിംഗ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. ഭരണ, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി തുടച്ചു നീക്കാനായി സ്ഥാപിച്ച ലോകായുക്തയുടെ ചിറകരിയലാണിതെന്നും അന്തിമ തീര്‍പ്പിനുള്ള അധികാരം മുഖ്യമന്ത്രിയിലും സര്‍ക്കാറിലും നിക്ഷിപ്തമാക്കുന്നത് സംസ്ഥാനത്ത് അഴിമതി വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാറും മുഖ്യമന്ത്രിയും കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും കക്ഷിരാഷ്ട്രീയ പക്ഷപാതിത്വം കടന്നു വരും. ഭരണകക്ഷികളോട് അനുഭാവമുള്ളവരും അവര്‍ക്ക് വേണ്ടപ്പെട്ടവരുമാണ് പ്രതിസ്ഥാനത്തെങ്കില്‍ ഹിയറിംഗില്‍ അവര്‍ക്കനുകൂലമായ തീരുമാനമുണ്ടാകാനാണ് സാധ്യത. ആഭ്യന്തര, നിയമ വകുപ്പിലെ നിക്ഷിപ്ത താത്പര്യക്കാരായ ഉദ്യോഗസ്ഥരാണ് ലോകായുക്ത നിയമ ഭേദഗതിക്കു പിന്നിലെന്നാണ് സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ പക്ഷം.

നിയമ ഭേദഗതിയിലൂടെ പിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലമാക്കാനൊരുങ്ങുമ്പോള്‍ ചിന്ത വാരികയില്‍ നേരത്തേ പിണറായി തന്നെ എഴുതിയ ഒരു ലേഖനത്തിലെ വരികള്‍ ഓര്‍ക്കുന്നത് സാന്ദര്‍ഭികമായിരിക്കും. “”ഓംബുഡ്സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം, കുരക്കാന്‍ മാത്രം കഴിയുന്ന കടിക്കാന്‍ കഴിയാത്ത കാവല്‍നായ എന്നതാണ്. എന്നാല്‍, ഓംബുഡ്സ്മാന്റെ കേരള പതിപ്പായ ലോകായുക്തക്ക് വിപുലമായ അധികാരങ്ങള്‍ നിയമപരമായി നല്‍കിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ-ദുര്‍ഭരണവിരുദ്ധ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി പ്രതീകമാണ് 1999ല്‍ നിയമത്തിലൂടെ വന്ന ലോകായുക്ത. സുതാര്യവും കാര്യക്ഷമവുമായ ഭരണ സംവിധാനമെന്നത് ഓരോ പൗരന്റെയും അവകാശമാണ്. വിവരാവകാശ നിയമം, ലോക്പാല്‍ ലോകായുക്ത സംവിധാനം, സേവനാവകാശ നിയമം എന്നിവ ഈ അവകാശം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുകളാണ്. അവയെ കൂടുതല്‍ ഫലപ്രദമാക്കാനുള്ള നടപടികളുമായി നമുക്ക് മുന്നോട്ടുപോകാം.” അദ്ദേഹത്തിന്റെ അന്നത്തെ ഈ നിലപാടിനു കടകവിരുദ്ധമാണ് നിലവിലെ ഭേദഗതി നിര്‍ദേശങ്ങള്‍. ഓംബുഡ്സ്മാനെപ്പോലെ കുരക്കാന്‍ മാത്രം കഴിയുന്ന കടിക്കാന്‍ പല്ലില്ലാത്ത കാവല്‍നായയായി മാറ്റുകയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

അഴിമതിയാരോപണങ്ങളില്‍ ലോകായുക്തക്ക് അന്തിമതീര്‍പ്പ് വകവെച്ചു കൊടുക്കുന്നതില്‍ നിയമജ്ഞര്‍ക്കിടയില്‍ എതിരഭിപ്രായമുണ്ട്. ഹൈക്കോടതി തന്നെ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. അത് ഭരണഘടനാ വിരുദ്ധമാണെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ പക്ഷം. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാളെ അയോഗ്യനാക്കാന്‍ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ലോകായുക്തക്ക് അധികാരമില്ല. നിയമജ്ഞനെങ്കിലും ലോകായുക്തയുടെ തീര്‍പ്പിലും തെറ്റുകള്‍ സംഭവിക്കാനും ബഹ്യതാത്പര്യങ്ങള്‍ കടന്നു വരാനും സാധ്യതയുമുണ്ടെന്ന കാര്യവും പരിഗണിക്കേണ്ടതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ലോകായുക്തക്ക് പരമാധികാരം അനുവദിക്കുന്നത് ശരിയല്ലെന്ന വാദം അംഗീകരിക്കപ്പെടേണ്ടതു തന്നെ. അതുപോലെ തന്നെ ലോകായുക്തയില്‍ നിന്ന് എടുത്തു മാറ്റുന്ന പരമാധികാരം നേരേ മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ നല്‍കുന്നതും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കു നിരക്കുന്നതല്ല.

സി പി ഐ അഭിപ്രായപ്പെടുന്നതു പോലെ സ്വതന്ത്രാധികാരമുള്ളതും പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രാതിനിധ്യമുള്ളതുമായ ഒരു ഉന്നതാധികാര സമിതിക്കായിരിക്കണം അതിനുള്ള അധികാരം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കുക എന്ന ലോകായുക്തയുടെ ലക്ഷ്യം സാര്‍ഥകമാകുകയുള്ളൂ.

Latest