Connect with us

ആത്മായനം

കാലത്തെ ആക്ഷേപിക്കരുത്‌

നിർബന്ധമായതും അല്ലാത്തതുമായ കാര്യങ്ങൾ ചെയ്യുമ്പോൾ സമയം ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഒന്ന് മറ്റൊന്നിന് വിനയാകരുത്. അതിപ്രധാനവും പ്രധാനവും തമ്മിൽ കൂട്ടിക്കുഴക്കരുത്. സമയബന്ധിതമായി ചെയ്യേണ്ടത് അതാതു സമയത്ത് ചെയ്യണം. സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകൾ മറന്ന് ആരാധനകളിൽ പരിധിവിടലും വിശ്വാസിക്ക് ചേർന്നതല്ല.

Published

|

Last Updated

24 മണിക്കൂറിൽ 86400 സെക്കൻഡുകളാണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നത്. ഇത്രയധികം നേരങ്ങളെ നമ്മളെന്താണ് ചെയ്യാറ്. ഒരു ഓഡിറ്റിംഗ് അടിയന്തരമായും ആവശ്യമാണ്. ബിസിനസ് പരാജയപ്പെട്ടിട്ട് നഷ്ടകാരണത്തെ കുറിച്ച് ആലോചിക്കുന്നതിലും ഭേദം മുന്നേ ആലോചിക്കുന്നതല്ലേ?

ഈ ലോകം വിശ്വാസിയുടെ വാണിജ്യ കേന്ദ്രമാണ്. അതിനുള്ള മൂലധനം ആരോഗ്യവും ആയുഷ്കാലവുമാണ്. ലാഭനഷ്ടങ്ങൾ തിരിച്ചറിയുക പരലോകത്ത് വെച്ചാണ്. മൂലധനത്തെ ശരിയായി വിനിയോഗിച്ച് ബിസിനസ് സർഗാത്മകമായി മുന്നോട്ടു കൊണ്ടുപോയവർക്ക് ലഭിക്കുന്ന ലാഭം പ്രതീക്ഷിച്ചതിലുമധികമായിരിക്കും.

തെറ്റായ രീതിയിലുള്ള മൂലധനവിനിയോഗം നികത്താനാകാത്തതും അതീവ ഗുരുതരവുമായ നഷ്ടമായി (Business Risk ) മാറും. അതേക്കുറിച്ചാണ് തിരുനബി (സ്വ) സംസാരിക്കുന്നത്. രേഖപ്പെടുത്തിയത് ഇബ്നു അബ്ബാസ്(റ). “ജനങ്ങളിലധികപേരും വഞ്ചനക്കിരയാവുന്ന രണ്ടനുഗ്രഹങ്ങളുണ്ട്; ആരോഗ്യവും ഒഴിവുവേളകളും’.

നിമിഷങ്ങൾ നഷ്ടപ്പെടുത്താതെ പണിയെടുക്കേണ്ട ഇടമാണ് ഈ ലോകം. ഈ ഹ്രസ്വമായ കാലയളവിലുള്ള പ്രവർത്തനങ്ങളുടെ പ്രതിഫലങ്ങൾ അലൗകികവും അനന്തവുമായ അനുഭവങ്ങളിലേക്കാണ് നയിക്കുക. ഒന്നുകിൽ സ്വർഗലോകത്തെ അത്യാനന്ദം, അല്ലെങ്കിൽ നരകത്തീയുടെ കൊടുംഭീകരത.

മനുഷ്യന് സമയങ്ങൾ ആരാധനയുടെതാണ്. കാരണം, അവന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം തന്നെ അതാണല്ലോ. സ്വർഗക്കാരുടെ സങ്കടം “ആ ഇത്തിരി നേരം കൂടി റബ്ബിനെ സ്മരിച്ചിരുന്നെങ്കിൽ’ എന്നായിരിക്കുമെന്ന് തിരുനബി(സ്വ) പറയുന്നുണ്ട്. സമയത്തിന് മാപിനികൾ കൊണ്ട് അളക്കാൻ കഴിയുന്നതിലേറെ മൂല്യമുണ്ട്. നമുക്കൊപ്പിച്ച് അതിനെ നിയന്ത്രിക്കുക അസാധ്യമാണ്. അതിനൊപ്പിച്ച് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുകയാണ് വേണ്ടത്. അത്തരമൊരു ദൗത്യം ഏറെ ശ്രമകരവുമാണ്. ആ ശ്രമം വിജയിച്ച വിശ്വാസികൾക്കാണ് മഹത്തായ പ്രതിഫലമുള്ളത്.

ഇമാം നവവിയുടെ(റ) അവസാന നിമിഷങ്ങൾ ചരിത്രമടയാളപ്പെടുത്തിയിട്ടുണ്ട്.
കണ്ണീരിരുണ്ട് കൂടിയതു കണ്ട് ശിഷ്യന്മാർ വേവലാതിപ്പെട്ടു: “അങ്ങ് നന്മയുടെ നൂറിൽ നൂറല്ലേ, എന്നിട്ടുമെന്തേ കരയുന്നു?’

“ശരിയാവാം. പക്ഷേ, ഞാനൊരിക്കൽ നടക്കാനിറങ്ങിയപ്പോൾ വഴുതിവീണു. വീഴ്ചക്കിടെ “എന്റെ കാൽ’ എന്നു ഞാൻ പറഞ്ഞു പോയി. റബ്ബിനെ ഓർക്കാതെ എന്റെ കാലിനെ കുറിച്ചോർത്തു പോയ ആ നിമിഷത്തെപ്പറ്റി എന്നോട് നാളെ ചോദ്യം ചെയ്താൽ ഞാനെന്തു മറുപടി പറയും എന്നോർക്കുമ്പോൾ ഞാനെങ്ങനെ കരയാതിരിക്കും?’ എന്നായിരുന്നു ഇമാമിന്റെ മറുപടി.
പിശാചിന്റെ താവളമായ ശൗചാലയത്തിൽ സമയം ചെലവിടുന്നത് ചുരുക്കാൻ ഭക്ഷണം കുറച്ചവരുണ്ടായിരുന്നു. ചവച്ചരച്ചു കഴിക്കേണ്ടി വരുന്ന സമയവും ധ്യാനത്തിൽ മുഴുകാമെന്നാലോചിച്ച് അലിയ്യുൽ ജുർജാനി (റ) നാൽപ്പത് വർഷം ഭക്ഷണം വെള്ളത്തിൽ മുക്കി കഴിച്ചിരുന്നു.

ഞാനിടപെട്ടില്ലെങ്കിൽ, എന്റെ അഭിപ്രായം രേഖപ്പെടുത്തിയില്ലെങ്കിൽ ലോകം ഇടിഞ്ഞു വീഴുമെന്ന ചിന്തയിലാണ് പലരുമുള്ളത്. ലോകത്തിന്റെ എട്ട് ദിക്കിൽ നിന്ന് പലരും വിടുന്ന പോസ്റ്റുകളും കോമഡി ഷോകളും ട്രോളുകളും കണ്ടു തീർക്കേണ്ട വ്യഗ്രതയുടെ വേരുകളാണ് നാമാദ്യം പിഴുതു നശിപ്പിക്കേണ്ടത്.
എന്തിനും മുമ്പേ രണ്ടാലോചനകൾ പ്രധാനമാണ്. ഇത് ഞാൻ ചെയ്യേണ്ടതുണ്ടോ ? കാണേണ്ടതുണ്ടോ?

കേൾക്കേണ്ടതുണ്ടോ? ചെയ്താലോ കണ്ടാലോ കേട്ടാലോ തന്റെ ജീവിതത്തിൽ വല്ല നേട്ടവുമുണ്ടോ?
മനസ്സിന്റെ പ്രതികരണം അതേ എന്നാണെങ്കിൽ ചെയ്യുന്നതിനെക്കുറിച്ചാലോചിക്കാവുന്നതാണ്. തിരിച്ചാണെങ്കിൽ ആ വഴി ഉപേക്ഷിക്കാവുന്നതാണ്.

വിശ്വാസിയുടെ സമയങ്ങൾ അനിവാര്യമായും നാല് കാര്യങ്ങൾക്കുള്ളതാണ്.

  1. രക്ഷിതാവുമായുള്ള സംഭാഷണത്തിന്.
  2.  ആത്മപരിശോധനക്ക്.
  3.  അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ചാലോചിക്കാൻ.
  4.  ഭക്ഷണപാനീയാദി കാര്യങ്ങൾക്കു വേണ്ടി ഒഴിഞ്ഞിരിക്കാൻ. ഈ ഒഴിഞ്ഞിരിക്കുന്ന നേരത്തും ദിക്റിലും (ദൈവ സ്മരണ) ഫിക്റിലും (ആത്മീയ ചിന്ത) മുഴുകാവുന്നതാണ്. വിശ്വാസി ധ്യാനാത്മകതയുടെ നാല് ചുവരിനുള്ളിൽ സുരക്ഷിതനാണ്. സശ്രദ്ധം ഗമിക്കുന്ന ഡയനാമിക് ജീവിതം. കണക്കാക്കിയ ആയുസ്സിലൊരിക്കലും നന്മകളിൽ നിന്ന് തെറ്റാതെയുള്ള സഞ്ചാരം.

യഥാർഥത്തിൽ ആയുസ്സെന്നത് ജനനം മുതൽ മരണം വരെയുള്ള കാലയളവേയല്ല; മറിച്ച്, ഒരാൾക്ക് നന്മകളാലും സദ്‌കർമങ്ങളാലും അല്ലാഹുവിങ്കൽ രേഖപ്പെട്ടുകിടക്കുന്ന കാലയളവാണത്. ചിലയാളുകൾ നൂറ്റാണ്ടിലേറെ ജീവിച്ചെന്നു വരും; അവർ ചെയ്തതോ ശുദ്ധശൂന്യമായിരിക്കും. ചിലർ ജീവിച്ചത് ഹ്രസ്വകാലമെങ്കിലും ചെയ്തത് ബഹുലമാവും. സൗഭാഗ്യം ലഭിച്ചവരാണവർ.
ജനങ്ങളിൽ ആരാണ് ശ്രേഷ്ഠരെന്ന ചോദ്യത്തിന് തിരുനബിയുടെ പ്രതികരണം: “നന്മ ചെയ്യാൻ കാലാവധി നീണ്ടു കിട്ടിയവൻ’ (തിർമുദി) എന്നായിരുന്നു.

പൊതുവിൽ മനുഷ്യൻ ഐഹിക താത്പര്യത്തോടൊപ്പം ആയുർദൈർഘ്യവും അതിയായി ആഗ്രഹിക്കുന്നുണ്ട്. പുറത്തു പറഞ്ഞില്ലെങ്കിലും ഈ ലോകത്തിന്റെ ശാശ്വതാവസ്ഥയോടുള്ള അഭിനിവേശം അവന്റെ കോശത്തിലലിഞ്ഞിട്ടുണ്ട്. ആദ്യ മനുഷ്യനെ തന്നെ ഇബ്്ലീസ് ചതിയിലകപ്പെടുത്താൻ നീക്കിയ കരു ഈ അനശ്വരസങ്കൽപ്പമായിരുന്നല്ലോ (സൂറ: ത്വാഹാ 120 ന്റെ ആശയം അവലംബിക്കാം).

എന്നിരുന്നാലും ഏതാനും ശ്വാസനിശ്വാസങ്ങൾക്കൊടുവിൽ ഐഹിക ജീവിതം സ്തംഭിക്കുമെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. ആ സമയത്തെക്കുറിച്ച് നമുക്കാർക്കുമറിവില്ല. മരണം ഏതു സമയവും പിടികൂടാം.മരിക്കുമെന്ന വിചാരത്തോടു കൂടി നീ ഉദ്ദേശിച്ചത്ര ജീവിക്കുക, വേർപെടുന്നവനാണെന്ന ചിന്തയോടു കൂടി നീ ആഗ്രഹിച്ചവനെ സ്നേഹിക്കുക, ഞാൻ പ്രതിഫലം നൽകപ്പെടുന്നവനും ഉത്തരവാദിത്വമുള്ളവനുമാണെന്ന ബോധത്തോടെ ഉദ്ദേശിച്ചത് പ്രവർത്തിക്കുക (ത്വബ്റാനി) എന്ന തിരുവാക്യമാണ് നമ്മെ ക്രമീകരിക്കേണ്ടത്.

ഏതൊരാൾക്കും ആത്യന്തികമായി വേണ്ടത് സമയബോധമാണ്. അതില്ലാത്തവൻ അക്രമിയും സാമൂഹിക വിരുദ്ധനുമാണ്. വിശുദ്ധ ഖുർആൻ അനുവാചകരെ നിരന്തരം ഓർമപ്പെടുത്തുന്നതും അതാണ്.

രാവും പകലും ഗ്രഹചലനങ്ങളും ഋതുഭേദങ്ങളും സാക്ഷിയാക്കി മുന്നോട്ടു ഗമിക്കുന്ന ആവിഷ്കാര രീതി ഖുർആൻ സൂക്തങ്ങളുടെ ശൈലിയായത് അതുകൊണ്ടാവാം. പുനരുത്ഥാനനാളിലെ വിചാരണയിൽ ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യങ്ങളുടെ നാലിൽ രണ്ടും സമയബോധത്തെ മുൻനിർത്തിയാണ് (ആയുഷ്കാലം എന്തിന് വിനിയോഗിച്ചു? യൗവനം എങ്ങനെ കഴിച്ചുകൂട്ടി?).
നേരത്തെ നഷ്ടപ്പെട്ടതോർത്ത് വിലപിക്കേണ്ടി വരുന്ന രണ്ടനുഗ്രഹങ്ങളെക്കുറിച്ചു പറഞ്ഞിരുന്നല്ലോ, ഒഴിവുനേരങ്ങളും ആരോഗ്യവും. മാനസിക – ശാരീരികാരോഗ്യവും ഉത്സാഹവും ദൃഢമായുണ്ടാകുന്ന നേരമാണ് യൗവനം. ബാല്യ – വാർധക്യങ്ങളുടെ ബലഹീനതകൾക്കിടയിലെ ഊർജസ്വലതയുടെ കാലം.

കൂടുതൽ ഇബാദത്തുകൾക്കും സാമൂഹിക സേവനങ്ങൾക്കും പ്രാപ്തമായ സമയം. കൂടാതെ പക്വമായ ആലോചനകളും ധ്യാനവും സാധ്യമാവുന്ന നേരം കൂടിയാണത്. ശാരീരികമായും മാനസികമായും ഉണർന്നുനിൽക്കുന്ന ഈ നല്ല നേരത്തെ ഉപയോഗപ്പെടുത്തുന്നിടത്താണ് പലരും പരാജയപ്പെടുന്നത്. അവർ അനുകൂലാവസ്ഥകളെ തിന്മകളുടെ വഴിക്ക് ചാലുകീറി യൗവ്വനം തുലക്കുന്നു. ദൈവികസ്മരണകൾക്കു പകരം ഐഹിക മോഹങ്ങൾ സഫലമാക്കാനുള്ള കിടമത്സരങ്ങളും അതിനുള്ള ഗൂഢതന്ത്രങ്ങളും മനസ്സിൽ നിറക്കുന്നു. ഇബാദത്തുകളിലായി കഴിയേണ്ടതിനു പകരം അനാവശ്യങ്ങളിൽ ചെലവഴിച്ച് നേരം കളയുന്നു. അങ്ങനെ സർവം നശിപ്പിക്കുന്നു.

ഈ നഷ്ടബോധം തിരിച്ചറിയുക വിചാരണയുടെ ദിവസത്തിലാണെന്ന് സൂറത്തുൽ ഫാത്വിർ വിവരിക്കുന്നുണ്ട്: ആ സമയത്ത് നരകാവകാശികൾ പറയും: ഞങ്ങളെ ഒരിക്കൽ കൂടി ഉത്തരവാദിത്വങ്ങൾ നിറഞ്ഞ ഐഹിക ലോകത്തേക്ക് മടക്കിയയക്കുകയാണെങ്കിൽ സൽകർമങ്ങൾ ചെയ്ത് പുതിയൊരു ജീവിതം ഞങ്ങൾ നയിക്കാം. ഒരിക്കലുമില്ല, അവരാവശ്യപ്പെടുന്ന കാര്യം എത്ര അകലെയാണ്!? കർമങ്ങളുടെ സമയമവസാനിച്ചിരിക്കുന്നു. ഇപ്പോൾ പ്രതിഫലം നൽകുന്ന സമയമത്രെ.

എല്ലാമവസാനിച്ച ശേഷമുള്ള ആലോചന വെറുതെയാണ്. സമയത്തോട് ഓരോരുത്തർക്കും ബാധ്യതയുണ്ട്. സ്വന്തം സമ്പത്തിനോട് കാണിക്കുന്നതിനേക്കാൾ കണിശതയും അതീവശ്രദ്ധയും സമയത്തിനു നൽകണം. ഒരാളുടെ ഇന്നും ഇന്നലെയും സമമെങ്കിൽ അവനഭിശപ്തനാണെന്ന മഹദ്വചനം ഹൃദയത്തിലെഴുതണം. സൂര്യനസ്തമിക്കുന്ന നേരം എന്റെ ആയുസ്സ് കുറഞ്ഞു കൊണ്ടേയിരുന്നിട്ടും കർമം അധികരിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തല്ലാതെ മറ്റൊന്നിനു വേണ്ടിയും ഞാൻ ദുഃഖിച്ചിട്ടില്ലെന്ന ഇബ്നു‌മസ്ഊദിന്റെ സാക്ഷ്യം മാതൃകാപരമാണ്.
വിശ്വാസിയുടെ നിഘണ്ടുവിൽ ടൈംപാസ് എന്ന പദം അസ്ഥാനത്താണ്. വിശ്രമജീവിതം എന്ന

പ്രയോഗവും ഇല്ല. വെറുതെ കളയാൻ ഒരു നിമിഷം പോലും നമുക്കില്ലല്ലോ? അത്തരമൊരു സമയം ഖബറിലാണ്. ഒഴിവുവേളകളെ ക്രിയാത്മകമാക്കാൻ ശീലിക്കുകയാണ് വേണ്ടത്. അലസമായി വിടരുത്. ജോലികളിൽ നിന്നുള്ള ഒഴിവുവേളകൾ മഹത്തായ അനുഗ്രഹമാണ്. അതിനെ നിഷ്ക്രിയമാക്കിയാൽ അവൻ ദേഹേഛയുടെ വാതിൽ സ്വയം തുറന്ന് അതിനു പിറകെ പോയവനായി. അതു കാരണമായി അല്ലാഹു അവനിലുള്ള ഹൃദയനൈർമല്യം എടുത്തുകളയുകയും അനുഗ്രഹങ്ങളിൽ അശ്രദ്ധനായി മാറ്റുകയും ചെയ്യുമെന്നാണ് സച്ചരിതരുടെ സന്ദേശം.

“അല്ലാഹുവേ, ദുഃഖത്തിൽ നിന്നും പ്രയാസത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. അലസതയിൽ നിന്നും ബലഹീനതയിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു’ എന്ന നബി (സ്വ) സമൂഹത്തിനു പഠിപ്പിച്ച പ്രാർഥന അലസത വരുത്തുന്ന ദുരന്തത്തെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിൽ നിന്നുള്ള പാപമോചനവും സ്വർഗവും നേടാൻ വേണ്ടിയാണ് നാം ധൃതി കാണിക്കേണ്ടത്. നാൽപ്പത് കഴിഞ്ഞിട്ടും പാപം പൊറുപ്പിക്കാത്തവൻ നരകം ഉറപ്പിക്കട്ടെ എന്ന സത്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. അതാത് സമയത്ത് ചെയ്യേണ്ടത് ബോധപൂർവം ചെയ്തു തീർക്കേണ്ടതുണ്ട്. ആപത്തുകളും പ്രതിസന്ധികളും വരുന്നതിനു മുമ്പ് നന്മകളിൽ നിരതനായേ പറ്റൂ. “നിങ്ങളെ നശിപ്പിക്കുന്ന സ്വത്തിനെ, അല്ലെങ്കിൽ എല്ലാം മറപ്പിച്ചു കളയുന്ന ദാരിദ്ര്യത്തെ, അല്ലെങ്കിൽ പ്രയാസമുണ്ടാക്കുന്ന രോഗത്തെ, അല്ലെങ്കിൽ ദുർബലമാക്കുന്ന വാർധക്യത്തെ, അല്ലെങ്കിൽ സജ്ജമായി നിൽക്കുന്ന മരണത്തെ, അല്ലെങ്കിൽ ദുഷിച്ച ദജ്ജാലിനെ, അല്ലെങ്കിൽ സുനിശ്ചിതമായി വന്നുഭവിക്കുന്ന അന്ത്യനാളിനെയല്ലാതെ നിങ്ങൾ കാത്തിരിക്കുന്നുണ്ടോ?’ എന്ന് തിരുനബി (സ്വ) നമ്മെ ചിന്തിപ്പിക്കുകയാണ്.

നിർബന്ധമായതും അല്ലാത്തതുമായ കാര്യങ്ങൾ ചെയ്യുമ്പോൾ സമയം ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഒന്ന് മറ്റൊന്നിന് വിനയാകരുത്. അതിപ്രധാനവും പ്രധാനവും തമ്മിൽ കൂട്ടിക്കുഴക്കരുത്. സമയബന്ധിതമായി ചെയ്യേണ്ടത് അതാതു സമയത്ത് ചെയ്യണം. സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകൾ മറന്ന് ആരാധനകളിൽ പരിധിവിടലും വിശ്വാസിക്ക് ചേർന്നതല്ല. സ്വഹാബികൾ രാത്രി നിസ്കാരം വർധിപ്പിച്ചപ്പോൾ “കഴിയുന്നത്ര നിങ്ങൾ ചെയ്യുക, നിങ്ങൾക്ക് മടുപ്പ് തോന്നും വരെ, അല്ലാഹുവിന് മടുപ്പ് തോന്നുകയില്ല. കർമങ്ങളിൽ അല്ലാഹുവിന് ഏറ്റവുമിഷ്ടം നിങ്ങൾ പതിവായി ചെയ്യുന്നതാണ്. അത് കുറവാണെങ്കിലും’ എന്ന് തിരുനബി(സ്വ) പ്രതികരിച്ചത് അതുകൊണ്ടാണ്.

സമയം നഷ്ടപ്പെടുത്തുകയെന്നത് ദുസ്സഹമാണെന്ന് മനസ്സിലാക്കാം. ഈ ദുരിതാവസ്ഥയുണ്ടാകുന്ന മൂന്ന് വഴികളെ നമ്മൾ ഗൗരവപൂർവം സമീപിക്കേണ്ടതുണ്ട്.

  1. അശ്രദ്ധ
    മനുഷ്യന്റെ ഹൃദയത്തെയും ബുദ്ധിയെയും ബാധിക്കുന്ന രോഗമാണിത്. അശ്രദ്ധയുള്ളവന് കാര്യങ്ങൾ യഥാവിധി മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ സാധിക്കില്ല. ഇത്തരം രോഗികളെ വിശുദ്ധ ഖുർആൻ ശക്തമായി ശാസിക്കുന്നുണ്ട്. “ജിന്നുകളിലും മനുഷ്യരിലും പെട്ട ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് മനസ്സുകളുണ്ട്; അതുപയോഗിച്ച് അവർ കാര്യങ്ങൾ ഗ്രഹിക്കുന്നില്ല. അവർക്ക് കണ്ണുകളുണ്ട്; അതുപയോഗിച്ച് അവർ കണ്ടറിയുകയില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അല്ല അതിനപ്പുറം അധഃപതിച്ചിരിക്കുന്നു. അവർ തന്നെയാണ് അശ്രദ്ധർ’ (സൂറ: അൽ അഅ്റാഫ് 179). സൂഫിവര്യനായ സഹ്‌ലുബ്‌ അബ്ദുല്ല കൂട്ടുകൂടരുതെന്ന് നിർദേശിച്ചവരിലൊരു വിഭാഗം, അശ്രദ്ധരായവരാണ്.
  2. കാര്യങ്ങൾ നീട്ടിവെക്കൽ
    –  കാര്യങ്ങൾ നാളേക്കു മാറ്റിവെക്കുന്ന രീതി അവിവേകമാണ്. അതിനു പിന്നിൽ       പതിയിരിക്കുന്ന അപകടങ്ങൾ പലതാണ്.
    – നാളെ ജീവിക്കുമെന്ന എന്തുറപ്പാണ് നമുക്കുള്ളത്?
    – ആർക്കെങ്കിലും നാളെ ജീവിക്കുമെന്ന ഉറപ്പുണ്ടായാൽ തന്നെ പൊടുന്നനെയുള്ള വല്ല  അത്യാഹിതമോ രോഗമോ ദുരന്തമോ പിടികൂടില്ലെന്നെന്തുറപ്പാണ്?
    – ഓരോ ദിവസത്തിനും അതിന്റേതായ പ്രവൃത്തികളുണ്ടായിരിക്കേ എങ്ങനെ കാര്യങ്ങളെ മാറ്റിവെക്കും? (കാര്യങ്ങൾ പിന്നീട് നിർവഹിക്കാൻ കഴിഞ്ഞേക്കുമെങ്കിലും സമയത്തോടുള്ള ബാധ്യത നിറവേറ്റാൻ കഴിയില്ലല്ലോ?)
    – നന്മകൾ ചെയ്യുന്നതിലുള്ള അലംഭാവം സ്ഥിരമായ വീഴ്ചകളിലേക്കാണ് നയിക്കുക.
    – കർത്തവ്യങ്ങൾ ചെയ്യാതിരിക്കൽ മാനുഷിക ഗുണമല്ല. മറിച്ച് ദ്രോഹമാണ്.
  3. കാലത്തെ ആക്ഷേപിക്കൽ
    കാലത്തെ ആക്ഷേപിക്കലും ദിവസങ്ങളെ പഴിക്കലും വലിയൊരു വിപത്താണ്. ഉത്തരവാദിത്വബോധമില്ലാത്തതിന്റെ ലക്ഷണമാണത്. സ്വയം വീഴ്ചകളെ തിരുത്തുകയെന്ന ബാധ്യതയിൽ നിന്നുള്ള ഒളിച്ചോട്ടമാണത്. പ്രതിസന്ധികളുടെ കാരണം, തങ്ങളുടെ വീഴ്ചകളാണെന്ന തിരിച്ചറിവിലേക്കാണ് ബുദ്ധിയുള്ളവരെത്തുക. അതിന് മതിയായ പരിഹാരവും അവർ കണ്ടെത്തും. ഈ മൂന്ന് കാര്യങ്ങളെ കരുതലോടെ സമീപിച്ചാൽ സമയത്തോടുള്ള ബാധ്യത നമുക്ക് കൃത്യമായി നിർവഹിക്കാനാകും.

Latest