National
'ഞങ്ങളെ കുറ്റപ്പെടുത്തേണ്ട'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍
സംഭവത്തില്‍ പാകിസ്ഥാന് പങ്കില്ലെന്നും ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളാണ് രക്തച്ചൊരിച്ചിലിന് പിന്നിലെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 28 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍.സംഭവത്തില്‍ പാകിസ്ഥാന് പങ്കില്ലെന്നും ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളാണ് രക്തച്ചൊരിച്ചിലിന് പിന്നിലെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു. ഇസ്ലാമാബാദിന് ഈ രക്തച്ചൊരിച്ചിലില്‍ പങ്കില്ല. അക്രമം സ്വദേശത്ത് തന്നെ വളര്‍ന്നുവന്നതാണ്. ഇന്ത്യക്കെതിരായ വിശാലമായ കലാപത്തിന്റെ ഭാഗമാണിതെന്നും ഖ്വാജ ആസിഫ് വിശേഷിപ്പിച്ചു.
പാകിസ്ഥാന്റെ ലൈവ് 92 വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫിന്റെ പരാമര്‍ശം. അതേ സമയം ഭീകരാക്രമണത്തില്‍ പാക് പങ്ക് സംബന്ധിച്ച് ഇതുവരെ യാതൊരു പരാമര്‍ശവും നടത്തുന്നതിന് മുന്‍പെയാണ് പാക് പ്രതികരണം.
ഇന്ത്യന്‍ സംസ്ഥാനങ്ങളെന്ന് വിളിക്കപ്പെടുന്ന നാഗാലാന്‍ഡ് മുതല്‍ കശ്മീര്‍ വരെയും, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും വിപ്ലവങ്ങള്‍ നടക്കുന്നുണ്ട്. ഇവ വിദേശ ഇടപെടലുകളുടെ പ്രവര്‍ത്തനങ്ങളല്ല, മറിച്ച് പ്രാദേശിക കലാപങ്ങളാണ്. എല്ലാ തരം തീവ്രവാദത്തേയും എതിര്‍ക്കുന്ന നിലപാടാണ് പാകിസ്ഥാന്റേതെന്നും ആസിഫ് പ്രതികരിച്ചു