Connect with us

Editorial

ഭാഷകളെ സാമുദായികവത്കരിക്കരുത്

ഉര്‍ദു ഇന്ത്യക്ക് അന്യമല്ലെന്നും ഇന്ത്യയിലാണ് അത് ജനിച്ചതെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതിന് കൊളോണിയല്‍ ശക്തികളാണ് ഹിന്ദിക്കും ഉര്‍ദുവിനും മതപരമായ വേര്‍തിരിവ് നല്‍കിയതെന്നും വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.

Published

|

Last Updated

ഉര്‍ദു ഭാഷയെക്കുറിച്ച് ബുധനാഴ്ച സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അടിവരയിടേണ്ടതാണ്. ഭാഷകള്‍ക്ക് മതമില്ല. ഹിന്ദിക്കും ഉര്‍ദുവിനും ഭരണഘടനാപരമായി തുല്യപരിഗണനയാണ്. ഒരു സംസ്‌കാരമാണ് ഭാഷ. ഒരു ജനതയുടെ നാഗരിക മുന്നേറ്റത്തെ അളക്കുന്നതിനുള്ള അളവുകോലുമാണ്. ഭാഷാ വൈവിധ്യത്തെ ഉള്‍ക്കൊള്ളുകയും ഹിന്ദി ഹിന്ദുവിന്റേതും ഉര്‍ദു മുസ്‌ലിമിന്റേതുമെന്ന വേര്‍തിരിവ് ഉപേക്ഷിക്കുകയും വേണം- ജസ്റ്റിസുമാരായ സുധാന്‍ഷൂ ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പാടൂര്‍ മുനിസിപല്‍ കൗണ്‍സില്‍ കെട്ടിടത്തിന്റെ സൈന്‍ ബോര്‍ഡില്‍ ഉര്‍ദു ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഉര്‍ദു ഇന്ത്യക്ക് അന്യമല്ലെന്നും ഇന്ത്യയിലാണ് അത് ജനിച്ചതെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതിന് കൊളോണിയല്‍ ശക്തികളാണ് ഹിന്ദിക്കും ഉര്‍ദുവിനും മതപരമായ വേര്‍തിരിവ് നല്‍കിയതെന്നും വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചാപ്പകുത്തി ഉര്‍ദുവിനെ നിഷ്‌കാസനം ചെയ്യാന്‍ രാജ്യത്ത് ഭരണകൂടങ്ങളുടെ ഒത്താശയോടെ സംഘടിതമായ ശ്രമം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഈ നിരീക്ഷണം. ഉത്തരേന്ത്യയില്‍ ബി ജെ പി ഭരണത്തില്‍ ഔദ്യോഗിക മേഖലകളില്‍ നിന്നെല്ലാം ഉര്‍ദുവിനെ തഴഞ്ഞു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പരാമര്‍ശിക്കുന്ന എല്ലാ ഭാഷകളെയും പരാമര്‍ശിച്ചപ്പോള്‍ ഉര്‍ദുവിനെ മാത്രം ഒഴിവാക്കി. കസ്തൂരിരംഗന്‍ കമ്മിറ്റി നേരത്തേ സമര്‍പ്പിച്ച കരടു വിദ്യാഭ്യാസ നയത്തിലും ഇതുതന്നെ സംഭവിച്ചു. കമ്മിറ്റിയുടെ ആദ്യ കരട് നയത്തില്‍ ഉര്‍ദുവുണ്ടായിരുന്നു. എന്നാല്‍ അന്തിമ കരടില്‍ ഉര്‍ദു അപ്രത്യക്ഷമായി. ഇത് യാദൃച്ഛികമല്ല.

പൂര്‍ണമായും ഇന്ത്യയില്‍ രൂപപ്പെടുകയും വളരുകയും വികാസം പ്രാപിക്കുകയും ചെയ്ത ഭാഷയാണ് ഉര്‍ദു. ഡല്‍ഹിയാണ് ഉര്‍ദുവിന്റെ ജന്മദേശം. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായാണ് ഈ ഭാഷ ജന്മമെടുക്കുന്നത്. പേര്‍ഷ്യയില്‍ നിന്നെത്തിയ വ്യാപാരികളും കുടിയേറ്റക്കാരും സംസാരിച്ചിരുന്ന അറബി, തുര്‍ക്കി, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ അന്നത്തെ ഉത്തരേന്ത്യന്‍ തദ്ദേശീയ സംസാര ഭാഷയുമായി കൂടിച്ചേര്‍ന്നാണ് ഉര്‍ദു ഉടലെടുത്തത്. ആഗോളതലത്തില്‍ അമ്പത് കോടി പേര്‍ സംസാരിക്കുന്ന ഉര്‍ദു, ഇന്ത്യയില്‍ ഹിന്ദി കഴിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയാണ്. ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷയും ഡല്‍ഹി, ബിഹാര്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയുമാണ് ഉര്‍ദു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട് ഉര്‍ദുവിനെ.

ഉര്‍ദുവിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ഉര്‍ദുവായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെ ഭാഷ. ലാഹോറുകാരിയായിരുന്ന നെഹ്‌റുവിന്റെ മാതാവ് സ്വരൂപ് റാണി ദേവി ഉര്‍ദു നന്നായി കൈകാര്യം ചെയ്യുമായിരുന്നു. പിതാവ് മോത്തിലാല്‍ നെഹ്‌റുവിനുമുണ്ടായിരുന്നു ഉര്‍ദുവില്‍ അഗാധജ്ഞാനം. 1907ല്‍ യു പിയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മോത്തിലാലിന്റെ പ്രസംഗം ഉര്‍ദുവിലായിരുന്നു. ഇന്ത്യയുടെ രാഷ്ട്ര ഭാഷയായി ഉര്‍ദുവിനെ അംഗീകരിക്കണമെന്നായിരുന്നു നെഹ്‌റുവിന്റെ താത്പര്യം. മറ്റു മിക്ക സ്വാതന്ത്ര്യ സമര നേതാക്കളും ഇതിനോട് അനുകൂലഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 1947ലെ വിഭജനത്തെ തുടര്‍ന്ന് പാകിസ്താന്‍ നിലവില്‍ വരികയും ഉര്‍ദുവിനെ ദേശീയ ഭാഷയായി പാകിസ്താന്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇത് നടക്കാതെ പോയത്.
ഗാന്ധിജിയും അംഗീകരിച്ചിരുന്നു ഉര്‍ദുവിന്റെ പ്രാധാന്യം. “ഉര്‍ദു ഇല്ലാത്ത ഇന്ത്യ അപൂര്‍ണമാണെ’ന്നാണ് 1918ല്‍ ഇന്‍ഡോറില്‍ സാഹിത്യ സമ്മേളനത്തില്‍ സംസാരിക്കവെ ഗാന്ധിജി പറഞ്ഞത്. 1999 ജൂലൈ 29ന് നടന്ന അഖിലേന്ത്യാ ഉര്‍ദു എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെ അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ ഉര്‍ദുവിന്റെ പ്രാധാന്യവും ജനകീയതയും എടുത്തുപറയുകയുണ്ടായി. “മുസ്‌ലിം ഭാഷയല്ല ഉര്‍ദു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിന്ദുക്കളും മറ്റു മതസ്ഥരും ധാരാളമുണ്ട് ഉര്‍ദു സംസാരിക്കുന്നവരില്‍. ഹൈന്ദവ ഭക്തകവി സന്ത് തുക്കുറാം ഉര്‍ദുവിലാണ് അദ്ദേഹത്തിന്റെ ഒട്ടേറെ ഭക്തിഗാനങ്ങള്‍ എഴുതിയത്. പ്രമുഖ സാഹിത്യകാരനായിരുന്ന മുന്‍ഷി പ്രേംചന്ദിന്റെ ആദ്യകാല കൃതികള്‍ ഉര്‍ദുവിലാണ്’ എന്നും കെ ആര്‍ നാരായണന്‍ ചൂണ്ടിക്കാട്ടി. ആശയ വിനിമയത്തിന്റെ മാത്രമല്ല, സാമുദായിക ഐക്യത്തിന്റെയും ദേശീയ ഏകീകരണത്തിന്റെയും മാധ്യമമായാണ് ഉര്‍ദുവിനെ ആദ്യകാല നേതാക്കളെല്ലാം കണ്ടത്.

സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ബ്രിട്ടീഷ്്വിരുദ്ധ വികാരവും ദേശീയബോധവും ഉണര്‍ത്തുന്നതില്‍ ഉര്‍ദു വലിയ പങ്കുവഹിച്ചു. അച്ചടി മാധ്യമങ്ങള്‍ രംഗത്തു വന്നിട്ടില്ലാത്ത കാലഘട്ടത്തില്‍ ബ്രിട്ടീഷ്്വിരുദ്ധ വികാരം ധ്വനിപ്പിക്കുന്ന നിരവധി ഉര്‍ദു കൈയെഴുത്ത് പത്രങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകളെ ഒരുമിച്ചു കൂട്ടി ഉര്‍ദുപത്രങ്ങള്‍ ഉറക്കെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ രംഗത്തിറക്കുന്നതിൽ ഉര്‍ദു പത്രങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. ദില്ലി അഖ്ബാര്‍, സാദിഖുല്‍ അഖ്ബാര്‍ തുടങ്ങിയ ഉര്‍ദു പത്രങ്ങള്‍ ദേശീയ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടാന്‍ ജനങ്ങൾക്ക് പ്രചോദനമേകി. ഈ പശ്ചാത്തലത്തില്‍, മുസ്‌ലിമേതരരെ ഉര്‍ദുവുമായി അകറ്റി രാജ്യത്ത് സാമൂഹിക വിഭജനം സൃഷ്ടിക്കുന്നതിന് ബ്രിട്ടീഷുകാരാണ് ഉര്‍ദു മുസ്‌ലിംകളുടെ ഭാഷയാണെന്ന പ്രചാരണത്തിന് തുടക്കമിട്ടത്. കൊളോണിയലിസത്തിന്റെ ഈ കുതന്ത്രത്തില്‍ അകപ്പെടുകയായിരുന്നു ഹിന്ദുത്വര്‍. ഈ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് സുപ്രീം കോടതി നിരീക്ഷണം.

Latest