Editorial
പുനരധിവാസ പദ്ധതിയില്‍ കാലതാമസം അരുത്
സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ചൊല്ല് ടൗണ്‍ഷിപ്പ് പദ്ധതിയിലും ആവര്‍ത്തിക്കാന്‍ ഇടവരരുത്. കാലതാമസം വന്നാല്‍ നിര്‍മാണച്ചെലവ് വര്‍ധിക്കുകയും എസ്റ്റിമേറ്റ് പുതുക്കേണ്ടി വരികയും ചെയ്യും. അതിലുപരി ദുരിതബാധിതര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രയാസകരമായ ജീവിതം നയിക്കുകയാണെന്ന കാര്യവും വിസ്മരിക്കരുത്.
എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിനെതിരെ ഉടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് നിയമപരമായ തടസ്സങ്ങള്‍ നീങ്ങി. ഇനി എത്രയും വേഗം ടൗണ്‍ഷിപ്പ് നിര്‍മാണം ആരംഭിക്കേണ്ടതുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം നെടുമ്പാലയിലും കല്‍പ്പറ്റയിലും ചായത്തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് തോട്ടം ഉടമകളായ ഹാരിസന്‍ മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും തടസ്സവാദവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹരജി തള്ളിയ ഹൈക്കോടതി സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോള്‍ തടസ്സം നില്‍ക്കരുതെന്ന് സ്ഥലം ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. 2013ലെ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം കമ്പനി ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാറിനോടും കോടതി നിര്‍ദേശിച്ചു.
അഞ്ച് മാസമായി വയനാട്ടില്‍ രണ്ട് ഗ്രാമങ്ങളെയാകെ പിഴുതെറിഞ്ഞ ഉരുള്‍പൊട്ടലും പ്രളയവും നടന്നിട്ട്. ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ആയിരക്കണക്കിനു പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന കാലദൈര്‍ഘ്യം, കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിക്കാതിരുന്നത്, പുനരധിവാസത്തിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കുന്നതില്‍ വന്ന പിഴവും കാലതാമസവും, ഭൂമി കണ്ടെത്തല്‍ തുടങ്ങിയ കാരണങ്ങളാലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടത്. 2000 കോടി രൂപയാണ് പുനരധിവാസ പദ്ധതിക്ക് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. അത്രത്തോളം ലഭിച്ചില്ലെങ്കിലും കേന്ദ്രം സഹകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തീര്‍ത്തും നിരാശാജനകമായിരുന്നു പ്രതികരണം. പുനരധിവാസം സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നു പറഞ്ഞ് കേന്ദ്രം കേരളത്തിനു നേരെ മുഖം തിരിക്കുകയായിരുന്നു. കേന്ദ്ര സഹായം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭവുമായി രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഈ മാസം 22ന് ചേര്‍ന്ന മന്ത്രിസഭായോഗം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ തീരുമാനിച്ചത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഗുണഭോക്താക്കളുടെ പട്ടികയില്‍ സംഭവിച്ച പിഴവുകളും പൊല്ലാപ്പായി. അര്‍ഹരായ ചിലരുടെ പേരുകള്‍ വിട്ടുപോയി, ചില പേരുകളില്‍ ഇരട്ടിപ്പ്, അര്‍ഹരല്ലാത്തവര്‍ കടന്നുകൂടി തുടങ്ങിയ പരാതികള്‍ ഉയര്‍ന്നു. ഇതിനെതിരെ ജനകീയ ആക്‌ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. മാനന്തവാടി സബ്കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ 388 കുടുംബങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. അതേസമയം പട്ടികയിലെ പിഴവുകള്‍ സാങ്കേതികം മാത്രമാണെന്നും പരിഹരിക്കാവുന്നതേയുള്ളൂവെന്നും റവന്യൂ മന്ത്രി കെ രാജന്‍ ചൂണ്ടിക്കാട്ടുന്നു. കരട് പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. പരാതികള്‍ അറിയിക്കാന്‍ പതിനഞ്ച് ദിവസം നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട ഒരാള്‍ക്കും വീട് ലഭിക്കാതെ പോകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പുനരധിവാസത്തിന് രണ്ട് പ്രദേശത്തായി രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. കിഫ്ബി തയ്യാറാക്കിയ മാതൃകയിലായിരിക്കും നിര്‍മാണം. 1,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടുകള്‍ക്കു പുറമെ ആശുപത്രികള്‍, വിദ്യാലയങ്ങള്‍, കളിസ്ഥലങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളുന്ന ടൗണ്‍ഷിപ്പുകള്‍ക്ക് 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ വിപുലീകരിക്കാന്‍ സൗകര്യപ്പെടുന്ന തരത്തിലായിരിക്കും വീട് നിര്‍മാണം. കേന്ദ്രം നിസ്സഹകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായ സാഹചര്യത്തില്‍ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. പുനരധിവാസത്തിന് വീടുകള്‍ വാഗ്ദാനം ചെയ്ത സംഘടനകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി സഹകരണം ഉറപ്പാക്കും. ടൗണ്‍ഷിപ്പ് നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കും മേല്‍നോട്ട ചുമതല കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സി വിഭാഗമായ കിഫ്‌കോണിനും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. എന്നാല്‍ വീട് സ്‌പോണ്‍സര്‍ ചെയ്തവരുടെ അഭിപ്രായവും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടി വന്നേക്കും. വിശിഷ്യാ നൂറ് വീടുകള്‍ വീതം വാഗ്ദാനം ചെയ്ത കര്‍ണാടക, തെലങ്കാന സര്‍ക്കാറുകളുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും.
തടസ്സങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബൃഹത്തായ പദ്ധതിയാണ് നാനൂറോളം വീടുകളും പൊതുസ്ഥാപനങ്ങളുമടങ്ങുന്ന രണ്ട് ടൗണ്‍ഷിപ്പുകള്‍. പൊതുവെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അവിചാരിതമായ തടസ്സങ്ങള്‍ മൂലം കാലതാമസം നേരിടുന്നത് പതിവാണ്. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ചൊല്ല് ടൗണ്‍ഷിപ്പ് പദ്ധതിയിലും ആവര്‍ത്തിക്കാന്‍ ഇടവരരുത്. കാലതാമസം വന്നാല്‍ നിര്‍മാണച്ചെലവ് വര്‍ധിക്കുകയും എസ്റ്റിമേറ്റ് പുതുക്കേണ്ടി വരികയും ചെയ്യും. അതിലുപരി ദുരിതബാധിതര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രയാസകരമായ ജീവിതം നയിക്കുകയാണെന്ന കാര്യവും വിസ്മരിക്കരുത്.
സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ എന്ത് പഴുതുണ്ടെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണോ പ്രതിപക്ഷമെന്ന് സംശയിപ്പിക്കുന്നതാണ് പുനരധിവാസവുമായി ബന്ധപ്പെട്ട അവരുടെ പ്രസ്താവനകള്‍. പിഴവുകള്‍ കണ്ടാല്‍ വിമര്‍ശിക്കണം. എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്ന പ്രവണത നന്നല്ല. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. അതിന്റെ പ്രത്യാഘാതത്തില്‍ നിന്ന് കരകയറി പുനരധിവാസ പ്രവര്‍ത്തനം ആരംഭിക്കാന്‍ സ്വാഭാവികമായും കുറച്ചൊക്കെ കാലതാമസം നേരിടും. അത് കണ്ടറിഞ്ഞു വിമര്‍ശത്തില്‍ മിതത്വം പാലിച്ച് പുനരധിവാസ പ്രവര്‍ത്തനവുമായി പരമാവധി സഹകരിക്കുന്ന നിലപാടായിരിക്കണം പ്രതിപക്ഷം കൈക്കൊള്ളേണ്ടത്.