Connect with us

aathmeeyam

പ്രത്യുപകാരം പ്രതീക്ഷിക്കരുത്

അന്യരുടെ പക്കലുള്ളത് പ്രതീക്ഷിക്കരുത്. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് ഉണ്ടാവുകയും വേണം. ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തുകൊടുത്താൽ അവരില്‍നിന്ന് പ്രത്യുപകാരം ആഗ്രഹിക്കരുത്. കാരണം, പ്രത്യുപകാരം പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശ പിടികൂടാൻ സാധ്യത കൂടുതലാണ്. പ്രത്യുപകാരം പ്രതീക്ഷിച്ചുള്ള സഹായങ്ങളിൽ ബറകത് കുറയുകയും ചെയ്യും. എങ്കിലും നന്മ ചെയ്തവരോട് നന്ദി പ്രകടിപ്പിക്കുകയെന്നത് മാന്യതയുടെ ഭാഗമാണ്.

Published

|

Last Updated

സാമൂഹിക ജീവിയായ മനുഷ്യൻ കൊണ്ടും കൊടുത്തുമുള്ള പരസ്പര സഹകരണത്തിൽ വർത്തിക്കേണ്ടവനാണ്. സമൃദ്ധിയും ഐശ്വര്യവും പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം പ്രപഞ്ച നാഥന്റെ അലംഘനീയമായ തീരുമാനപ്രകാരമാണ് സംഭവിക്കുന്നത്. സമ്പന്നൻ മതിമറന്ന് ജീവിക്കേണ്ടവനോ ദരിദ്രൻ പട്ടിണി കിടന്ന് മരിക്കേണ്ടവനോ അല്ല.

പരോപകാരത്തെയും പരസ്പര സഹകരണത്തേയും സർവ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. “പരോപകാരമേ പുണ്യം’ എന്നതാണല്ലോ ഭാഗവതതത്ത്വം. വിശുദ്ധ ഖുർആനിലെ 107-ാം അധ്യായത്തിന്റെ പേരുതന്നെ അൽമാഊൻ അഥവാ പരോപകാരം എന്നാണ്.

ഏതൊരാൾക്കും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാകും. എന്നാൽ, സമൃദ്ധിയുടെ ഉച്ചിയിലെത്തിയവരിൽ ചിലർ താൻ നേടിയതെല്ലാം തന്റെ മിടുക്കുകൊണ്ടാണെന്ന് നടിക്കാറുണ്ട്. ഇത് ഉയരത്തിലെത്തിയ ശേഷം കയറിവന്ന ഏണി പിറകോട്ട് തള്ളിയിടുന്നതുപോലെയാണ്. എല്ലാം തന്റെ സ്വയം പ്രയത്നനത്താൽ നേടിയതാണ്, എനിക്കാരുടെയും ഒത്താശകൾ വേണ്ടതില്ല എന്നെല്ലാം ചിന്തിക്കുന്നത് മൗഢ്യമാണ്.

ഐശ്വര്യത്തിനുശേഷം കഷ്ടതയനുഭവിക്കുന്നവരുടെ മനോമുകരങ്ങളിൽ തികട്ടി വരുന്ന ചില സ്വാഭാവിക ചിന്തകളുണ്ട്. “ഒരുകാലത്ത് എന്റെ സഹായം പറ്റിയവനാണ് അവൻ, ഇന്ന് ഞാൻ കഷ്ടപ്പെടുമ്പോൾ അവൻ തിരിഞ്ഞുനോക്കുക പോലും ചെയ്യുന്നില്ല’!. ഇത്തരം ചിന്തകൾ മനുഷ്യസഹജമാണെങ്കിലും ചെയ്തുകൊടുത്ത ഉപകാരത്തിന് പ്രത്യുപകരം പ്രതീക്ഷിക്കരുത്. അങ്ങനെ പ്രതീക്ഷിക്കുമ്പോഴാണ് മനസ്സ് അസ്വസ്ഥമാകുന്നതും തെറ്റായ വഴിയിൽ ചിന്തിക്കുന്നതും.’
ഒരിക്കൽ സഹായിച്ചതിന് ജീവിതകാലം മുഴുവൻ അയാളുടെ അടിമയായിരിക്കണമോ എന്ന് പറയുന്നവരുമുണ്ട്. ഇതും അഭിലഷണീയമായ ചിന്തയല്ല.
അന്യരുടെ പക്കലുള്ളത് പ്രതീക്ഷിക്കരുത്. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് ഉണ്ടാവുകയും വേണം. ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തുകൊടുത്താൽ അവരില്‍നിന്ന് പ്രത്യുപകാരം ആഗ്രഹിക്കരുത്. കാരണം, പ്രത്യുപകാരം പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശ പിടികൂടാൻ സാധ്യത കൂടുതലാണ്. പ്രത്യുപകാരം പ്രതീക്ഷിച്ചുള്ള സഹായങ്ങളിൽ ബറകത് കുറയുകയും ചെയ്യും. എങ്കിലും നന്മ ചെയ്തവരോട് നന്ദി പ്രകടിപ്പിക്കുകയെന്നത് മാന്യതയുടെ ഭാഗമാണ്. എഴുത്തച്ഛന്റെ വരികളിൽ കാണാം:

“പ്രത്യുപകാരം മറക്കുന്ന മനുഷ്യൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’.

സാമ്പത്തികവും ശാരീരികവുമായ സേവനങ്ങൾ ഭൗതികമായ നേട്ടങ്ങളും നന്ദിയും നല്ലവാക്കും പ്രശംസയും പ്രത്യുപകാരവും പ്രതീക്ഷിച്ച് ആകരുത്. ഒരാൾ തന്റെ ഇഷ്ടപ്പെട്ട സമ്പാദ്യം അനാഥകൾക്കും അഗതികൾക്കും വേണ്ടി വിനിയോഗിക്കുമ്പോൾ ഏതെങ്കിലും വിധേനയുള്ള പ്രകടനാത്മകതയോ പ്രത്യുപകാര പ്രതീക്ഷയോ വിശ്വാസികളെ തൊട്ടുതീണ്ടരുതെന്നും ദൈവികമായ പ്രതിഫലം മാത്രമായിരിക്കണം പ്രചോദനമെന്നും വിശുദ്ധ ഖുർആൻ ഉദ്ബോധിപ്പിക്കുന്നുണ്ട്.
“(അല്ലാഹുവിന്റെ ദാസന്‍മാര്‍) ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥക്കും തടവുകാരനും നല്‍കും. എന്നിട്ട് അവർ പറയും: അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’. (സൂറതുൽ ഇൻസാൻ: 8, 9)

ഗുണം ചെയ്തവരെ മറക്കാൻ പാടില്ല. അവർക്ക് സഹായം ആവശ്യമാകുമ്പോൾ കണ്ടറിഞ്ഞ് അവരെ സഹായിക്കണം. മക്കയില്‍ കഠിനമായ ക്ഷാമം അനുഭവപ്പെട്ട വേളയില്‍ ദരിദ്രനും പ്രാരാബ്ധക്കാരനുമായിരുന്ന അബൂത്വാലിബിന് കുടുംബ ഭാരം പ്രയാസകരമായി. തദവസത്തിൽ തിരുനബി(സ) അത് തിരിച്ചറിയുകയും താൻ അനാഥനായപ്പോൾ നന്നായി പോറ്റിവളര്‍ത്തി വലുതാക്കിയ അബൂത്വാലിബിന് ഏറ്റവും ആവശ്യമായ അവസരത്തില്‍ പ്രത്യുപകാരമായി സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: “മേലെയുള്ള കൈ താഴെയുള്ള കൈയിനേക്കാൾ ഉത്തമമാണ്’ (ബുഖാരി). മറ്റൊരു ഹദീസിൽ കാണാം. “നല്‍കുന്ന കൈ മഹോന്നതമാണ്. സ്വകുടുംബത്തില്‍ നിന്നാണ് നല്‍കിത്തുടങ്ങേണ്ടത്. ആദ്യം ഉമ്മക്കും പിന്നെ ഉപ്പക്കും പിന്നെ സഹോദരിക്കും പിന്നെ സഹോദരനും നല്‍കണം’ (അഹ്മദ്). അബ്ദുല്ല(റ) നിവേദനം. നബി(സ) പറഞ്ഞു: “ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ; മുറിഞ്ഞ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നവനാണ്’ (ബുഖാരി).

ചുരുക്കത്തിൽ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ചെയ്യുന്ന സഹായമാണ് ഏറ്റവും മികച്ച സഹായം. തീര്‍ച്ചയായും ചെയ്യുന്ന കർമങ്ങൾക്ക് പ്രതിഫലം ലഭിക്കും. ഒരുപക്ഷേ ഭൗതിക ജീവിതത്തിൽ കിട്ടിയേക്കാം, വിശ്വാസ ദാർഢ്യതയുള്ളവർക്ക് പരലോകത്ത് ലഭിക്കുക തന്നെ ചെയ്യും. അല്ലാഹു പറയുന്നു: “നിശ്ചയം അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്റെ പക്കല്‍ നിന്നുള്ള വലിയ പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌.’ (സൂറതുന്നിസാഅ്: 40)

Latest