articles
കള്ളന് കഞ്ഞിവെക്കരുത്
ഇസ്്ലാം നിർദേശിച്ച രീതിക്ക് വിരുദ്ധമായി സകാത്ത് ശേഖരിക്കുന്നുവെന്നതിന് പുറമെ അല്ലാഹു നിർദേശിച്ചതിന് വിരുദ്ധമായി സകാത്ത് മുതൽ അടിച്ചുമാറ്റുക കൂടി ചെയ്യുന്നുവെന്നതാണ് സമുദായം സഗൗരവം കാണേണ്ടത്. പത്രം, ചാനൽ, സ്ഥാപനങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങിയവക്കെല്ലാം സകാത്ത് വിഹിതം ഉപയോഗിക്കുന്ന കുതന്ത്രമാണ് മതപരിഷ്കരണ വാദികൾ നടത്തുന്നത്.
ഭൂമി മനുഷ്യരുൾപ്പെടെയുള്ള ജൈവ ലോകത്തിന്റെ താത്കാലിക സങ്കേതമാണ്. നിശ്ചിത കാലം വരെ ജീവിക്കാനാവശ്യമായ എല്ലാ വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ വിഭവങ്ങളുടെയെല്ലാം യഥാർഥ ഉടമസ്ഥൻ അല്ലാഹു തന്നെയാണ്. എന്നാൽ ഇതിന്റെ താത്കാലിക ഉടമാവകാശം വ്യത്യസ്ത അളവിൽ പലർക്കും അവൻ നൽകാറുണ്ട്. ധനികന് സമ്പത്ത് നൽകുന്നതും ദരിദ്രന് നൽകാതിരിക്കുന്നതും പരീക്ഷണത്തിന്റെ ഭാഗമാണ്. അഹങ്കരിച്ചും പാവപ്പെട്ടവരെ അവഗണിച്ചും ജീവിക്കാതെ അല്ലാഹുവിനോട് കൂടുതൽ നന്ദി കാണിക്കുന്നുണ്ടോ എന്ന വിഷയത്തിലാണ് സമ്പന്നർ പരീക്ഷിക്കപ്പെടുന്നത്. ദരിദ്രൻ, കളവും കവർച്ചയും നടത്താതെ അനുവദനീയമായ മാർഗത്തിൽ സമ്പാദിക്കാൻ ശ്രമിച്ച് ലഭ്യമായത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നുണ്ടോ എന്നതിൽ പരീക്ഷിക്കപ്പെടുകയാണ്.
ഭൂമിയിൽ എല്ലാവരും സമ്പന്നരായാൽ പിന്നെ പുരോഗമന പാതയിൽ ഒരടി മുന്നോട്ടുപോകാൻ കഴിയില്ല. തൊഴിലാളികളും പാവപ്പെട്ടവരും ഉണ്ടാകുമ്പോൾ മാത്രമേ പണത്തിനും മുതലാളിക്കും പ്രസക്തിയുള്ളൂ. എന്നാൽ മുതലാളിമാർ എന്നും സമ്പന്നരായിത്തന്നെ കഴിയണമെന്ന് അല്ലാഹുവിന് താത്പര്യമില്ല. അവർക്കും എത്രയും സമ്പാദിക്കാം. പണമുള്ളവർക്ക് കൂടുതൽ പണക്കാരനാകാൻ കഴിയുമ്പോൾ പാവപ്പെട്ടവർ കൂടുതൽ ദരിദ്രരാകാൻ സാധ്യതയുണ്ട്. ഇതിനുള്ള പരിഹാരമാണ് സകാത്ത്. സമ്പന്നന്റെ നിശ്ചിത മുതലുകൾ നിശ്ചിത പരിധിയിലെത്തിയാൽ അതിന്റെ നാൽപ്പതിൽ ഒന്ന് പാവപ്പെട്ടവരുടെ അവകാശമാണ്. ഇതുവഴി ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കാൻ സാധിക്കുന്നു.
സകാത്തിന്റെ മുതലുകൾ
നാല് തരം മുതലുകളിൽ മാത്രമാണ് സകാത്ത് നിശ്ചയിക്കപ്പെട്ടത്. 1. സാർവത്രികമായി വിലയായി ഉപയോഗിക്കപ്പെടുന്നവ. (സ്വർണം, വെള്ളി, കറൻസിനോട്ടുകൾ). 2. കച്ചവടച്ചരക്കുകൾ. ഭൂമി, വാഹനം ഉൾപ്പെടെയുള്ളവ കച്ചവടച്ചരക്കായി മാറുമ്പോൾ അതിന് സകാത്ത് നൽകണം. 3. പഴങ്ങളിലും ധാന്യങ്ങളിലും മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാൻ പറ്റുന്നതുമായവ. 4. കന്നുകാലികൾ. വൻകിട കന്നുകാലി കർഷകർക്കേ സകാത്ത് വരുന്നുള്ളൂ. തേങ്ങ, റബ്ബർ, കുരുമുളക് പോലുള്ളവക്ക് നേരിട്ട് സകാത്ത് ബാധകമല്ല. അവ മുഖ്യാഹാരമല്ലാത്തതാണ് കാരണം. എന്നാൽ അവ വിൽപ്പന നടത്തിയ കാശ് ഒരു വർഷം സൂക്ഷിച്ചുവെക്കുകയും നിശ്ചിത സംഖ്യ ഉണ്ടാകുകയും ചെയ്താൽ അതിന് സകാത്ത് നൽകണം.
അവകാശികൾ
എട്ട് വിഭാഗങ്ങൾക്ക് മാത്രമാണ് സകാത്തിനുള്ള അവകാശമെന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട് (തൗബ:60). പരമദരിദ്രൻ, പാവപ്പെട്ടവൻ, ഭരണാധികാരിക്ക് കീഴിലുള്ള സകാത്ത് ഉദ്യോഗസ്ഥൻ, പുതുവിശ്വാസികൾ, കടം കൊണ്ട് വലഞ്ഞവർ, മോചനപ്പത്രം എഴുതപ്പെട്ട അടിമകൾ, ഭരണാധികാരിക്ക് കീഴിൽ ധർമ സമരത്തിലേർപ്പെടുന്നവർ, ഹലാലായ യാത്രക്കിടെ എല്ലാം നഷ്ടപ്പെട്ടുപോയവർ.ഇവരല്ലാത്ത ആർക്കും സകാത്തിന് അർഹതയില്ല എന്നാണ് വിശുദ്ധ ഖുർആൻ തീർത്തുപറയുന്നത്.
മതവിരുദ്ധമാകുന്ന വിധം
വിതരണ രീതിയുടെ കാര്യത്തിൽ സകാത്ത് മുതലുകളെ ഇസ്്ലാം രണ്ടായി വേർതിരിച്ചിട്ടുണ്ട്. ഒന്ന്: പ്രത്യക്ഷ ധനം. കൃഷി, കന്നുകാലികൾ, ഖനന കേന്ദ്രങ്ങൾ (സ്വർണം, വെള്ളി) എന്നിവയാണത്. രണ്ട്: പരോക്ഷമായ ധനം. സ്വർണം, വെള്ളി, നിധി, കച്ചവടമുതലിന്റെ സകാത്ത്, ഫിത്വ്്ർ സകാത്ത് (ശറഹുൽ മുഹദ്ദബ് 6/164). ഇതിൽ ആദ്യം പറഞ്ഞ പ്രത്യക്ഷ മുതലായ കൃഷിയുടെ സകാത്തും കന്നുകാലികളുടെയും സ്വർണം, വെള്ളി എന്നിവ കുഴിച്ചെടുക്കുന്ന ഖനന കേന്ദ്രങ്ങളുണ്ടെങ്കിൽ അവയുടെയും സകാത്തുകൾ ഇസ്്ലാമിക ഗവൺമെന്റ് ഉണ്ടെങ്കിൽ അവർക്ക് ഏറ്റെടുത്ത് വിതരണം ചെയ്യാം. ഗവൺമെന്റ്ചോദിച്ചാൽ കൊടുക്കൽ ദായകർക്ക്നിർബന്ധവുമാണ്.
എന്നാൽ, പരോക്ഷ മുതലുകളായ സ്വർണം, വെള്ളി (ഇവയുടെ സ്ഥാനത്ത് വരുന്ന കറൻസി നോട്ടുകൾ) കച്ചവടത്തിന്റെ സകാത്ത്, ഫിത്വ്്ർ സകാത്ത് തുടങ്ങിയവ ഉടമകൾ നേരിട്ടാണ് വിതരണം ചെയ്യേണ്ടത്. ഇത് ദായകരിൽ നിന്ന് ചോദിച്ചുവാങ്ങാൻ ഇസ്ലാമിക ഭരണാധികാരിക്ക് തന്നെ അവകാശമില്ല (നിഹായ3/136-മുഅ്നി) 413).
ഇവിടെയാണ് വഹാബി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതനവീകരണവാദികൾ മുന്നോട്ടുവെക്കുന്ന ബൈതുസ്സകാത്ത് അനിസ്്ലാമികമായി മാറുന്നത്. ഇസ്്ലാമിക ഭരണാധികാരിക്ക് വാങ്ങി വിതരണം ചെയ്യാൻ അധികാരമുള്ള സകാത്ത് മുതലുകൾ കേരളീയ സാഹചര്യത്തിൽ നന്നേ കുറവാണ്. 1,920 ലിറ്റർ നെല്ലുത്പാതിപ്പിച്ചവർ മാത്രമേ സകാത്ത് നൽകേണ്ടതുള്ളൂ. അപ്രകാരം 40 ആടുകളും 30 പശുക്കളും ഉള്ളവരേ കന്നുകാലികളുടെ സകാത്ത് നൽകേണ്ടതുള്ളൂ. പിന്നെ സ്വർണവും വെള്ളിയും ഖനനം ചെയ്യുന്ന കേന്ദ്രങ്ങൾ ഇവിടെ ആരുടെയും ഉടമസ്ഥതയിൽ ഇല്ലതാനും.
അപ്പോൾ ഇസ്ലാമിക ഭരണാധികാരിക്ക് തന്നെ ചോദിച്ചുവാങ്ങാൻ അവകാശമില്ലാത്ത പരോക്ഷ മുതലുകളുടെ സകാത്താണ് ഈ ബൈതുസ്സകാത്തുകാർ പിരിച്ചെടുക്കുന്നത് എന്നതുകൊണ്ടു തന്നെ ഇത് ഇസ്്ലാമിക രീതിയല്ല. സകാത്ത് കമ്മിറ്റികൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ഇസ്്ലാമിക പാരമ്പര്യമല്ലെന്ന് പ്രബോധനം തന്നെ സൂചിപ്പിക്കുന്നത് കാണുക. “സകാത്തിന്റെ സംഭരണവും വിതരണവും ഖുർആന്റെയും നബിവചനങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ചാൽ സർക്കാറിന്റെ ചുമതലയാണ് എന്ന് മനസ്സിലാകും. സകാത്തിന്റെ സംഭരണത്തേക്കാളേറെ അതിന്റെ വിതരണത്തിനാണ് ഖുർആൻ കൂടുതൽ ഊന്നൽ നൽകുന്നത്. കാരണം സകാത്ത് യാഥാവിധി ചെലവഴിക്കലും യഥാസ്ഥാനങ്ങളിൽ എത്തിച്ചുകൊടുക്കലും സംഭരണത്തേക്കാൾ വിഷമംപിടിച്ച ജോലിയാണ്’ (പ്രബോധനം: 2005 ഒക്ടോബർ 29). എന്നാൽ, ഇപ്പോൾ ജമാഅത്തെ ഇസ്്ലാമി സ്വയം ഭരണാധികാരിയായി സകാത്ത് സമാഹരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
സകാത്ത് കൊള്ള
ഇസ്്ലാം നിർദേശിച്ച രീതിക്ക് വിരുദ്ധമായി സകാത്ത് ശേഖരിക്കുന്നുവെന്നതിന് പുറമെ അല്ലാഹു നിർദേശിച്ചതിന് വിരുദ്ധമായി സകാത്ത് മുതൽ അടിച്ചുമാറ്റുക കൂടി ചെയ്യുന്നുവെന്നതാണ് സമുദായം സഗൗരവം കാണേണ്ടത്. സകാത്തിന് അർഹതയുള്ള എട്ട് വിഭാഗത്തിൽ “ഫീ സബീലില്ലാഹ്’ എന്ന പരാമർശത്തെ അല്ലാവിന്റെ മാർഗത്തിൽ എന്ന് പൊതുവായി വ്യാഖ്യാനിച്ച് പത്രം, ചാനൽ, സ്ഥാപനങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങിയവക്കെല്ലാം സകാത്ത് വിഹിതം ഉപയോഗിക്കുന്ന കുതന്ത്രമാണ് മതപരിഷ്കരണ വാദികൾ നടത്തുന്നത്. എന്നാൽ “ഫീ സബീലില്ലാഹ്’ എന്നതിന്റെ ഉദ്ദേശ്യം മുജാഹിദ് പത്രം തന്നെ മുമ്പ് എഴുതിയത് ഇപ്രകാരമാണ്. ആറാമത്തെ ഇനമായ സബീലുല്ലാഹി എന്നതിന് മുഫസ്സിറുകൾ ഭൂരിപക്ഷവും മതാഭിവൃദ്ധിക്കുവേണ്ടി പോരാടുന്ന യോദ്ധാക്കൾ എന്നാണ് വ്യാഖ്യാനം കൊടുത്തിട്ടുള്ളത് (അൽമുർശിദ് പു:2 പേ:312-313).
യഥാർഥത്തിൽ മുസ്ലിം ഭരണാധികാരിയുടെ കീഴിൽ ധർമസമരത്തിൽ ഏർപ്പെടുന്നവർക്കുള്ള വിഹിതത്തെ തങ്ങളുടെ ചാനലും പത്രവും സംഘടനാ പ്രവർത്തനങ്ങളുമൊക്കെ ഇത്തരം പോരാളികളാണ് എന്ന് വാദിച്ച് കൊണ്ടാണ് ഈ പകൽകൊള്ള
നടത്തുന്നത്.
മുജാഹിദുകൾ തങ്ങളുടെ സംഘടനാ പ്രവർത്തനത്തിന് വേണ്ടി സകാത്ത് ചോദിക്കുന്നതും കാണുക. “ഖുർആനും സുന്നത്തും അറബി സാഹിത്യവും പ്രചരിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കുന്നതിനുമായി സ്ഥാപിതമായി പ്രശസ്തമാംവണ്ണം വളർന്നുവരുന്ന ഒരു സംഘമാണ് കേരള നദ്വത്തുൽ മുജാഹിദീൻ. അതിനാൽ സകാത്തിന്റെ ഫണ്ടിൽ മുജാഹിദുകൾക്കുള്ള വിഹിതവും മറ്റു സംഭാവനകളും നൽകി ഈ പരിപാവനമായ മാസത്തിൽ സംഘത്തെ സഹായിക്കണമേയെന്ന് എല്ലാ സഹോദരന്മാരോടും പ്രത്യേകം അപേക്ഷിക്കുന്നു.’ ഉമർ മൗലവി പുറത്തിറക്കിയിരുന്ന ക്ഷുദ്രകൃതിയായിരുന്ന സൽസബീലിന് വേണ്ടി സകാത്ത് ചോദിക്കുന്നത് നാല് വകുപ്പനുസരിച്ചാണ്. “പുണ്യമാസങ്ങളിൽ നിങ്ങളുടെ ദാനധർമങ്ങളിൽ ഒരംശം സൽസബീലിനു നൽകുക. ഫഖീർ, മിസ്കീൻ, ഗാരിമീൻ, ഫീ സബീലില്ലാഹി എന്നീ നിലക്കെല്ലാം സൽസബീലിന് സകാത്തിനവകാശമുണ്ട്’ (സൽസബീൽ -1973 ആഗസ്റ്റ്). ഇവരുടെ സകാത്ത് സെല്ലിലേക്ക് ഏൽപ്പിച്ചാൽ സകാത്ത് എവിടെ എത്തും എന്ന് ചിന്തിക്കുക.
ജമാഅത്തെ ഇസ്ലാമി മാധ്യമവും അവരുടെ ചാനലുമെല്ലാം സകാത്തും വഖ്ഫ് സ്വത്തും ഉപയോഗിച്ചാണ് ആരംഭിച്ചതെന്നും അത് മാധ്യമ ജിഹാദിന്റെ ഭാഗമാണെന്നും അവരുടെ നേതാവ് ഖാലിദ് മൂസ നദ്്വി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ജമാഅത്ത് വിദ്യാർഥി സംഘടനയുടെ മുൻ പ്രസിഡന്റ് വി ടി അബ്ദുല്ലക്കോയയുടെ പേരിൽ പുറത്തിറക്കിയ ലഘുലേഖയിൽ സകാത്ത് ചോദിക്കുന്നത് ഇപ്രകാരമാണ്. “ദാനധർമങ്ങൾക്ക് ധാരാളം പ്രതിഫലം ലഭിക്കുന്ന റമസാനിൽ താങ്കളുടെ സകാത്ത് സ്വദഖകളിൽ നിന്നുള്ള കാര്യമായ വിഹിതം നൽകി ഈ ഇസ്ലാമിക വിദ്യാർഥി യുവജന പ്രസ്ഥാനത്തെ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നു’.
ബൈത്തുസ്സകാത്തിന്റെ ഒരു മാതൃക
കോഴിക്കോട് കാരപ്പറമ്പ് യൂനിറ്റ് കെ എൻ എം 2005ൽ പുറത്തിറക്കിയ സകാത്ത് കണക്കിന്റെ ചാർട്ട് പരിശോധിച്ചാലറിയാം പാവപ്പെട്ടവരുടെ സകാത്ത് പാർട്ടി ഫണ്ടായി ഉപയോഗിക്കുന്നതിന്റെ രീതി എങ്ങനെയാണെന്ന്.
മുൻവർഷത്തെ ബാക്കി- 41,104.60
മൊത്തം വരവ്- 26,522.00
ബേങ്ക് പലിശ- 939.00
പ്രിന്റിംഗ് ചാർജ്- 520.00
കടംവീട്ടാൻ സഹായം- 4,500.00
രോഗചികിത്സ, മരുന്ന്, ഓപറേഷൻ തുടങ്ങിയവ- 6,005.00
വീട് നിർമാണം, റിപ്പയർ- 61,491.00
തൊഴിൽ സഹായം- 25,920.00
കുടുംബ പെൻഷൻ- 22,400.00
വീട് വൈദ്യുതിവത്കരണം- 2,500.00
പഠനത്തിന് സഹായം- 9,500.00
മാസത്തിൽ അരിയും മറ്റു സഹായങ്ങളും നൽകിയത്- 51,167.00
കേന്ദ്രവിഹിതം- 13,000.00
എത്ര ലാഘവത്തോടെയാണ് ഇവർ സകാത്ത് മുതൽ കൈകാര്യം ചെയ്യുന്നത് എന്ന് ഈ കണക്കിൽ നിന്ന് തന്നെ വ്യക്തമാകും. സകാത്ത് നിർബന്ധമായാൽ ഒട്ടും വൈകാതെ അവകാശികൾക്ക് നൽകണമെന്നാണ് മതനിയമം. ഒരു യൂനിറ്റ് കമ്മിറ്റിയുടെ കൈയിൽ മാത്രം സൂക്ഷിച്ചുവെച്ചിരിക്കുന്നത് പതിനായിരങ്ങളാണ്. മാത്രമല്ല, ഈ തുക ബേങ്കിൽ നിക്ഷേപിച്ച് അതിന്റെ പലിശയും കൂടി കണക്കിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര വിഹിതം എന്ന പേരിൽ 13,000 രൂപ കെ എൻ എം സംസ്ഥാന കമ്മിറ്റിക്കും അയച്ചുകൊടുത്തിട്ടുണ്ട്. അല്ലാഹുവിൽ ഭയമുള്ള, സകാത്ത് അതിന്റെ അവകാശികൾക്ക് തന്നെ ലഭിക്കണമെന്ന് താത്പര്യമുള്ളവരാരും ഇത്തരം സകാത്ത് സെല്ലുകാരെയോ ബൈത്തുസ്സകാത്തുകാരെയോ ഏൽപ്പിച്ചുപോകരുത്.
തങ്ങൾമാരെ വെച്ചുള്ള കളി
തങ്ങൾമാർ എന്ന ഒരു വിഭാഗം തന്നെ ഇല്ലായെന്നും അത് ശീഇസമാണെന്നും വാദിക്കുന്നവരാണ് വഹാബികളും മൗദൂദികളും. മുജാഹിദ് നേതാവ് ഉമർ മൗലവി എഴുതുന്നത് കാണുക- “പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചു പരിശീലിപ്പിച്ചു വളർത്തിയെടുത്ത സമൂഹത്തിൽ തങ്ങൻമാരില്ല. പ്രവാചകൻ സംസ്കരിച്ചെടുത്ത സമൂഹമാണിത്. ഇതിൽ തങ്ങൻമാരെവിടെ? പിന്നെ ഇതെങ്ങനെയുണ്ടായി? ശിയാക്കളിൽ നിന്ന് ഉത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചതുതന്നെ’ (ഓർമകളുടെ തീരത്ത് പേ.05).
അഹ്ലുബൈത്തിലുള്ള വിശ്വാസം ജാഹിലിയ്യത്തിന്റെ അടയാളമാണെന്നാണ് ജമാഅത്തെ ഇസ്ലാമി പറഞ്ഞത്. “മുഹമ്മദ് നബിക്ക് പുരുഷസന്താനം ഒന്നും ജീവിച്ചിരിക്കുകയുണ്ടായില്ല. അതിനാൽ അവിടുത്തേക്ക് പിന്മുറക്കാർ ഇല്ലായിരുന്നു. ഇസ്ലാമിക നിയമമനുസരിച്ച് പുരുഷ സന്തതികളുടെ പരമ്പര മാത്രമേ പിന്മുറക്കാരാകൂ. ആകയാൽ പഴയ അറേബ്യൻ ജാഹിലിയ്യത്തിന്റെ നഗ്നമായ ചിഹ്നമാണ് അഹ്ലുബൈത്തിലും തങ്ങൻമാരിലുമുള്ള വിശ്വാസം. ഈ വിശ്വാസം എത്രവേഗം തിരുത്തപ്പെടുന്നോ അത്രയും സമുദായത്തിലെ ഉച്ചനീചത്വം അവസാനിക്കും (പ്രബോധനം 1969 ആഗസ്റ്റ്).
ഇപ്പോൾ വഹാബികൾക്കും മൗദൂദികൾക്കും അവരുടെ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യാനും പുസ്തക പ്രകാശനത്തിനും സകാത്ത് കൊള്ളയുടെ പരസ്യം ചെയ്യാനുമൊക്കെ തങ്ങൾമാർ തന്നെ വേണം. മതപരിഷ്കരണവാദികളുടെ ചതിക്കുഴിയിൽ ഇനിയും സയ്യിദന്മാർ ചെന്നുചാടരുത്. ജ്വല്ലറിയും സൂപ്പർമാർക്കറ്റും ഉദ്ഘാടനം ചെയ്യുന്ന ലാഘവത്തോടെ ബിദ്അത്തുകാരുടെ ഇത്തരം പരിപാടികൾ തുടങ്ങിക്കൊടുക്കാൻ പുറപ്പെടുന്നതിനു മുമ്പ് ആദരണീയരായ സയ്യിദന്മാർ നൂറുവട്ടം ആലോചിക്കണം. ഇവർക്ക് സയ്യിദന്മാരിൽ വിശ്വാസമോ അവരോട് ആദരവോ ഇല്ല. പച്ചയായ ചൂഷണം മാത്രമാണ് ലക്ഷ്യം.
ചുരുക്കത്തിൽ താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് മതപരിഷ്കരണവാദികളുടെ സകാത്ത് സെല്ലുകളും ബൈതുസ്സകാത്തും മതവിരുദ്ധമാണ്. ഒന്ന്: ഭരണാധികാരികൾക്ക് മാത്രം അവകാശമുള്ള ബൈത്തുസ്സകാത്ത് സിവിലിയൻ കൂട്ടായ്മ കൈകാര്യം ചെയ്യുന്നത് മതവിരുദ്ധമാണ്. രണ്ട്: ഭരണാധികാരികൾക്ക് പോലും ചോദിച്ചുവാങ്ങാൻ അധികാരമില്ലാത്ത പരോക്ഷ മുതലുകളുടെ സകാത്താണ് ഇവർ പിരിച്ചെടുക്കുന്നത്. മൂന്ന്: ഖുർആൻ നിർദേശിച്ച എട്ട് വിഭാഗത്തിൽപ്പെടാത്ത പത്രം, ചാനൽ, സംഘടനാ പ്രവർത്തനം, രാഷ്ട്രീയ പ്രവർത്തനം, പള്ളി, മദ്റസ മുതൽ അവിശ്വാസികൾക്ക് വരെ സകാത്ത് മുതൽ ചെലവ
ഴിക്കുന്നു.
ഇമാം ശാഫിഈ (റ)വിന്റെ വാക്കുകൾ കൂടി സകാത്ത് ദായകരെ ഓർമിപ്പിക്കുന്നു. “ഒരാളും തന്റെ ധനത്തിന്റെ സകാത്ത് മറ്റൊരാളെ ഏൽപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നത് അവനോട് തന്നെയായിരിക്കും. അവൻ തന്നെ നേരിട്ട് അവകാശികൾക്ക് നൽകുമ്പോഴാണ്. (അവകാശികൾക്ക് ലഭിച്ചുവെന്ന്) കൂടുതൽ ഉറപ്പുവരിക. മറ്റൊരാളെ ഏൽപ്പിച്ചാൽ അവകാശികൾക്ക് തന്നെ ലഭിച്ചോ എന്ന് ആശങ്ക ബാക്കിയാകും’ (അൽഉമ്മ് 2/67).
കൂടുതൽ സമ്പത്തും തിരക്കുമുള്ള സമ്പന്നർക്ക് അർഹരായവരെ കണ്ടെത്തി വിതരണം ചെയ്യാൻ പ്രയാസമാണെങ്കിൽ സകാത്തുമായി ബന്ധപ്പെട്ട മതവിധികൾ അറിയുന്ന വിശ്വസ്തരായ വ്യക്തികളെ വക്കാലത്താക്കാവുന്നതാണ്. തിരക്കുള്ള മുതലാളിമാരെയാണ് സകാത്ത് സെല്ലുകാരും മറ്റും ചൂഷണം ചെയ്യുന്നത്. സകാത്ത് മുതൽ “കൈയൊഴിക്കാൻ വേണ്ടി’ ഇത്തരക്കാരെ ഏൽപ്പിക്കുകയാണ്. മഹല്ല് ഖാസിമാരും ഖത്വീബുമാരുമൊക്കെ ഉണർന്നുപ്രവർത്തിച്ച് അതാത് നാട്ടിലുള്ള സകാത്തിനർഹരായവരെ കണ്ടെത്തി സമ്പന്നരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ ഒരുപാടാളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിതന്മാരോട് ഇക്കാര്യം നേരത്തേ ഉണർത്തിയതുമാണ്. മറിച്ച് ബൈത്തുസ്സകാത്തിനെ പ്രമോട്ട് ചെയ്യുന്നത് കള്ളന് കഞ്ഞിവെക്കലാണ്.