aathmeeyam
ചിറകൊടിക്കരുത്
അവനവനെ അറിയുന്നതുപോലെ പ്രധാനമാണ് മറ്റുള്ളവരെ അറിയുക എന്നതും. മറ്റുള്ളവരുടെ സുഖദുഃഖങ്ങൾ സ്വന്തം അനുഭവങ്ങളായി കാണണം. പരസ്പര സ്നേഹവും ബഹുമാനവുമാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം. മക്കളോടും ഇണകളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടുമെല്ലാം സ്നേഹവും ബഹുമാനവും ആദരവും വേണം.
നിന്നെക്കൊണ്ടാണ് എന്റെ ജീവിതം തുലഞ്ഞത്, നീ ജനിച്ചില്ലായിരുന്നെങ്കിൽ ഈ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു, നീയൊന്ന് മരിച്ച് കിട്ടിയിരുന്നെങ്കിൽ, നീയൊക്കെ എന്തിന് പറ്റും, ഭൂമിക്ക് ഭാരമായി എന്തിനാണ് ജീവിക്കുന്നത്, നിന്നെ കെട്ടിയത് മുതൽ കഷ്ടപ്പാടാണ്, നീ വന്ന അന്ന് തുടങ്ങിയതാണ് ഇവിടെയുള്ളവരുടെ കഷ്ടകാലം, നീ നന്നാകാത്തിടത്തോളം കാലം നമ്മുടെ കുടുംബജീവിതം ഇങ്ങനെ തന്നെയായിരിക്കും… എന്നിങ്ങനെ എന്തിനും ഏതിനും കുട്ടികളെയും കുടുംബിനികളെയും കൂട്ടുകാരെയുമെല്ലാം കുറ്റപ്പെടുത്തുകയും മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും എന്തെങ്കിലും വീഴ്ചകൾ സംഭവിക്കുമ്പോൾ പഴിക്കുകയും ചെയ്യുന്നവരുണ്ട്. കോപം വരുമ്പോൾ ചെകുത്താന്റെ ഭാഷയിൽ സംസാരിക്കുന്നവരുണ്ട്. വേദനിക്കുന്ന ഒരാൾ തന്റെ വ്യഥ പങ്കുവെക്കാൻ വേണ്ടി സമീപിക്കുമ്പോൾ പറയുന്ന കാര്യത്തിന് ചെവികൊടുത്താൽ ഭാരമാകുമെന്ന് മനസ്സിലാക്കി മുഖം തിരിക്കുന്നവരുണ്ട്. ഇവയൊന്നും സാങ്കൽപ്പിക സംഭാഷണത്തിന്റെ ഭാഗങ്ങളോ ഭാവനാത്മക കഥകളോ അല്ല, നിത്യജീവിതത്തിലെ സുപരിചിത പ്രയോഗങ്ങളാണ്. ഇത്തരം വാക്യങ്ങൾ നിരന്തരം കേൾക്കുന്നവർക്ക് ആത്മവിശ്വാസവും ജീവിതത്തിലെ സന്തോഷങ്ങളും നഷ്ടപ്പെടുകയും എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്യും.
കുട്ടിക്കാലത്ത് കിട്ടിയ കുത്തുവാക്കുകളും കളിയാക്കലും മുഖേന എത്രയങ്ങാനും ഭാവിവാഗ്ദാനങ്ങളുടെ ചിറകുകളാണ് ഒടിഞ്ഞത് ! ഭർതൃവീട്ടിലെ കൈപ്പേറിയ അനുഭവങ്ങളാൽ അന്തസ്സും ആഭിജാത്യവുമള്ള എത്ര എത്ര കുടുംബ ജീവിതമാണ് തകർന്നത് !! പെരുമാറ്റ ദൂഷ്യങ്ങളിലൂടെ പൊട്ടിച്ചിതറിയ സൗഹൃദ ബന്ധങ്ങൾക്ക് കൈയും കണക്കുമില്ല !!
ഒരാളെ മനസ്സിലാക്കുന്നതിൽ സുപ്രധാനമാകുന്നത് അദ്ദേഹത്തെ അനുഭാവപൂര്‍വം കേള്‍ക്കുക എന്നതാണ്. ഒരു മനുഷ്യന്‍ എന്നത് ആയാളുടെ ശരീരം മാത്രമല്ല, മനസ്സും കൂടിയതാണ്. അത് തിരിച്ചറിയാനുള്ള ഏക മാര്‍ഗം അദ്ദേഹത്തിന്റെ മനോഭാവങ്ങള്‍ അറിയുക എന്നതാണ്. മനോഭാവങ്ങള്‍ കൃത്യമായി പ്രകടമാകുന്നത് തുറന്ന സംസാരം ശ്രവിക്കുന്നതിലൂടെയാണ്.
വികാരങ്ങൾ മനുഷ്യസഹജമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അത് നിയന്ത്രിക്കാൻ കഴിയാതെ വരാറുണ്ട്. ഈ ദുശ്ശീലം പല മാനസിക സംഘർഷങ്ങളിലേക്കും ബന്ധങ്ങളുടെ ഉലച്ചിലിലേക്കും മനസ്സിൽ മായാത്ത ക്ഷതങ്ങൾ ഉണ്ടാകുന്നതിലേക്കും വഴിവെക്കാറുണ്ട്. ഇത്തരം വികാരപ്രകടനങ്ങളെ നിയന്ത്രിക്കാൻ സാധിക്കണമെങ്കിൽ വിവേകപൂർവം ചിന്തിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് വികാരങ്ങളെ നിയന്ത്രിക്കാനും അതിനെ മെരുക്കിയെടുക്കാനും കഴിയുന്നവർക്കാണ് ജീവിതവിജയം സാധ്യമാകുന്നത്. കോപം വരുമ്പോൾ മനോനിയന്ത്രണം കൊണ്ട് ശാന്തമാകാൻ കഴിയുന്നവനാണ് ബലവാനെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്.
ഒരാളെയും അവഗണിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യരുത്. അപരന്റെ അവകാശങ്ങൾ വകവെച്ചുനൽകണം. അന്യരുടെ ആത്മാഭിമാനം ഹനിക്കരുത്. അപരനെ അകറ്റുന്ന ഒന്നും മുത്ത് നബി(സ)യുടെ സ്വഭാവത്തിലുണ്ടായിരുന്നില്ല. അവിടുന്ന് പരുക്കൻ സ്വഭാവക്കാരനായിരുന്നെങ്കിൽ ആളുകൾ അങ്ങയിൽ നിന്ന് അകന്നുപോകുമായിരുന്നുവെന്ന് തിരുനബി(സ)യെ സംബോധന ചെയ്ത് വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുണ്ട്. അബൂ ദർറിൽ ഗിഫാരി(റ) നിവേദനം. നബി(സ) പറഞ്ഞു: “നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിന്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും.’ (മുസ്്ലിം). അനസ്(റ) നിവേദനം: “നബി(സ) എന്നെ ഇഷ്ടത്തോടെ കുഞ്ഞുമോനേ എന്നായിരുന്നു വിളിച്ചിരുന്നത്’. (മുസ്‌ലിം)
ഊടുവഴിയിലൂടെ നടന്നുനീങ്ങിയ വൃദ്ധയെ മറികടക്കാൻ ശ്രമിക്കാതെ തിരുനബി(സ) സാവകാശം നടന്നുനീങ്ങി. പിറകിലുള്ള ലോക ഗുരുവിന്റെ വിവരം ആ സ്ത്രീ അറിഞ്ഞതുമില്ല. ഇതുകണ്ട മൂന്നാമതൊരാൾ ആ സ്ത്രീ കേൾക്കെ ഉറക്കെ വിളിച്ചു പറഞ്ഞു; ഹേയ് തള്ളേ, നിങ്ങൾക്കൊന്നു വഴിമാറിക്കൊടുത്തുകൂടെ ? തദവസരത്തിൽ ഞെട്ടലോടെ ആ സ്ത്രീ തിരിഞ്ഞുനോക്കുകയും വഴിയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. അപമര്യാദയോടെ പെരുമാറിയെന്ന ചിന്തയിൽ സ്ത്രീ അന്തിച്ചു നിന്നു. ഇതു മനസ്സിലാക്കിയ തിരുനബി(സ) അവരോട് മാർദവമായി സംസാരിച്ചു. ആയിശ ബീവി(റ) നിവേദനം: “റസൂൽ(സ)യുടെ അടുക്കൽ മുലപ്പാൽ കുടിക്കുന്ന ഒരു കുട്ടിയെ കൊണ്ടുവന്നു. നബി(സ)യുടെ മടിയിൽ ആ കുട്ടി മൂത്രമൊഴിച്ചു. അപ്പോൾ അവിടുന്നു അൽപ്പം വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെടുകയും ആ വെള്ളം അവിടെ ഒഴിക്കുകയും ചെയ്തു.’ (മുസ്‌ലിം) മദീനാ മസ്ജിദിൽ ഒരാൾ വന്നു മൂത്രമൊഴിച്ചു ! സ്വഹാബികൾ അയാളെ ഓടിക്കാൻ ഒരുങ്ങി. പ്രവാചകൻ(സ) അത് തടഞ്ഞു. അയാൾ മൂത്രമൊഴിച്ച് കഴിയുന്നതുവരെ കാത്തു നിന്നു.’ (ബുഖാരി)(മൂത്രമായ) മൂലയിൽ നബി(സ) ഒരു പാത്രം വെള്ളം കൊണ്ട് വന്ന് ഒഴിച്ചു.’ (ഇബ്നുമാജ ശേഷം തന്റെ അനുചരരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത് (ജനങ്ങൾക്ക്) എളുപ്പമുണ്ടാക്കാനാണ്, (ജനങ്ങൾക്ക്) ഞെരുക്കം സൃഷ്ടിക്കാനല്ല.’ (അബൂദാവൂദ്)
മനുഷ്യർക്കിടയിൽ ഉടലെടുക്കുന്ന മിക്ക പ്രശ്നങ്ങളുടെയും മുഖ്യഹേതു പ്രതീക്ഷയോടെ തന്നെ സമീപിക്കുന്നവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തതാണ്. അവനവനെ അറിയുന്നതുപോലെ പ്രധാനമാണ് മറ്റുള്ളവരെ അറിയുക എന്നതും. മറ്റുള്ളവരുടെ സുഖദുഃഖങ്ങൾ സ്വന്തം അനുഭവങ്ങളായി കാണണം. പരസ്പര സ്നേഹവും ബഹുമാനവുമാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം. മക്കളോടും ഇണകളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടുമെല്ലാം സ്നേഹവും ബഹുമാനവും ആദരവും വേണം.
വേവലാതിയും പരാതിയും പറയാന്‍ വന്നിരുന്ന ഒരാളെയും തിരുനബി(സ) കൈയൊഴിയുകയോ അവരിൽ നിന്ന് മുഖം തിരിക്കുകയോ ചെയ്തിരുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഉറക്കമൊഴിക്കുന്നതും പ്രയത്നിക്കുന്നതും വലിയ ആരാധനയാണെന്നാണ് അവിടുന്ന് പഠിപ്പിച്ചത്. “ഒരാൾ തന്റെ സഹോദരന്റെ ആവശ്യം നിറവേറ്റാന്‍ അവന്റെ കൂടെ നിൽക്കൽ എന്റെ ഈ പള്ളിയില്‍ (മദീനാ മസ്ജിദ്) ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ എനിക്ക് ഏറ്റവും പ്രിയങ്കരമാണെന്ന്’ പറഞ്ഞത് തിരുവചനങ്ങളിൽ കാണാം. ജനങ്ങളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരന്‍ ആരാണ് എന്ന് അവിടുത്തോട് ചോദിക്കപ്പെട്ടു. തദവസരത്തിൽ പറഞ്ഞു: “ജനങ്ങള്‍ക്കേറ്റവും ഉപകാരപ്രദമായവനാരോ അവനാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരന്‍’. (ത്വബ്റാനി)