Connect with us

Editors Pick

അരുത്, കൈവിട്ട കളി; ബസില്‍ കയറുമ്പോള്‍ ശ്രദ്ധയിലുണ്ടാകണം ഇക്കാര്യങ്ങള്‍

യാത്രക്കാരുടെ സുരക്ഷിതത്വം കണ്ടക്ടറുടേയും‌ ഡ്രൈവറുടേയും‌ ഉത്തരവാദിത്വമാണ്. എന്നാല്‍ അതിലേറെ സ്വന്തം ശരീരത്തേയും ജീവന്‍റേയും ഉത്തരവാദിത്വം ഓരോ യാത്രക്കാരനുമുണ്ട്.

Published

|

Last Updated

സ്സ് ഒരു വളവ്തിരിയുമ്പോള്‍ പുറത്തേക്ക് തെറിച്ചുവീഴാന്‍ പോയ യാത്രക്കാരനെ മറുകൈ കൊണ്ട് ബസ്സിലേക്ക് തന്നെ പിടിച്ചു കയറ്റിയ കണ്ടക്ടറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. കണ്ടക്ടര്‍ക്ക് നിരവധി പേര്‍ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്.

ഈ വീഡിയോയില്‍ യാത്രക്കാരന്‍ തന്‍റെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ ചേര്‍ത്താണ് കമ്പിയില്‍ പിടിച്ചിട്ടുള്ളത്. ഒരിക്കലും കമ്പിയിലെ പിടുത്തം ഉറപ്പിക്കാന്‍ അയാള്‍ക്കാവില്ലെന്ന് വിഡിയോ തെളിയിക്കുന്നു. ഒപ്പം ആ വളവ് തിരിയുമ്പോള്‍ തുറന്നു കിടക്കുന്ന വാതിലും നമുക്ക് കാണാം , ഓട്ടോമെറ്റിക്കല്ലാത്ത ആ ഡോറടയ്ക്കുന്നതില്‍ കണ്ടക്ടര്‍ക്കോ അവസാനത്തെ യാത്രക്കാരനോ പിഴവ് പറ്റിയതായി മനസ്സിലാക്കാം. തിരക്കുള്ള ബസ്സുകളില്‍ കയറിപ്പറ്റുകയെന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള ടാസ്ക് തന്നെയാണ്. സമയം തെറ്റിയ പ്രൈവറ്റ് ബസ്സുകള്‍  യാത്രക്കാര്‍ മുഴുവനായി ബസ്സില്‍ കയറുന്നതിനു മുമ്പേ ബെല്ലടിച്ച്  ശരം വിട്ടപോലെ നീങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. രോഗികള്‍ , കൈക്കുഞ്ഞുങ്ങളുമായി വരുന്ന യാത്രക്കാര്‍ , വൃദ്ധര്‍ , ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കിത് വളരെ പ്രയാസകരമാണ്. ഒരിടത്ത് ഇരിക്കാനുള്ള സീറ്റ് കിട്ടുന്നതുവരെ പിടിച്ചുനില്‍ക്കുക. വലിയ പാടാണ്.

ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷിതമായി ലക്ഷ്യത്തിലെത്താന്‍ യാത്രക്കാരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • ഒരിക്കലും ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യരുത്. ഇത് നിയമവിരുദ്ധവും അപകടകരവുമാണ്. അബദ്ധത്തില്‍ തുറന്നുപോകുന്ന ഡോര്‍ വഴി പുറത്തേക്ക് തെറിച്ചുവീണു യാത്രക്കാരന്‍ മരിച്ചുപോയ ഒട്ടേറെ സംഭവങ്ങളുണ്ട്.
  • കുട്ടികളെ സുരക്ഷിതമായി ഇരുത്താന്‍ ശ്രദ്ധിക്കണം..സീറ്റില്‍ നിന്നുപോലും തറയോളം കാലെത്താത്ത ചെറിയ കുഞ്ഞുങ്ങള്‍ തെറിച്ചുപോകാനുള്ള സാദ്ധ്യതയേറെയാണ് സീറ്റ്ബെല്‍റ്റിന് തുല്യമായി അവരെ കൈ കൊണ്ട് പൊതിഞ്ഞ് പിടിക്കുക.
  • സ്ത്രീകൾ , ഭിന്നശേഷിക്കാര്‍ , പ്രായമായമവര്‍ മുതലായവരുടെ സീറ്റില്‍ സാധാരണ യാത്രക്കാര്‍ ഇരിക്കുന്നുണ്ടെങ്കില്‍ അവരോട് എഴുന്നേറ്റു മാറാന്‍ അഭ്യര്‍ത്ഥിക്കാം. റിസർവ് ചെയ്ത സീറ്റുകള്‍ അവരവരുടെ അവകാശമായതിനാല്‍ മറ്റുള്ളവര്‍ ഒഴിഞ്ഞു തരുന്നില്ലെങ്കില്‍ കണ്ടക്ടറോട് പരാതിപ്പെടാം. നിയമപരമായി അങ്ങനെ ചെയ്യാന്‍ കണ്ടക്ടർ ബാദ്ധ്യസ്ഥനാണ്.
  • തിരക്കുള്ള ബസ്സുകളില്‍ പണമടങ്ങിയ ബാഗും സ്വന്തം കുഞ്ഞുങ്ങളേയും‌ തികച്ചും‌ അപരിചിതരായവരെ ഏല്‍പിക്കാതിരിക്കുക. കുട്ടികളുടെ ആഭരണങ്ങളും പണവും നഷ്ടപ്പെടാനിടയുണ്ട്.
  • യാത്രാവസനം‌വരെ ടിക്കറ്റ് സൂക്ഷിച്ചു വെക്കുക. പ്രസ്തുത വാഹനത്തില്‍ നിങ്ങള്‍ യാത്ര ചെയ്തുവെന്നതിന്‍റെ ഒരേയൊരു തെളിവാണത്. ഏതെങ്കിലും കാരണവശാല്‍ ടിക്കറ്റ് ചാര്‍ജ്ജ് തിരികെ വാങ്ങേണ്ടി വന്നാലും അത് ആവശ്യം വരും. പരാതികളിലും‌ ടിക്കറ്റ് ഒരു തെളിവാണ്.
  • ഏതുതരം യാത്രയിലും‌ കൂടുതല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു ബാദ്ധ്യതയാണ്. തിരക്കുള്ള ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്. സ്വയം സൂക്ഷിക്കുന്നതോടൊപ്പം‌ ഇത്തരം മോഷണങ്ങള്‍ കണ്ണില്‍പെട്ടാല്‍ ഉടമസ്ഥനെ അറിയിക്കുകയും വേണം.
  • പൊതുവാഹനമായ ബസ്സില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കാറുണ്ട്. അത്തരം നിരവധി കേസുകളുമുണ്ട്. വിചിത്രമെന്നു പറയട്ടെ ഇതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകള്‍ ഒറ്റപ്പെട്ടു പോകാറാണ് പതിവ്. മറ്റു യാത്രക്കാര്‍ തങ്ങളെ ഇതൊന്നും ബാധിക്കുന്നതല്ലെന്ന മനോഭാവത്തില്‍ ഇരിക്കുകയാണ് പതിവ്.

ഇത്തരം അനുഭവങ്ങളിലും ആദ്യം പരാതിപ്പെടേണ്ടത് കണ്ടക്ടറോടാണ്.പ്രശ്നം പരിഹരിക്കാന്‍ പോലീസിന്‍റെ സഹായം തേടണമെങ്കില്‍ അതിനും‌ അയാള്‍ക്ക് ബാദ്ധ്യതയുണ്ട്. സ്റ്റേഷനിൽ സാഹചര്യം വിശദീകരിക്കേണ്ടി വരുമ്പോള്‍ മൊഴിനല്‍കാന്‍ വനിതാപോലീസിനെ ആവശ്യപ്പെടാനും സ്ത്രീകൾക്ക് അവകാശമുണ്ട്. ഈയിടെയായി ബസ്സുകളില്‍ സി.സി.ടിവി സ്ഥാപിച്ചതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ തെളിവ് നല്‍കാനും പഴയകാലത്തെപോലെ പ്രയാസമില്ല.

മറ്റൊരു പ്രധാനപ്രശ്നം സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടവും ട്രിപ്പിന്‍റെ പേരിലുള്ള പരസ്പര വഴക്കുകളുമാണ്. സ്വന്തം ജീവനും ശരീരവും സംരക്ഷിക്കാനായി , അമിതവേഗതയില്‍ ബസ്സോടിക്കുന്ന ഡ്രൈവര്‍ക്കെതിരേ പ്രതികരിക്കുക തന്നെ വേണം ഇവിടെയും കണ്ടക്ടറോടാണ് പരാതിപറയേണ്ടത്.

സ്വകാര്യബസ്സ് ജീവനക്കാരുടെ പരസ്പര വഴക്കുകള്‍ ശാരീരികമായ കയ്യേറ്റംവരെയെത്താറുണ്ട്. ഇടയിൽ അശ്ലീല പ്രയോഗങ്ങളുണ്ടായാലും പ്രതികരിക്കണം. പല പ്രായത്തിലുള്ള മനുഷ്യരുള്ള ബസ്സാണെന്ന് ഓര്‍മ്മപ്പെടുത്തണം.ആര്‍.ടി.ഓ ഓഫീസില്‍പോയി പരാതി പറയുമെന്ന് കണ്ടക്ടറെ അറിയിക്കണം.

യാത്രക്കാരുടെ സുരക്ഷിതത്വം കണ്ടക്ടറുടേയും‌ ഡ്രൈവറുടേയും‌ ഉത്തരവാദിത്വമാണ്. എന്നാല്‍ അതിലേറെ സ്വന്തം ശരീരത്തേയും ജീവന്‍റേയും ഉത്തരവാദിത്വം ഓരോ യാത്രക്കാരനുമുണ്ട്.

Latest