Articles
കൈവിടാതിരിക്കാം പെറ്റമ്മയാം മാതൃഭാഷയെ
ഒരാള്‍ക്ക് സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത് മാതൃഭാഷയില്‍ക്കൂടിയാണ്.
ലോകമെമ്പാടുമുള്ള ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യവും ബഹുഭാഷാവാദവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. മാതൃഭാഷകളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഭാഷാപരമ്പര്യം സംരക്ഷിക്കുന്നതിനുമായി 1999 നവംബറില്‍ യുനൈറ്റഡ് നേഷന്‍സ് എജ്യുക്കേഷനല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്‌കോ) ജനറല്‍ കോണ്‍ഫറന്‍സാണ് ഈ ദിനം പ്രഖ്യാപിച്ചത്. ബഹുഭാഷാ വിദ്യാഭ്യാസം -വിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല; അത് വിശാലമായ സാംസ്്കാരികവും ബൗദ്ധികവുമായ പൈതൃകത്തെയും പ്രതിനിധീകരിക്കുന്നു. ഒരു വ്യക്തി ആദ്യമായി പഠിക്കുന്ന ഭാഷയെ മാതൃഭാഷ എന്ന് വിളിക്കുന്നു. ഒരു വ്യക്തിയുടെ സ്വത്വത്തെ സ്വാധീനിക്കുന്നതും അവരുടെ മാതൃഭാഷയാണ്.
ഒരാള്‍ക്ക് സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത് മാതൃഭാഷയില്‍ക്കൂടിയാണ്.
മുതിര്‍ന്ന ഒരാള്‍ ധാരാളം ഭാഷകള്‍ മനിലാക്കിയിട്ടുണ്ടെങ്കിലും ആശയപ്രകടനത്തിന് ഏറ്റവും സ്വീകാര്യമായി തോന്നുന്നതു സ്വന്തം ഭാഷയാണ്. അതുകൊണ്ടുതന്നെ അന്യദേശത്ത് വസിക്കുന്നവര്‍ക്ക് തങ്ങളുടെ മാതൃഭാഷ അസാധാരണമാംവിധം മനോഹരമാണെന്ന് തോന്നും.
എന്നാല്‍, ഓരോ രണ്ടാഴ്ച കൂടുമ്പോഴും നമുക്ക് ഒരു ഭാഷ നഷ്ടപ്പെടുന്നുവെന്നും ലോകത്ത് സംസാരിക്കുന്ന 6,000 ഭാഷകളില്‍ 43 ശതമാനമെങ്കിലും അപകടത്തിലാണെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ 121 ഭാഷകളുണ്ട്. അവയില്‍ 22 എണ്ണം ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ ഭാഗം എയില്‍ പരാമര്‍ശിച്ചിരിക്കുന്നു, ബാക്കി 99 എണ്ണം ബി-യില്‍ വ്യക്തമാക്കിയിരിക്കുന്നു. അതിനുപുറമേ ഇന്ത്യക്ക് 270 മാതൃഭാഷകളുമുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം, ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഭാഷ ഹിന്ദിയാണ്, അത് 52 കോടിയിലധികം പേരുടെ മാതൃഭാഷയാണ്, സംസ്‌കൃതം 24,821 ആളുകളുടെ ഭാഷ മാത്രമാണ്. ഇംഗ്ലീഷ് നോണ്‍-ഷെഡ്യൂള്‍ഡ് ഭാഷകളുടെ വിഭാഗത്തിലാണ് വരുന്നത്, അതായത് എട്ടാം ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടില്ല. ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതും എന്നാല്‍ ഭാഷയുടെ പദവി ആസ്വദിക്കാത്തതുമായ ചില മാതൃഭാഷകളുണ്ട്, ഭോജ്പുരി (അഞ്ച് കോടി), രാജസ്ഥാനി (2.5 കോടി), ഛത്തീസ്ഗഢി (1.6 കോടി), മഗാഹി അല്ലെങ്കില്‍ മഗധി (1.27 കോടി).
1952 ഫെബ്രുവരി 21ന്, കിഴക്കന്‍ പാകിസ്ഥാന്റെ തലസ്ഥാനമായ ധാക്കയില്‍ ബംഗ്ലായെ പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയും നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി. ബംഗ്ലായുടെയും മറ്റ് പ്രാദേശിക ഭാഷകളുടെയും അംഗീകാരത്തിന്റെ വഴിത്തിരിവായി ഈ സംഭവം മാറി. പിന്നീട് ആ വിദ്യാര്‍ഥികളുടെ ത്യാഗങ്ങളെ അനുസ്മരിക്കാനും ഭാഷാ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതക്കായും 1998ല്‍ കാനഡയില്‍ നിന്നുള്ള രണ്ട് പ്രവാസി ബംഗ്ലാദേശികളായ റഫീഖുല്‍ ഇസ്ലാമും അബ്ദുസ്സലാമും രംഗത്തെത്തി. ഇവര്‍ അന്നത്തെ യു എന്‍ സെക്രട്ടറി കോഫി അന്നന് എഴുതിയ കത്തില്‍ ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിച്ച് ലോകത്തിലെ വംശനാശഭീഷണി നേരിടുന്ന ഭാഷകളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഈ നിര്‍ദേശം 1999ല്‍ യുനെസ്‌കോ അംഗീകരിക്കുകയായിരുന്നു. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിലൂടെ, ആളുകള്‍ക്കും രാജ്യങ്ങള്‍ക്കും ഇടയില്‍ സമാധാനവും ധാരണയും ബഹുമാനവും പ്രോത്സാഹിപ്പിക്കുന്നതിന് ദിനം ഉപകരിക്കുന്നു.