Connect with us

From the print

സ്വർണം വീട്ടിൽ വെക്കേണ്ട; വിപണി തുറക്കും

സ്വർണ ഇറക്കുമതി കുറക്കാൻ നീക്കം

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് വീടുകളിലിരിക്കുന്ന 22,000 ടൺ സ്വർണം ബേങ്കുകൾ വഴി വിപണിയിലെത്തിക്കാൻ നീക്കം. സ്വർണവ്യാപാര സംഘടനകളാണ് ഈ സാധ്യത കേന്ദ്ര സർക്കാറിന് മുന്നിൽവെച്ചത്. ഉപയോഗിക്കാത്ത ആസ്തിയായി വെറുതെയിരിക്കുന്ന സ്വർണം ഉപയോഗിച്ച് നിലവിലുള്ള ഇറക്കുമതിയുടെ അളവ് കുറക്കാമെന്ന കണക്കുകൂട്ടലിലാണ് ചർച്ച പുരോഗമിക്കുന്നത്. നിലവിൽ വീടുകളിലിരിക്കുന്ന സ്വർണം കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ആഭരണങ്ങളും സ്വർണക്കട്ടികളും നിർമിക്കാനായി രാജ്യം ഇറക്കുമതി ചെയ്ത അത്ര വരുമെന്ന് കണക്കുകൾ കാണിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് കൈവശമുള്ള സ്വർണം നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാനാകുന്ന ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീം (ജി എം എസ്) പുനരുജ്ജീവിപ്പിക്കണമെന്നാണ് ആവശ്യം. ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നതോടൊപ്പം പരമ്പരാഗത സ്വത്തായി ലഭിച്ച 500 ഗ്രാം വരെയുള്ള സ്വർണം നിക്ഷേപിക്കുമ്പോൾ നികുതി ഒഴിവാക്കി നൽകണമെന്ന ആവശ്യവും സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ 4,700 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. മുൻവർഷം ഇത് 4,260 കോടി ഡോളറായിരുന്ന സ്ഥാനത്താണ് ഇത്. ഈ സാഹചര്യത്തിൽ ജി എം എസ് പുനരവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സ്വർണവ്യാപാര മേഖലയിലുള്ളവർ പറയുന്നത്. ലോക്കറുകളിൽ കിടക്കുന്ന സ്വർണം പുറത്തെടുക്കണമെന്ന കാര്യം ഉപഭോക്താക്കളെ ബോധ്യപ്പെടുത്താൻ ചെറുകിട ജ്വല്ലറികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അവർ പറയുന്നു.

കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് 8,00,850 ടൺ സ്വർണമാണെന്നിരിക്കെ ഇറക്കുമതിയിൽ കുറവു വരുത്താനും അത് വഴിയുള്ള കമ്മി കുറയ്ക്കാനും വീട്ടിൽ വെറുതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുറത്തെടുക്കാക്കാനായാൽ സാധിക്കുമെന്നാണ് സ്വർണവ്യാപാര മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. നിക്ഷേപകരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത കാലാവധികളിലുള്ള നിക്ഷേപം ബേങ്കുകൾ അവതരിപ്പിച്ചാൽ കൂടുതൽ സ്വർണം എത്തുമെന്നാണ് പ്രതീക്ഷ.

---- facebook comment plugin here -----

Latest