Connect with us

Editorial

എ ഡി ജി പിയെ തുടരാന്‍ അനുവദിക്കരുത്

ആര്‍ എസ് എസ് നേതാക്കളുമായി ഇടക്കിടെ കൂടിക്കാഴ്ച നടത്തുന്നയാള്‍ക്ക് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയായി തുടരാന്‍ എന്തവകാശം? സി പി എം ഭരണകാലത്ത് ഇത്തരമൊരു വ്യക്തിയെ പോലീസ് സേനയുടെ ഉന്നത സ്ഥാനത്തെന്നല്ല, സര്‍ക്കാര്‍ സര്‍വീസില്‍ എവിടെയും തുടരാന്‍ അനുവദിക്കുന്നത് ശരിയല്ല.

Published

|

Last Updated

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഇന്നലത്തെ മന്ത്രിസഭാ തീരുമാനവും മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനവും. പൂരം അലങ്കോലപ്പെടുത്താനും അതുവഴി കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കാനും ബോധപൂര്‍വമായ ശ്രമമുണ്ടായെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എ ഡി ജി പി. എച്ച് വെങ്കിടേഷിനെയും പൂരത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്താന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പിഴവുകള്‍ സംഭവിച്ചോ എന്നന്വേഷിക്കാന്‍ ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. എ ഡി ജി പി അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ഡി ജി പി റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ ഡി ജി പിയെ തന്നെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. അജിത് കുമാറിനെക്കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അപ്പടി തള്ളിക്കളയാവുന്നതല്ലെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

അതേസമയം എ ഡി ജി പി അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുത്തില്ല. അജിത് കുമാര്‍ സംശയത്തിന്റെ നിഴലിലായതിനാല്‍ അദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ഭരണ മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി പി ഐയിലെ ഉന്നത നേതാക്കള്‍ ബുധനാഴ്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെക്കണ്ട് ആവശ്യമുന്നയിച്ചിരുന്നു. ഇന്നലെ മന്ത്രിസഭാ യോഗത്തിലും സി പി ഐ ഈ ആവശ്യമുന്നയിച്ചതായാണ് വിവരം. നേരത്തേ ആര്‍ ജെ ഡിയും എന്‍ സി പിയും ഇതേ ആവശ്യമുന്നയിച്ചതാണ്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി വിസമ്മതിക്കുന്നതെന്ന കാര്യം ദുരൂഹം.

അനധികൃത സ്വത്ത് സമ്പാദനം, മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി, കള്ളക്കടത്ത് സ്വര്‍ണം വീതംവെപ്പ്, എടവണ്ണയിലെ കൊലപാതകം, മാമി തിരോധാനം, തൃശൂര്‍ പൂരം കലക്കല്‍, ആര്‍ എസ് എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് എ ഡി ജി പി അജിത് കുമാറിനെതിരെ ഉയര്‍ന്നിട്ടുള്ളത്. വളരെ ഗുരുതരമാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിനായി നിയോഗിക്കപ്പെട്ട ഈ ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്ന ആരോപണങ്ങളത്രയും. ക്രമസമാധാന ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്ന് ഘടക കക്ഷികളും പ്രതിപക്ഷവും നേരത്തേ ആവശ്യമുന്നയിച്ചപ്പോള്‍, ‘ആരോപണങ്ങളെ കുറിച്ചന്വേഷിക്കാന്‍ ഡി ജി പിയെ അധികാരപ്പെടുത്തിയിട്ടുണ്ട്, റിപോര്‍ട്ട് വരട്ടെ’യെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒടുവില്‍ ഇന്നലെ ഡി ജി പി റിപോര്‍ട്ട് സമര്‍പ്പിച്ചു. എ ഡി ജി പിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് പ്രസ്തുത റിപോര്‍ട്ടില്‍ പറയുന്നത്.

‘അന്വേഷിക്കാതെയാണ് ഡി ജി പി റിപോര്‍ട്ട് നല്‍കിയത്; വിശദമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാ’ണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് അന്വേഷണം നടത്താതെ, ഉത്തരവാദിത്വബോധം കാണിക്കാതെ റിപോര്‍ട്ട് നല്‍കിയെന്നു പറയുന്നത് എത്രമാത്രം ബാലിശമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഡി ജി പി ശേഖ് ദര്‍വേശ് സാഹബ് അജിത് കുമാറിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയതും പലരില്‍ നിന്നും മൊഴിയെടുത്തതും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്. അജിത് കുമാറില്‍ നിന്ന് രണ്ട് തവണയാണ് ഡി ജി പി മൊഴി രേഖപ്പെടുത്തിയത്.

മാത്രമല്ല, എ ഡി ജി പി അജിത് കുമാറും ആര്‍ എസ് എസ് നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന റിപോര്‍ട്ടുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. തൃശൂരിലെ ആര്‍ എസ് എസ് ക്യാമ്പില്‍ വെച്ച് ആര്‍ എസ് എസിന്റെ നമ്പര്‍ ടു നേതാവായ ദത്താത്രേയ ഹൊസബൊലയുമായും കോവളത്ത് വെച്ച് മറ്റൊരു പ്രമുഖ നേതാവായ റാംമാധവുമായും കൂടിക്കാഴ്ച നടത്തിയ കാര്യം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. റാം മാധവ് ആര്‍ എസ് എസ് പരിപാടിയായ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്ച. വത്സന്‍ തില്ലങ്കേരി തുടങ്ങി കേരളത്തിലെ ആര്‍ എസ് എസ് നേതാക്കളുമായും ബന്ധപ്പെടാറുണ്ട് എ ഡി ജി പി. ഇക്കാര്യം കഴിഞ്ഞ ദിവസം വത്സന്‍ തില്ലങ്കേരി തന്നെ വ്യക്തമാക്കി.

ഈയൊരു സാഹചര്യത്തില്‍ ഇനിയും അദ്ദേഹത്തെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതിലെ സാംഗത്യമെന്ത്? ബിനോയ് വിശ്വം പറഞ്ഞതുപോലെ ആര്‍ എസ് എസ് നേതാക്കളുമായി ഇടക്കിടെ കൂടിക്കാഴ്ച നടത്തുന്നയാള്‍ക്ക് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയായി തുടരാന്‍ എന്തവകാശം? ആര്‍ എസ് എസ് തീവ്രവാദ സംഘടനയാണെന്നു തറപ്പിച്ചു പറയുന്ന സി പി എം ഭരണകാലത്ത് പ്രത്യേകിച്ചും ഇത്തരമൊരു വ്യക്തിയെ പോലീസ് സേനയുടെ ഉന്നത സ്ഥാനത്തെന്നല്ല, സര്‍ക്കാര്‍ സര്‍വീസില്‍ എവിടെയും തുടരാന്‍ അനുവദിക്കുന്നത് ശരിയല്ല. മന്ത്രിസഭ പ്രഖ്യാപിച്ച ത്രിതല അന്വേഷണം നടക്കുന്ന ഘട്ടത്തിലെങ്കിലും അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടതുണ്ട്. എ ഡി ജി പിയെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം സ്വതന്ത്രമാകില്ലെന്ന് ഡി ജി പി തന്നെ മുഖ്യമന്ത്രിയെ അറിയിച്ചതാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും കടുത്ത നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് അജിത് കുമാറിന്റെ ആര്‍ എസ് എസ് ബന്ധം. ഇത് മുഖ്യമന്ത്രിയുടെ ഇമേജിനെയും സി പി എമ്മിന്റെ ജനപിന്തുണയെയും കൂടി ബാധിക്കുന്ന പ്രശ്നമാണ്.

 

Latest