editorial
തകരരുത്, മുസ്്ലിം-ക്രൈസ്തവ സൗഹൃദം
കേരളത്തിലുള്‍പ്പെടെ രാജ്യത്തെ മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും മതന്യൂനപക്ഷങ്ങളുടെ വംശീയ ഉന്മൂലനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളെ ഒറ്റക്കെട്ടായി നേരിടുകയുമാണ് ഈ ഘട്ടത്തില്‍ ഇരുസമുദായങ്ങളും ചെയ്യേണ്ടത്.

കേരളത്തിലെ പ്രബല ന്യൂനപക്ഷങ്ങളാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും. സൗഹൃദപരമാണ് ഇക്കാലമത്രയും ഈ വിഭാഗങ്ങള്‍ക്കിടയിലെ ബന്ധം. സമീപകാലത്തായി അതില്‍ വിള്ളലുകള്‍ സംഭവിക്കുന്നുണ്ട്. തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ “കാസ’ (ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്്ഷന്‍)യുടെ വരവോടെയാണ് ഊഷ്മളമായ ബന്ധങ്ങളില്‍ ശക്തമായ ഇടിവ് സംഭവിച്ചത്. തീവ്ര മുസ്‌ലിംവിരുദ്ധതയാണ് സോഷ്യല്‍ മീഡിയയിലൂടെയും തങ്ങള്‍ക്ക് സ്വാധീനമുള്ള ചില മാധ്യമങ്ങളിലൂടെയും ഇവര്‍ പ്രചരിപ്പിച്ചു വരുന്നത്. സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് കാസയുടെ അപകടകരമായ പ്രയാണത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
“കാസ’ പോലുള്ള മുസ്‌ലിം വൈരം വളര്‍ത്തുന്ന ചില സംഘടനകള്‍ ക്രിസ്തീയ സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. വിവേകപൂര്‍വം നിയന്ത്രിക്കേണ്ടതുണ്ട് ഇത്തരം പ്രവണതകളെ. വെറുപ്പ് സൃഷ്ടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറരുത് ക്രിസ്തീയ വിശ്വാസികള്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയാണ് അവര്‍ സംസാരിക്കേണ്ടത്’- മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഫാദര്‍ തേലക്കാട്ട് പറഞ്ഞു.
ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ ലവ് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച സീറോ മലബാര്‍ സഭയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് പോലീസും എന്‍ ഐ എയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. അവര്‍ക്കറിയാത്ത ലവ് ജിഹാദിനെക്കുറിച്ച് മെത്രാന്മാര്‍ എങ്ങനെ അറിഞ്ഞുവെന്നാണ് ഫാദര്‍ തേലക്കാട്ടിന്റെ ചോദ്യം. കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ജോഷി മയ്യാറ്റില്‍, എറണാകുളം വാരാപുഴ സെന്റ് ജോര്‍ജ് പള്ളി അസ്സി. വികാരി ജെയിംസ് പനവേലില്‍, അതിരൂപതാ സുതാര്യതാ സമിതി ഭാരവാഹിയായിരുന്ന ഷൈജു ആന്റണി തുടങ്ങി വേറെയും പല ക്രിസ്ത്യന്‍ നേതൃത്വങ്ങളും “കാസ’യുടെ അപകടകരമായ നീക്കത്തെ ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
ആരാണ് “കാസ’ക്ക് പിന്നില്‍? ബി ജെ പിയും ആര്‍ എസ് എസുമാണെന്നാണ് ഫാദര്‍ ജെയിംസ് പനവേലില്‍ പറയുന്നത്. ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനെന്ന പേരില്‍ കേരളത്തില്‍ ഉടലെടുത്ത “ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍’ ബി ജെ പിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി രഞ്ജിത്ത് എബ്രഹാം തോമസിന്റെ കുരുട്ടു ബുദ്ധിയില്‍ ഉദിച്ച ആശയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ മുസ്‌ലിം-ക്രിസ്തീയ സൗഹൃദം തകര്‍ത്ത് ആ വിള്ളലിലൂടെ നുഴഞ്ഞു കയറി രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ബി ജെ പിയുടെ രാഷ്ട്രീയ കുതന്ത്രം. അധിനിവേശക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന അതേ തന്ത്രം. ഈ ലക്ഷ്യത്തില്‍ ഇസ്്ലാമിനെകുറിച്ച് ക്രിസ്ത്യന്‍ വിശ്വാസികളെ നിരന്തരം ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ബി ജെ പി-ആര്‍ എസ് എസ് പ്രസിദ്ധീകരണങ്ങളും അവരുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും.
ആഗോള മുസ്‌ലിം തീവ്രവാദത്തിന്റെ പ്രധാന ഇരകള്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണെന്നും ഈ രണ്ട് വിഭാഗവും യോജിച്ചു പ്രവര്‍ത്തിക്കണമെന്നുമാണ് 2020 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ബി ജെ പി മുഖപത്രമായ “ജന്മഭൂമി’ ക്രിസ്ത്യന്‍ വിഭാഗത്തെ ഉദ്ബോധിപ്പിക്കുന്നത്. സംസ്ഥാനത്ത് ലവ് ജിഹാദികള്‍ നോട്ടമിടുന്നത് കാത്തോലിക്കാ വിഭാഗത്തെയാണെന്നും പത്രം തട്ടിവിടുന്നു.
അതേസമയം രാജ്യത്ത് മുസ്‌ലിംകളെ പോലെ തന്നെ ക്രിസ്ത്യന്‍ വിഭാഗവും ഹിന്ദുത്വരുടെ നോട്ടപ്പുള്ളികളാണെന്നും സംഘ്പരിവാറിന്റെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ വന്‍തോതില്‍ ഇരയാകുന്നുവെന്നും സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജ്യസ് ലിബര്‍ട്ടി കമ്മീഷന്‍ ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നത്, ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍, പ്രാര്‍ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങി ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ മോദി അധികാരത്തിലേറിയ ശേഷം രാജ്യത്ത് നാല് മടങ്ങ് വര്‍ധിച്ചുവെന്നാണ്. 2014ല്‍ ഇത്തരം 147 സംഭവങ്ങളാണ് രേഖപ്പെടുത്തിയതെങ്കില്‍ 2024ല്‍ 601 കേസുകള്‍ രേഖപ്പെടുത്തി. മതപരിവര്‍ത്തന നിയമങ്ങള്‍ ഉപയോഗിച്ച് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും നേതൃത്വത്തിലാണ് അക്രമങ്ങളെന്ന് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ 2025ലെ ഗ്ലോബല്‍ പെര്‍സിക്യൂഷന്‍ ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ജനുവരിയില്‍ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഡല്‍ഹിയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്, ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ സംഘ്പരിവാര്‍ അതിക്രമങ്ങള്‍ 2014ലെ 127ല്‍ നിന്ന് 2024ല്‍ 834 ആയി ഉയര്‍ന്നുവെന്നാണ്. 2024 ഏപ്രിലില്‍ അമേരിക്കയിലെ ക്രിസ്ത്യന്‍ സംഘടനയായ യുനൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വര്‍ധിച്ചു വരുന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുക മാത്രമല്ല, ഈ അതിക്രമങ്ങളില്‍ നല്ലൊരു ഭാഗവും ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അരങ്ങേറുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ആരാണ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ യഥാര്‍ഥ ശത്രുക്കളെന്ന് വെളിപ്പെടുത്തുന്നു ക്രിസ്ത്യന്‍ സംഘടനകള്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍. കേരളത്തിലുള്‍പ്പെടെ രാജ്യത്തെ മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും മതന്യൂനപക്ഷങ്ങളുടെ വംശീയ ഉന്മൂലനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളെ ഒറ്റക്കെട്ടായി നേരിടുകയുമാണ് ഈ ഘട്ടത്തില്‍ ഇരുസമുദായങ്ങളും ചെയ്യേണ്ടത്. ഇതാണ് തന്റെ സമുദായത്തോടുള്ള ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ ഉപദേശവും.