ആത്മായനം
ഓർമയുടെ ചരടറ്റു പോകരുത്
ജനന നേരത്ത് കാതിലൂടെ അകതാരിലേക്കാവാഹിക്കപ്പെട്ട വാങ്ക് മുതൽ അന്ത്യശ്വാസത്തിന്റെ നേരത്തെ തൗഹീദിന്റെ മന്ത്രോ ച്ചാരണം വരെ തുടരുന്നതാണ് വിശ്വാസിയുടെ ദൈവ സ്മൃതികൾ. ആ ഓർമകൾക്ക് അൽഷിമേഴ്സ് ബാധിക്കുമ്പോൾ നന്മകളിൽ നിന്ന് അകന്ന് തിന്മകളോടുള്ള ആഭിമുഖ്യം പതിയെ പടർന്നുപിടിക്കും. ഞാൻ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നോ വിലയിരുത്തപ്പെടുന്നുണ്ടെന്നോ ഈ പരീക്ഷക്കാലത്തെ ഹാർദമാക്കണമെന്നോ ആലോചനയില്ലാത്ത ഇരുട്ടറകളിൽ അവനങ്ങനെ കഴിയും. ദിക്റുകളില്ലാത്ത നാവും ആത്മവിചാരങ്ങളില്ലാത്ത ഹൃദയവുമായി വളക്കൂറു നഷ്ടപ്പെട്ട പാഴ്നിലമായവൻ തീരും. അങ്ങനെ ആരുടെയും മനസ്സ് വരണ്ടുപോകരുതെന്ന ആലോചനയിൽ നിന്നാണ് "നിങ്ങളുടെ നാവുകൾ ദിക്റിനാൽ പച്ചയായിരിക്കണം' എന്ന് തിരുനബി(സ) ഉപദേശിച്ചത്.

മനസ്സ് നുറുങ്ങുന്ന വേദനകൾക്കിടയിൽ ഭയവിഹ്വലതകൾക്കിടയിൽ ദുരന്തങ്ങൾക്കിടയിൽ ഞെരുക്കങ്ങൾക്കിടയിൽ പ്രതിസന്ധികൾക്കിടയിൽ ജീവിതത്തിന്റെ സ്തംഭനാവസ്ഥകൾക്കിടയിൽ കരളുരുകിയൊരു വിളിയുണ്ട് “അല്ലാഹ്’ എന്ന്. ആ വിളിയുടെ പുറംതോട് പൊട്ടിച്ചാൽ എന്താണു കാണുക? ഈ ദൈവിക പരീക്ഷണത്തിൽ ഞാൻ തോറ്റു പോകരുതെന്ന ആധിയുണ്ട്, വേദനകളിൽ മോചനം തരാൻ സ്രഷ്ടാവിനേ സാധിക്കൂ എന്ന കരുത്തുണ്ട്, വേരൂന്നിയ വിശ്വാസത്തിന്റെ കായും പൂവുമുണ്ട്.
ശരി., ഇതെല്ലാം വേണ്ടതു തന്നെ. പക്ഷേ., പ്രതിസന്ധിയുടെ നേരത്തു മാത്രം വിത്തിടേണ്ടതല്ല ദൈവ സ്മൃതികൾ. പ്രയാസങ്ങളുടെ പാലം കടക്കുമ്പോൾ മാത്രമുള്ള ദൈവികാലോചനകളെ വിശുദ്ധ ഖുർആൻ വിലയിരുത്തുന്നത് നോക്കൂ… “മനുഷ്യന് വിഷമം നേരിടുമ്പോൾ അവൻ നിന്നും ഇരുന്നും കിടന്നും നമ്മോട് പ്രാർഥിക്കുന്നു. നാം അവന്റെ പ്രയാസം നീക്കം ചെയ്തപ്പോൾ തനിക്ക് നേരിട്ട പ്രതിസന്ധിയിൽ നമ്മോടവൻ പ്രാർഥിച്ചിട്ടൊന്നുമില്ലെന്ന പോലെ അവനവന്റെ വഴിക്ക് പോയി. ഇതേ പോലെ ചെയ്യുന്ന കർമങ്ങളൊക്കെ അതിരു ലംഘിച്ചവർക്കെല്ലാം പളപളപ്പായി തോന്നുന്നു’ (സൂറ: യൂനുസ് 12)
ഒരു നിമിഷാർധം പോലും നമ്മിൽ നിന്ന് കൂടൊഴിഞ്ഞു പോകാതെ ഉള്ളിൽ കുളിരായ് തഴുകേണ്ട വിചാരമാണ് “അല്ലാഹ്’ എന്നത്. ഐശ്വര്യങ്ങളും സമ്പൽ സമൃദ്ധിയും ഉന്നത പദവികളും തുറന്ന വഴികളും സന്തോഷങ്ങളും വീടുകയറി വരുമ്പോഴും “അല്ലാഹ്’ എന്ന മിടിപ്പ് നമ്മുടെ ഹൃദയത്തിനു വേണം. കാരണം സന്തോഷങ്ങളും സന്താപങ്ങളും നമ്മുടെ ദൈവഭക്തിയെ ചൂഴ്ന്നു നോക്കുന്ന പരീക്ഷണങ്ങളാണ്. സജീവതയെയും നിർജീവതയെയും സൃഷ്ടിച്ചതിലൂടെ സ്രഷ്ടാവ് ലക്ഷ്യമാക്കുന്നത് അവയെ സാർഥമായും ക്രിയാത്മകമായും ആരാണ് കൈകാര്യം ചെയ്യുക എന്ന് പരീക്ഷിക്കലാണ്. സൂറത്തുൽ മുൽകിന്റെ രണ്ടാം സൂക്തം അതാണ് സൂചിപ്പിക്കുന്നത്.
ജനന നേരത്ത് കാതിലൂടെ അകതാരിലേക്കാവാഹിക്കപ്പെട്ട വാങ്ക് മുതൽ അന്ത്യശ്വാസത്തിന്റെ നേരത്തെ തൗഹീദിന്റെ മന്ത്രോ ച്ചാരണം വരെ തുടരുന്നതാണ് വിശ്വാസിയുടെ ദൈവ സ്മൃതികൾ. ആ ഓർമകൾക്ക് അൽഷിമേഴ്സ് ബാധിക്കുമ്പോൾ നന്മകളിൽ നിന്ന് അകന്ന് തിന്മകളോടുള്ള ആഭിമുഖ്യം പതിയെ പടർന്നുപിടിക്കും. ഞാൻ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നോ വിലയിരുത്തപ്പെടുന്നുണ്ടെന്നോ ഈ പരീക്ഷക്കാലത്തെ ഹാർദമാക്കണമെന്നോ ആലോചനയില്ലാത്ത ഇരുട്ടറകളിൽ അവനങ്ങനെ കഴിയും. ദിക്റുകളില്ലാത്ത നാവും ആത്മവിചാരങ്ങളില്ലാത്ത ഹൃദയവുമായി വളക്കൂറു നഷ്ടപ്പെട്ട പാഴ്നിലമായവൻ തീരും. അങ്ങനെ ആരുടെയും മനസ്സ് വരണ്ടുപോകരുതെന്ന ആലോചനയിൽ നിന്നാണ് “നിങ്ങളുടെ നാവുകൾ ദിക്റിനാൽ പച്ചയായിരിക്കണം’ എന്ന് തിരുനബി(സ) ഉപദേശിച്ചത്. നാവിൽ ദിക്റിന്റെ നനവെത്തിയാൽ ഹൃദയത്തിൽ നന്മയുടെ പൂവിരിയും. അതാണ് വിശുദ്ധ ഖുർആൻ. “സത്യ വിശ്വാസികളെ നിങ്ങൾ റബ്ബിനെ കൂടുതൽ കൂടുതൽ സ്മരിക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും (ഏതു നേരവും എന്നർഥം) അവന്റെ പരിശുദ്ധിയെ വാഴ്ത്തി പറയുക’ (സൂറ: അഹ്സാബ് 41, 42) എന്ന് അടിവരയിട്ടത്.
ദൈവിക സ്മരണകൾ നമ്മുടെ ജീവിതത്തെ സജീവമാക്കും. നമ്മുടെ വ്യക്തിത്വം ഉപരി ലോകത്ത് അടയാളപ്പെടും. അല്ലാഹുവെ സ്മരിക്കുന്നവരെ അല്ലാഹുവും സ്മരിക്കുമെന്ന സൂറ: ബഖറയുടെ സന്ദേശം അതാണ്. ഹൃദയ സാന്നിധ്യത്തോടെ അല്ലാഹുവിനെ സ്മരിച്ചവരെ മാലാഖമാർക്കിടയിൽ വെച്ച് അല്ലാഹുവും സ്മരിക്കുമെന്ന് തിരുദൂതർ (സ) പഠിപ്പിച്ചിട്ടുണ്ട്. ആ സ്മരണയെ പ്രോജ്ജ്വലമാക്കാനാണ് പൂർവസ്വൂരികൾ കിണഞ്ഞു ശ്രമിച്ചത്. മൂസാ നബി(അ) പ്രബോധന ദൗത്യം ഏറ്റെടുത്ത നേരത്ത് സഹോദരൻ ഹാറൂനെ(അ) കൂടി ദൗത്യമേൽപ്പിക്കാൻ പ്രാർഥിച്ചപ്പോൾ ലക്ഷ്യമായി പറഞ്ഞത് ദൈവിക സ്മരണക്ക് ആക്കവും ബലവും ലഭിക്കാനെന്നായിരുന്നു. മത്സ്യത്തിന് ജലമെന്ന പോലെയാണ് മനുഷ്യന് ഇലാഹി സ്മരണ.
അതില്ലാത്തവർ മൃതശരീരങ്ങളാണ്. നമ്മളെല്ലാം ഈ ഭൂമിയിലിങ്ങനെ ജീവിക്കുന്നതിനു പിന്നിലെ അടിസ്ഥാന ലക്ഷ്യം തന്നെ അല്ലാഹുവിനെ ആരാധിക്കലാണല്ലോ. നിർബന്ധിതവും ഐഛികവുമായ ആരാധനക്ക് പുറമേ നമ്മൾ ചെയ്യുന്ന കർമങ്ങളോ എന്ന ആശങ്ക വേണ്ട. അങ്ങനെയുള്ള കർമങ്ങളെ കൂടി ജീവനുള്ളതാക്കുന്നത് ദൈവസ്മൃതിയാണ്. നിസ്കാരത്തിന്റെ ആത്മാവ് ഇലാഹി സ്മരണയാണ്. നിസ്കാരത്തിലെ ദിക്റാണ് ഏറ്റവും ബൃഹത്തായ സ്മരണ (സൂറ:അൻകബൂത്തിലെ ഈ വാക്കിനെ നിസ്കാരത്തേക്കാൾ വലുത് ദിക്റാണ് എന്ന് തെറ്റായ അർഥം വെക്കുന്ന ചില കള്ള ത്വരീഖത്തുകാരുണ്ട് അത് ശരിയല്ല).പലവിധ മുറിവുകളാൽ വേദനിക്കുന്ന ഹൃദയങ്ങൾക്കുള്ള ശാന്തിയുടെ ലേപനമാണത്. ഗർവിന്റെ കൊമ്പുകളൊടിച്ച് നമ്മെ വിനയാന്വിതരാക്കുന്നത് അല്ലാഹുവെ കുറിച്ചുള്ള ഈ ഓർമയാണ്. അല്ലാഹുവെ ഓർത്തോർത്ത് കണ്ണീർ പൊഴിച്ചവർക്ക് തണലേതുമില്ലാത്ത കാലത്ത് അർശിന്റെ തണൽ വിരിക്കപ്പെടും. പഠനത്തിലും ജോലിയിലും കലയിലും വിനോദത്തിലും ചലനത്തിലും നിശ്ചലതയിലും അല്ലാഹുവെ സ്മരിക്കണം.
അല്ലാഹുവിന്റെ ഗാംഭീര്യം , അജയ്യത , ശക്തി, സൃഷ്ടിവൈഭവം, ശിക്ഷ, സ്നേഹം, കോപം എല്ലാം അടങ്ങുന്ന സമീകൃതമായ സ്മരണയുണ്ടായിരിക്കണം. സന്തോഷ വേളയിൽ അവന്റെ അനുഗ്രഹങ്ങളോർത്ത് സംതൃപ്തിയും നന്ദിയും പ്രകാശിപ്പിക്കുന്ന വികാര നിർഭരമായ സ്മരണ, പ്രയാസമനുഭവിക്കുമ്പോൾ ഇത് അല്ലാഹുവിന്റെ പരീക്ഷണമാണെന്ന ഉള്ളുറപ്പോടെ ക്ഷമയും തുറവിയും ലഭിക്കാനുള്ള തേട്ടവുമായി വികാരസാന്ദ്രമായ ഓർമ ഇതാണ് വിശ്വാസിയുടെ സമീപനം. തെറ്റ് ചെയ്യാനൊരുങ്ങുന്ന നേരത്ത് പോലും ഈ ഓർമ അവനിലേക്ക് തികട്ടിയെത്തും, പതിയെ ആ ശ്രമത്തിൽ നിന്നും അവൻ പിന്തിരിയും.
തിരുദൂതരു(സ)ടെ ജീവിതത്തിലെ സർവനേരവും ഇലാഹീ സ്മരണകളാൽ സജീവമായിരുന്നുവെന്ന് ആഇശാ ബീവി (റ) പറഞ്ഞിട്ടുണ്ട് (മുസ്്ലിം). അനസ്(റ) പറയുന്നത് കേൾക്കൂ ” ഒരിക്കൽ ഞങ്ങൾ നബി(സ)യുടെ കൂടെയായിരുന്നപ്പോൾ മഴ വർഷിച്ചു. അവിടുന്ന് തിരുശരീരത്തിൽ നിന്നും വസ്ത്രം മാറ്റി മഴയത്ത് നിന്നു. “തിരുദൂതരേ അങ്ങെന്തിനാണിങ്ങനെ ചെയ്യുന്നത് ‘ എന്നന്വേഷിച്ചപ്പോൾ നബി(സ) പറഞ്ഞു: അത്(മഴ) അല്ലാഹുവിന്റെ ആജ്ഞയോട് ഏറ്റവും അടുപ്പമുള്ളതാണ് (മിശ്കാത് 1501)ആകാശത്ത് കാർമുകിൽ ഉരുണ്ട് കൂടിയ നേരത്ത് “അല്ലാഹുവേ, അതിലടങ്ങിയ വിഷമങ്ങളിൽ നിന്ന് നിന്നോട് ഞാൻ കാവൽ ചോദിക്കുകയാണ്’ എന്ന് തിരുനബി (സ) പ്രാർഥിക്കും. ഇരുളു നീങ്ങി മാനം തെളിഞ്ഞാൽ നബി (സ)തങ്ങളുടെ തിരുവദനവും തെളിയും. അല്ലാഹുവിന് സ്തുതികളർപ്പിക്കും. മഴ പെയ്തു തുടങ്ങിയാൽ “അല്ലാഹുവേ.. പ്രയോജനമുള്ള മഴയാക്കണേ..’ എന്ന് പ്രാർഥിക്കും (അബൂദാവൂദ്, മിശ്കാത് 1520) കാറ്റു വീശുമ്പോൾ, ഇടിയും മിന്നും വന്നാൽ, വെയിൽ മൂർഛിച്ചാൽ, മഴ തിമിർത്തു പെയ്താൽ, പ്രകൃതിയുടെ മട്ടും ഭാവവും മാറി മറിയുന്നതിനനുസരിച്ച് റസൂലിന്റെ ഇലാഹീ സ്മരണകൾ വ്യത്യസ്തങ്ങളായി മാറി മറിഞ്ഞു.
ഉറക്കിലും ഉണർവിലും സുപ്രയിലും മുസ്വല്ലയിലും ശുദ്ധീകരണങ്ങളിലും വീട്ടിലും പള്ളിയിലും യാത്രയിലും കച്ചവടത്തിലും സേവന പ്രവർത്തനങ്ങളിലും ഭരണത്തിലുമെല്ലാം ദൈവിക സ്മരണകൾ കൂടൊഴിയാതെ നിറഞ്ഞങ്ങനെ നിന്നു. കൂട്ടരേ… ഓരോ നിമിഷവും നമുക്ക് ജീവനും ജീവിക്കാനുള്ള വഴികളും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെ നമ്മൾ എങ്ങനെ ഓർക്കാതിരിക്കും? ഓർത്തു കൊണ്ടിരിക്കണം ഒരു നിമിഷവും ഒഴിയാതെ.