Kerala
ആയുർവേദത്തിന്റെ പേര് കളയരുത്; ബാബാ രാംദേവിനോട് ഹെെക്കോടതി
അലോപതിക്കെതിരെ പ്രസ്താവനകൾ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ബാബാ രാംദേവിനോട് ഹൈക്കോടതി
ന്യൂഡൽഹി | അലോപതിക്കെതിരെ പ്രസ്താവനകൾ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവിനോട് ഡൽഹി ഹൈക്കോടതി. ആയുർവേദത്തിന്റെ നല്ല പേരും പ്രശസ്തിയും ഒരു തരത്തിലും നശിപ്പിക്കരുതെന്നും കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പതഞ്ജലിയുടെ ഉൽപ്പന്നമായ കൊറോണിലിനെകുറിച്ച് സംസാരിക്കവേ, ഔദ്യോഗികമായ കാര്യങ്ങളിൽ കൂടുതൽ ഒന്നും പറയരുതെന്നും രാംദേവിനോട് ജസ്റ്റിസ് അനുപ് ജെ. ഭംഭാനിയുടെ ബഞ്ച് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 ബാധിച്ചതിനെക്കുറിച്ചുള്ള ബാബാ രാംദേവിന്റെ പ്രസ്താവന വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്നും ഡൽഹി ഹെെക്കോടതി ആശങ്ക പ്രകടിപ്പിച്ചു.
ബാബ രാംദേവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച് വിവിധ ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കൊവിഡ് -19 മരണങ്ങൾക്ക് അലോപ്പതിയാണ് ഉത്തരവാദിയെന്ന് പറഞ്ഞ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതിരിക്കാൻ പ്രേരിപ്പിച്ചെന്ന് കാണിച്ചായിരുന്നു ഹർജി.
കൊവിഡ് വാക്സിനേഷനെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, വാക്സിനേഷൻ കൊവിഡിൽ നിന്ന് സംരക്ഷണം നൽകില്ലെന്ന് രാംദേവ് പ്രചാരണം നടത്തിയതായും വീഡിയോകളും പ്രസ്താവനകളും ഉദ്ദരിച്ച് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി. സർക്കാരും മന്ത്രിമാരും ബൂസ്റ്റർ മരുന്നുകൾ കഴിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സമയത്ത്, രാംദേവ് പൊതുജനങ്ങളോട് നടത്തിയ പ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിബൽ വാദിച്ചു.
അതേസമയം, ആയുർവേദത്തിന്റെ നല്ല പേര് നശിപ്പിക്കപ്പെടുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്ന് രാംദേവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ പി വി കപൂറിനോട് ജസ്റ്റിസ് ഭംഭാനി പറഞ്ഞു. ബാബാ രാംദേവിന് അദ്ദേഹം പറയുന്നത് എന്തും അനുസരിക്കുന്ന അനുയായികൾ ഉള്ളത് സ്വാഗതാർഹമാണ്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം ഔദ്യോഗികമായ കാര്യങ്ങളിൽ കൂടുതൽ ഒന്നും പറയരുതെന്ന് കോടതി വ്യക്തമാക്കി. ആയുർവേദം ഒരു അംഗീകൃത, പ്രാചീന ചികിത്സാ സമ്പ്രദായമാണ്. ആയുർവേദത്തിന്റെ പേരിന് കോട്ടം വരുത്തുന്ന ഒന്നും ചെയ്യരുതെന്നും കോടതി പറഞ്ഞു.
വാക്സിൻ എടുക്കണോ വേണ്ടയോ എന്ന് ഒരാൾക്ക് തീരുമാനിക്കാമെന്ന് പറയുന്നത് ശരിയാണെങ്കിലും അത് ഉപയോഗശൂന്യമാണെന്ന് പറയുന്നത് മറ്റൊരു കാര്യമാണെന്നും ജസ്റ്റിസ് ഭംഭാനി കപൂറിനോട് പറഞ്ഞു.
ഓഗസ്റ്റ് 4 ന്, കോവിഡ് -19 നെതിരായ അലോപ്പതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് രാംദേവ് നടത്തിയ പ്രസ്താവനയാണ് ഹർജിക്ക് ആധാരമായത്. വൈറസിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ വാക്സിനേഷൻ മാത്രം പോരെന്നും യോഗയും ആയുർവേദവും അതോടൊപ്പം ചേർക്കണമെന്നുമായിരുന്നു പ്രസ്താവന്. വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുത്തിട്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് പോസിറ്റീവ് ആയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായാണ് രാംദേവ് പ്രസ്താവന നടത്തിയത്.
കേസിൽ സിബലിന്റെ വാദം പൂർത്തിയായി. തുടർന്ന് കോടതി കേസ് ഓഗസ്റ്റ് 23 ന് വീണ്ടും പരിഗണിക്കാൻ മാറ്റി.