Connect with us

Kerala

മനുഷ്യരുടെ വേദനയും ദുരിതവും വച്ച് രാഷ്ട്രീയം കളിക്കരുത്; കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം: കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കര്‍മഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്ന് സംശയിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാട് കടുത്ത വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കര്‍മഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്ന് സംശയിക്കുന്നു. കേന്ദ്രനിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു.മനുഷ്യരുടെ വേദനയും ദുരിതവും വച്ച് രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

വയനാടിനു പ്രത്യേക പാക്കേജ് വേണമെന്നത് കേരളത്തിന്റെ പൊതു ആവശ്യമാണ്. വയനാട്ടിലെ ജനങ്ങളുടെ അവകാശമാണത്.ബിജെപിക്ക് താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ വാരിക്കോരി നല്‍കുകയാണ്. മോദി സര്‍ക്കാരിന്റെ ഔദാര്യമല്ല ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ ആനുകൂല്യം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ദുരന്തം നടന്ന് നൂറുദിനം കഴിഞ്ഞിട്ടും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ശബ്ദമില്ല.പ്രത്യേക സാമ്പത്തിക പാക്കേജ് കിട്ടിയെങ്കില്‍ മാത്രമെ വയനാട് പുനരധിവാസം നല്ല രീതിയില്‍ നടത്താന്‍ സാധിക്കുകയുയുള്ളു എന്നും സുധാകരന്‍ പറഞ്ഞു.

Latest