Connect with us

Kerala

വിജയശതമാനം ഉയർത്താൻ കുട്ടികളെ ഭിന്നശേഷിക്കാരായി ചിത്രീകരിക്കരുത്: കർശന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

മമ്പറം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.

Published

|

Last Updated

കണ്ണൂർ | സ്കൂളിന്റെ വിജയശതമാനം ഉയർത്താനായി ഭിന്നശേഷിക്കാരല്ലാത്ത വിദ്യാർഥികളെ ഭിന്നശേഷിക്കാരായി രേഖപ്പെടുത്തിയ  ശേഷം സഹായിയെ നിയോഗിച്ച് പരീക്ഷ എഴുതിപ്പിക്കുന്ന സമ്പ്രദായം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ എല്ലാ വിദ്യാലയ മേധാവികൾക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഭിന്നശേഷിക്കാരനല്ലാത്ത വിദ്യാർഥിയെ ഭിന്നശേഷിക്കാരനാക്കാൻ ശ്രമിച്ച മമ്പറം ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപികക്ക് മെമ്മോ നൽകി രേഖമൂലം വിശദീകരണം വാങ്ങണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം. കെ ബൈജുനാഥ് നിർദ്ദേശിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് തലശേരി വിദ്യാഭ്യാസ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

മമ്പറം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പൂർണ ആരോഗ്യവാനായ തന്റെ മകന് സ്കൂളിലെ പ്രധാനാധ്യാപിക യൂണിക് ഡിസബിലിറ്റി ഐ.ഡി കാർഡ് നൽകിയെന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം ഉറപ്പാക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും പരാതിയിൽ പറയുന്നു.

കുട്ടിക്ക് പരീക്ഷാ സഹായിയെ നിയോഗിച്ച നടപടി അമ്മയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ റദ്ദാക്കിയതായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കമ്മീഷനെ അറിയിച്ചു. വരും വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കുമ്പോൾ ബോധവത്കരണം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടിക്ക് പരീക്ഷ എഴുതാൻ സഹായിയെ ആവശ്യമാണെങ്കിൽ രക്ഷകർത്താവിന്റെയും കുട്ടിയുടെയും സമ്മതപത്രം വാങ്ങാൻ പ്രധാനാധ്യാപികക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കുത്സിത പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest