VRATHA VISHUDDHI
നിസ്‌കാരക്കസേരകൾ വലിച്ച് കളിക്കരുത്
ജമാഅത്തിന്റെ പ്രതിഫലം നഷ്്ടപ്പെടാതിരിക്കാനാണ് അനാരോഗ്യം മറന്ന് പ്രായമായവർ പള്ളിയിൽ വരുന്നത്. അവരെ തളർത്തരുത്.
മുമ്പൊന്നും ഇന്നത്തെ പോലെ പള്ളികളിൽ നിസ്‌കാരക്കസേരകൾ സാർവത്രികമായിരുന്നില്ല.
ഇവ പള്ളികളിൽ എത്തിത്തുടങ്ങിയ ഘട്ടത്തിൽ ആവശ്യക്കാർ കസേരകൾ കൊണ്ട് വരാറായിരുന്നു പതിവ്. പിന്നീട് ഇതിന്റെ ഉപയോഗക്കാർ വർധിച്ചു തുടങ്ങി. പള്ളിയുടെ ഗോവണിക്ക് താഴെയും വരാന്തകളിലും വ്യത്യസ്ത തരം കസേരകളും സ്റ്റൂളുകളും കൂടിക്കൂടി വന്നു. ഈയിടെയായി പള്ളിക്കമ്മിറ്റി ഭാരവാഹികൾ തന്നെ ഒത്തതും ഒതുക്കമുള്ളതുമായ കസേരകൾ കൊണ്ടുവന്ന് നിസ്‌കരിക്കാനെത്തുന്ന ആവശ്യക്കാരായ മുതിർന്ന പൗരന്മാർക്കായി സജ്ജീകരിച്ചു വെക്കുകയാണ് പതിവ്. എന്നാൽ, നിലവിൽ ആൽത്തറകളിലും കടത്തിണ്ണകളിലും നടക്കുന്ന ചർച്ച കേട്ടാൽ പള്ളിക്കമ്മിറ്റി അടിയന്തരായി കസേരകളെടുത്ത് തൂക്കി വിറ്റ് പൈസ വരവ് പുസ്തകത്തിൽ ചേർക്കുകയും തരിപ്പും കടച്ചിലുമുള്ളവർ പള്ളിയിൽ കടക്കരുതെന്ന് ബോർഡ് വെക്കുകയും ചെയ്യണമെന്ന് തോന്നിപ്പോകും..
എന്നാലും ഈ പ്രവണത ഇടക്കാലത്ത് കൂടാനുള്ള കാരണം എന്താവും. അത് പലതാണ്. അത് പറയുകയല്ല.
തീരേ നിന്ന് നിസ്‌കരിക്കാൻ കഴിയാത്തവരും ഭാഗികമായി മാത്രം നിൽക്കാൻ കഴിയുന്നവരുമാണ് ഇരുന്ന് നിസ്‌കരിക്കുക. എന്നാൽ ചിലർക്ക് നിസ്‌കാരത്തിലെ നിറുത്തങ്ങൾക്ക് ആക്കമുണ്ടെങ്കിലും റുകൂഅ് (കൈപ്പത്തികൾ കാൽമുട്ടുകളിൽ വെച്ച് കുനിഞ്ഞുള്ള നിർത്തം) സുജൂദ്, (നെറ്റി, മൂക്ക്, രണ്ട് കൈപ്പത്തികൾ, കാൽമുട്ടുകൾ, കാൽ വിരലുകളുടെ അടിഭാഗങ്ങൾ എന്നിവ നിലത്തുവെക്കൽ), ഇരുത്തം തുടങ്ങിയവ ശരിയായ വിധം നിർവഹിക്കാൻ സാധിക്കാറില്ല. ഇത്തരക്കാരും നിസ്‌കാരത്തിൽ ഇരിക്കാറുണ്ട്. ഇവർ ഇരിപ്പിടത്തിലിരുന്ന് തല കുനിച്ചും മറ്റും സുജൂദും റുകൂഉം ആകുംപോലെ ആംഗ്യം കാണിച്ച് അവയിൽ ഉരുവിടാനുള്ള പ്രകീർത്തന വാക്യങ്ങൾ ജപിക്കുകയാണ് ചെയ്യാറ്.
നിസ്‌കാരത്തിന്റെ കാര്യം അങ്ങനെയാണ്. നിർബന്ധമുള്ളവർ ഉപേക്ഷ കൂടാതെ ചെയ്യേണ്ടതാണത്. ഏത് ദുർഘട സാഹചര്യത്തിലും ഒഴിവാക്കിക്കൂടാ, എന്നാൽ സൗകര്യപ്രദമാം വിധം ചെയ്താൽ മതിയാകുന്നതാണ്.
അതേസമയം, പള്ളിയിൽ പോയിയുള്ള ജമാഅത്ത് (സംഘ) നിസ്‌കാരം വൈയക്തികമായി നിർബന്ധമല്ല. കർമശാസ്ത്രത്തിൽ ഇമാം ശാഫിഈ (റ) യുടെ അനുഗാമികൾക്ക് ശക്തമായ സുന്നത്താണത്. ആരോഗ്യ പ്രശ്‌നങ്ങളുൾപ്പെടെയുള്ള അനിവാര്യ കാരണങ്ങളുള്ളവർക്ക് ഇതിലും ഇളവുണ്ട്. പരിഗണിക്കപ്പെടുന്ന കാരണങ്ങളുള്ളപ്പോൾ സുന്നത്തായ ജമാഅത്തിൽ പങ്കെടുക്കാതിരിക്കുന്നതിലെ കറാഹതും (ഇഷ്ടക്കേട്) അവനിൽ വരില്ല.
എന്നാൽ കാരണങ്ങൾ ഉണ്ടായിരിക്കെ ജമാഅത്തിന് പോയില്ലെങ്കിൽ ഒറ്റക്ക് നിസ്‌കരിക്കുന്നതിന്റെ 27 ഇരട്ടി പ്രതിഫലം ലഭിക്കുമോ എന്ന കാര്യത്തിൽ പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. നേരത്തേ ജമാഅത്തിൽ പങ്കെടുത്തവർ കാരണങ്ങളുള്ളപ്പോൾ പോയില്ലെങ്കിലും പ്രതിഫലം കിട്ടുമെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ടെങ്കിലും ഇമാം നവവി(റ)യടക്കം കിട്ടില്ലെന്ന അഭിപ്രായക്കാരാണ്.
ജമാഅത്തിന്റെ പ്രതിഫലം നഷ്്ടപ്പെടാതിരിക്കാനാണ് അനാരോഗ്യം മറന്ന് പ്രായമായവർ പള്ളിയിൽ വരുന്നത്. അവരെ തളർത്തരുത്. നാളെ നമുക്ക് ഇരിക്കാനുള്ള കസേരകളാണതെന്ന ഓർമ വേണം.