Articles
ഓടിയൊളിക്കരുത്, മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്
വീട്ടിലെ ഓരോ അംഗവും ഓരോ ലോകമാണ്. പരസ്പരമറിയാം, പക്ഷേ അറിയേണ്ടതൊന്നും അറിയുന്നില്ല. അതാണവസ്ഥ. ഒരുമിച്ചിരിക്കാൻ, ഒരുമിച്ചുണ്ണാൻ, ഒരുമിച്ച് സംസാരിക്കാൻ, വിശേഷങ്ങൾ പങ്കിടാൻ ആർക്കുണ്ട് നേരവും കാലവും? ഒന്നിനും സമയമില്ലാത്തത്ര തിരക്കുകളിലേക്ക് മലയാളികൾ വീണുപോയിരിക്കുന്നു. വെറും വീഴ്ചയല്ല. വേദനാജനകമായ പതനമാണ്.

മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്.
മഹാനഗരത്തിൻ നടുക്കു നിന്നു ഞാൻ
അവരുടെ മിണ്ടാവരവു കാണുന്നു
മിഴിഞ്ഞ കണ്ണുകൾ, മുറിഞ്ഞ ചുണ്ടുകൾ,
ഒടിഞ്ഞുതൂങ്ങിയോരിളം കഴുത്തുകൾ
ഉടഞ്ഞ നെഞ്ഞുകൾ, ചതഞ്ഞ മെയ്യുകൾ
തുടകളിൽ ചോരക്കറയൊലിപ്പുകൾ
മരിച്ച കുഞ്ഞുങ്ങൾവരുന്നുണ്ട്, നമ്മെ
ത്തിരക്കിക്കൈനീട്ടിയിതാ വരുന്നുണ്ട്.
മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം!
വിറച്ചുപേടിച്ചു വിറച്ചുപേടിച്ചു
തളർന്നുനൊന്തുനൊന്തതിലും നൊന്തുനൊ
ന്തിവർ പിടഞ്ഞെത്ര വിളിച്ചിരിക്കണം
മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം!
സുഗതകുമാരിയാണ്. മറ്റൊരു സന്ദർഭത്തിൽ ഹൃദയം മുറിഞ്ഞുകൊണ്ടെഴുതിയ കവിതയിലെ വരികളാണ്. സുഗതകുമാരി ഇന്നില്ല. 2020 ഡിസംബർ 23ന് ജീവിതകാവ്യം പൂർത്തിയാക്കി അവർ പിൻവാങ്ങി. പക്ഷേ കുഞ്ഞുങ്ങളുടെ നിലവിളി അവസാനിച്ചിട്ടില്ല. മഹാനഗരങ്ങളുടെ നടുക്ക് നിന്ന് മരിച്ച കുഞ്ഞുങ്ങളുടെ വരവ് നാം കാണുകയാണ്. കൊച്ചി പനമ്പിള്ളി നഗറിൽ നിന്നാണ് ആ കാഴ്ച ഈയിടെ നമ്മൾ കണ്ടത്. അങ്ങനെയൊരു സംഭവം മേലിൽ ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം, പ്രാർഥിക്കാം.
മാതാവ് റോഡിലേക്കെറിഞ്ഞു കൊന്ന കുഞ്ഞിന്റെ രക്തം നിലവിളിക്കുന്നുണ്ട്. നമ്മോട് പലതും പറയുന്നുണ്ട്. ആ കുഞ്ഞിന്റെ ഓർമകൾ യുവതിയുടെ കുടുംബത്തെ മാത്രമല്ല, മലയാളികളെ ഒന്നാകെ അൽപ്പകാലത്തേക്കെങ്കിലും വേട്ടയാടും. കൊന്നത് പ്രസവിച്ച അമ്മയാണ്, മരിച്ചു മണിക്കൂറുകൾക്കുള്ളിലാണ് മാലിന്യക്കവർ എറിയുന്ന മലയാളിയുടെ സവിശേഷമായ മനോനിലയെ ഓർമിപ്പിക്കും വിധം കുഞ്ഞിനെ നൊന്തുപെറ്റ അമ്മ റോഡിലേക്കെറിഞ്ഞത്, വീഴ്ചയുടെ ആഘാതത്തിൽ പ്രാണൻ പിരിഞ്ഞുപോയത്. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങിലേക്ക് യുവാവിന്റെയോ യുവതിയുടെയോ ബന്ധുക്കൾ എത്തിയില്ല. പോലീസ് ഏറ്റെടുത്ത് മൃതദേഹം സംസ്‌കരിക്കുകയാണുണ്ടായത്.
നമുക്ക് ആ അമ്മയെ സാമൂഹിക മാധ്യമങ്ങളിൽ വിചാരണ ചെയ്യാം, യുവതിയുടെ കുടുംബത്തെ പരിഹസിക്കാം, അവൾക്ക് ഗർഭം സമ്മാനിച്ച അജ്ഞാതനാമാവിനെ കുറ്റപ്പെടുത്താം. അപ്പോഴും നമ്മൾ തൊടാൻ മടിക്കുന്ന ചില യാഥാർഥ്യങ്ങളുണ്ട്. ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ മാത്രമല്ല, ആരാന്റെ വീട്ടിൽ അവിഹിതം നടന്നാലും മലയാളിക്ക് “ആഘോഷമാണ്’. കൊല്ലപ്പെട്ട കുഞ്ഞിനോടുള്ള കരുതലും കണ്ണീരും പങ്കുവെച്ചുകൊണ്ടുതന്നെ ആ യുവതിയുടെ ഗർഭത്തിൽ അനിതരസാധാരണമായ താത്പര്യം മലയാളികൾക്കുണ്ടാകുന്നതും അതുകൊണ്ടാണ്. ഓർത്തിരിക്കുന്നതിനേക്കാൾ എളുപ്പത്തിൽ എല്ലാം മറക്കാൻ കഴിയും നമുക്ക്. ആകയാൽ നമ്മൾ ഈ വേദനയും കടന്നുപോകും. അപ്പോഴും ആ കുഞ്ഞിന്റെ രക്തം നിലവിളിക്കുന്നുണ്ടാകും.
യുവതി പീഡിപ്പിക്കപ്പെട്ടു എന്നാണ് വാർത്തകൾ. പോലീസ് ഭാഷ്യവും അങ്ങനെത്തന്നെയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ബന്ധമാണ്. ആ ബന്ധത്തിലെ കുഞ്ഞാണ് നടുറോട്ടിൽ ദാരുണമായി അവസാനിച്ചത്. തിരശ്ശീലക്കപ്പുറത്ത് നിൽക്കുന്ന യുവാവ് ആര് എന്നത് ഒട്ടും പ്രസക്തമല്ല. അയാളുടെ ഊരോ പേരോ പ്രധാനമല്ല. ഇത്തരം സംഭവങ്ങളിൽ നിന്ന് നമ്മൾ മലയാളികൾ എന്തുപഠിക്കുന്നു എന്നതാണ് പ്രധാനം. നമ്മുടെ സാമൂഹികബന്ധത്തിന്റെ കണ്ണികൾ പറ്റെ ദുർബലപ്പെട്ടിരിക്കുന്നു എന്നത് കാണാതിരുന്നു കൂടാ. സ്വന്തം വീട്ടിലെ പെൺകുട്ടി ഗർഭിണിയാണ് എന്ന് കുടുംബത്തിലെ മറ്റാർക്കും അറിയില്ലായിരുന്നു. മാസം തികഞ്ഞുതന്നെ പ്രസവിച്ചതാണ്. എന്നിട്ടും, ആ വീട്ടുകാർക്ക് അതേകുറിച്ച് അറിയില്ലായിരുന്നു. യുവതിക്ക് ഒരാളുമായി ബന്ധമുണ്ട് എന്നറിയില്ലായിരുന്നു, അവൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നറിയില്ലായിരുന്നു. അത് ആ കുടുംബത്തിന്റെ മാത്രം പ്രശ്‌നമാണോ? അല്ല എന്നാണുത്തരം. വീട്ടിലെ ഓരോ അംഗവും ഓരോ ലോകമാണ്. പരസ്പരമറിയാം, പക്ഷേ അറിയേണ്ടതൊന്നും അറിയുന്നില്ല. അതാണവസ്ഥ. ഒരുമിച്ചിരിക്കാൻ, ഒരുമിച്ചുണ്ണാൻ, ഒരുമിച്ച് സംസാരിക്കാൻ, വിശേഷങ്ങൾ പങ്കിടാൻ ആർക്കുണ്ട് നേരവും കാലവും? ഒന്നിനും സമയമില്ലാത്തത്ര തിരക്കുകളിലേക്ക് മലയാളികൾ വീണുപോയിരിക്കുന്നു. വെറും വീഴ്ചയല്ല. വേദനാജനകമായ പതനമാണ്.
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം. നമുക്കിപ്പോൾ “കൂടാൻ’ നേരമില്ല. കൂട്ടുകളത്രയും സോഷ്യൽ മീഡിയകളിലേക്ക് പറിച്ചുനട്ടിരിക്കുന്നു. വെർച്വൽ ലോകമാണ് നമുക്ക് പ്രിയങ്കരം. നമ്മൾ യാഥാർഥ്യങ്ങളിലല്ല ജീവിക്കുന്നത്, മോഹങ്ങളിലാണ്. ഇൻസ്റ്റയിൽ ഫിൽറ്റർ ചെയ്തു വെളുപ്പിക്കുന്ന മുഖങ്ങളിലേക്ക് മൂക്കുകുത്തി വീഴുന്ന ആദ്യത്തെ മലയാളി പെൺകുട്ടിയല്ല പനമ്പിള്ളി നഗറിലേത്. അവസാനത്തേതുമാകില്ല. “മണ്ണിൽ കാലുകുത്തി നിൽക്കുന്ന മനുഷ്യൻ’ എന്നത് പഴയ പ്രയോഗമാണ്. തനി ക്‌ളീഷേ. പക്ഷേ, ചുറ്റുവട്ടങ്ങളിലേക്ക് കൺപാർത്തിരിക്കുന്ന/ കാതോർത്തിരിക്കുന്ന മനുഷ്യൻ എന്ന് ആ ക്‌ളീഷേ പ്രയോഗത്തെ പരാവർത്തനം ചെയ്തുനോക്കൂ. അപ്പോഴറിയാം നമ്മൾക്കെവിടെയാണ് ചുവടു പിഴച്ചതെന്ന്. കൈമോശം വന്നത് ജാഗ്രതയാണ്. നമ്മൾ ചവിട്ടി നിൽക്കുന്നത് മണ്ണിലല്ല, സൈബർ ചെളിയിലാണ്. എപ്പോൾ വേണമെങ്കിലും വഴുതിപ്പോകാം, തെന്നി വീഴാം. അത്ര സങ്കീർണമാണ് ആ പ്രതലം. സമൂഹമാധ്യമങ്ങളിലെ പച്ചവെളിച്ചം ആലോചനകളില്ലാതെ മുന്നോട്ട് കുതിക്കാനുള്ള അടയാളമായി മനസ്സിലാക്കുന്നതിന്റെ കൂടി പ്രശ്‌നമാണത്.
മനുഷ്യൻ സർവതന്ത്ര സ്വതന്ത്രനാണ്, അവൻ സ്വേച്ഛ പ്രകാരം ജീവിക്കട്ടെ എന്നൊക്കെ എഴുതാനും പ്രസംഗിക്കാനും എളുപ്പമാണ്. അങ്ങനെ ജീവിക്കുക പക്ഷേ ഏറെ പ്രയാസകരവുമാണ്. കാരണം നമ്മുടെ സമൂഹം ഉൾവഹിക്കുന്ന ചില മൂല്യങ്ങളുണ്ട്. സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങൾക്ക് ദഹിച്ചാലും ഇല്ലെങ്കിലും അതൊരു വസ്തുതയാണ്. ഉപരിപ്ലവമായെങ്കിലും അതിവിടെയുണ്ടാകും. കാരണം ഏത് സമൂഹത്തിന്റെയും നിലനിൽപ്പ് മൂല്യങ്ങളുടെ നിലപാട് തറയിലാണ്. അതില്ലാതായാൽ മനുഷ്യൻ അങ്ങേയറ്റം സ്വാർഥനാകും. സ്വന്തം സന്തോഷങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്നൊരാൾ സാമൂഹിക ജീവിതത്തിന് പുറത്തുകടക്കുകയാണ് ചെയ്യുന്നത്. സാമൂഹികതയിൽ നിന്ന് വ്യക്തിയിലേക്കുള്ള പിൻനടത്തത്തെയാണ് സ്വതന്ത്രചിന്തയെന്നും ലിബറലിസമെന്നുമൊക്കെ പേരിട്ട് വിളിച്ച് വെളുപ്പിക്കാറുള്ളത്. ആ സാമൂഹിക സദാചാരത്തിന്റെ പുറത്തായിപ്പോയി എന്ന കുറ്റബോധത്തിൽ നിന്നാകണം പനമ്പിള്ളി നഗറിലെ യുവതി നവജാത ശിശുവിനെ കൊല്ലാൻ തീരുമാനിച്ചത്. അവിവാഹിതയായ യുവതി ഗർഭം ധരിക്കുന്നു, പ്രസവിക്കുന്നു എന്നതിന്റെ ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാനാകാം ആ കടുംകൈ ചെയ്തത്. അപ്പോഴും ആ കുഞ്ഞെന്ത് പിഴച്ചു എന്നൊരു ചോദ്യമുണ്ട്. കുഞ്ഞിനെ ജീവിക്കാൻ വിടാമായിരുന്നില്ലേ എന്ന് നമ്മൾ ചോദിച്ചു കഴിഞ്ഞതാണ്. നമ്മുടെ സാമൂഹിക ബന്ധത്തെ രൂപപ്പെടുത്തുന്ന മൂല്യങ്ങൾ മറന്ന് ഈ നാട് സഞ്ചെരിച്ചെത്തുക എവിടേക്കാകും എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് പനമ്പിള്ളി സംഭവം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ചൂഷണങ്ങളും ലൈംഗികാതിക്രമങ്ങളും തടയാൻ നിയമം കൊണ്ടുമാത്രം സാധ്യമാകില്ല. അതിന് നമ്മുടെ സാമൂഹിക സ്ഥാപനങ്ങൾ ഉണർന്നിരിക്കുക കൂടി വേണം. പൗരബോധം ആ നിലക്ക് പാകപ്പെടുത്തണം. വ്യവസ്ഥകൾക്ക് പുറത്തുകടക്കാനുള്ള വെമ്പലിൽ സ്വന്തം ജീവിതം തച്ചുടക്കരുത് എന്ന് പുതുതലമുറയെ ഉപദേശിക്കുന്നത് മോശം കാര്യമല്ല. മക്കൾ കുടുംബത്തിന് “പുറത്തേക്ക്’ വളരുന്നത് മനസ്സിലാക്കാൻ സമൂഹത്തെ പരിശീലിപ്പിക്കുക തന്നെ വേണം. അവർ അവരുടെ ജീവിതം നയിക്കട്ടെ എന്നല്ല, അവർ നമ്മൾ കൂടി ഉൾകൊള്ളുന്ന സമൂഹത്തിന്റെ ധാർമിക ബോധത്തിനൊപ്പം ജീവിക്കട്ടെ എന്ന് തന്നെയാണ് രക്ഷിതാക്കൾ ചിന്തിക്കേണ്ടത്. അടച്ചിട്ട മുറിയിലിരുന്ന് ലോകത്തോളം വളരാൻ കഴിയുന്ന കാലമാണ്. ധാർമികതയുടെ അടച്ചുറപ്പില്ലാത്ത അരാജക ജീവിതങ്ങളോട് ആരാധനയോളമെത്തുന്ന അഭിനിവേശം പുതുതലമുറയിൽ വളരുന്നത് കാണാതിരിക്കരുത്. സമൂഹമാധ്യമത്തിൽ വന്ന് പച്ചത്തെറി വിളിക്കുന്ന അറുവഷളൻ കോമാളിമാർക്ക് കിട്ടുന്ന വിസിബിലിറ്റിയും സ്വീകാര്യതയും നമ്മുടെ കണ്ണ് തുറപ്പിക്കണം. അത്തരക്കാർ ഷോപ്പുകളുടെ ഉദ്ഘാടകരായും യൂട്യൂബ് ചാനലുകളുടെ അതിഥികളായും ആനയിക്കപ്പെടുന്നത് എന്തിന്റെ സൂചനയാണ്? അങ്ങനെയൊരാളെ കാണാൻ കൊച്ചുപിള്ളേർ സ്‌കൂളിൽ പോകാതെ പൊരിവെയിലത്ത് കാത്തുനിന്നത് ഇക്കേരളത്തിലാണ്. നമ്മൾ ആഘോഷപൂർവം കൊണ്ടുനടക്കുന്ന പ്രബുദ്ധത ഒന്നാംതരം കുമിളയാണ് എന്ന് മനസ്സിലാക്കിത്തന്ന വേറെയും സന്ദർഭങ്ങളുണ്ട്. വ്യത്യസ്തമായ എന്തിനോടും വീരാരാധന തോന്നുന്ന കുട്ടികളുടെ പ്രായം നമുക്ക് ഒരു എക്‌സ്‌ക്യൂസ് ആയി പരിഗണിക്കാം. ഇവർക്ക് മാന്യതയുടെ പരിവേഷം നൽകുന്ന വ്യാപാരികളുടെയും ബദൽ മാധ്യമപ്രവർത്തകരുടെയും അഭിനിവേശത്തെ നമ്മൾ ഏത് കള്ളിയിൽ വരവ് വെക്കും? ചുരുക്കത്തിൽ ചികിത്സ വേണ്ടത് സമൂഹത്തിനാണ്. പനമ്പിള്ളി നഗറിലെ ആ ഫ്ലാറ്റിലേക്ക് കല്ലെറിയുന്നതിന് മുമ്പ് ആത്മപരിശോധന നടത്തട്ടെ മലയാളികൾ. അല്ലാത്ത പക്ഷം മരിച്ചകുഞ്ഞുങ്ങളുടെ മിണ്ടാ വരവ് മഹാനഗരങ്ങളുടെ നടുക്ക് നിന്ന് മാത്രമല്ല, സ്വച്ഛന്ദ ഗ്രാമീണതയുടെ നടുക്ക് നിന്നും നമ്മൾ കാണേണ്ടി വരും.