Connect with us

Ramzan

ഇരിക്കും കൊന്പ് വെട്ടുന്നവൻ വീഴാൻ കാത്തുനിൽക്കരുത്

തിന്മകൾ പ്രവർത്തിക്കുന്നവരെ അതിൽ നിന്ന് തടയാതിരുന്നാൽ അതിന്റെ തിക്തഫലം എല്ലാവരും അനുഭവിക്കേണ്ടിവരും.

Published

|

Last Updated

കപ്പൽ പുറപ്പെടാനൊരുങ്ങുകയാണ്. മുകൾത്തട്ടിലും താഴേത്തട്ടിലും ഇരിക്കുന്നവരെ നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്.

നറുക്ക് കിട്ടിയത് പ്രകാരം പകുതിയാളുകൾ താഴെയിരിക്കുകയും ബാക്കിയുള്ളവർ മേലോട്ട് കയറുകയും ചെയ്തു. പക്ഷേ, ആ കപ്പലിലെ മുഴുവൻ യാത്രക്കാർക്കുമുള്ള വെള്ളം മുകൾ ഭാഗത്താണ് സംവിധാനിച്ചിരിക്കുന്നത്. താഴേത്തട്ടിലിരിക്കുന്നവരും വെള്ളം ആവശ്യമുള്ള സമയത്ത് മുകളിൽ കയറണം. അവിടെയുള്ള യാത്രക്കാർക്കിടയിലൂടെ നടക്കണം. ഇത് താഴെയുള്ളവർക്ക് ബുദ്ധിമുട്ടായി തോന്നിയപ്പോൾ അവരൊരു സൂത്രം കണ്ടെത്തി.

കപ്പലിന്റെ താഴെ വെള്ളം ശേഖരിക്കാൻ പാകത്തിലൊരു തുളയിടാനായിരുന്നു തീരുമാനം. ഇങ്ങനെയാകുമ്പോൾ യഥേഷ്ടം വെള്ളം താഴെ നിന്നുതന്നെ കിട്ടും. മുകളിലുള്ളവരെ ശല്യപ്പെടുത്തേണ്ടതുമില്ല… മുകളിലുള്ളവർ താഴെയുള്ളവരുടെ തീരുമാന പ്രകാരം പ്രവർത്തിക്കാനനുവദിച്ചാൽ എന്താകും സ്ഥിതി. നാശമാണ് സംഭവിക്കുക. എന്നാൽ അവർ താഴെയുള്ളവരെ തടഞ്ഞുവെച്ചാലോ എല്ലാവരും രക്ഷപ്പെടുകയും ചെയ്യും. അല്ലാഹുവിന്റെ വിധി വിലക്കുകൾ ലംഘിക്കുന്നവരെ ബോധവത്കരിക്കാതിരിക്കുന്നതിന്റെ ഗൗരവം പഠിപ്പിക്കാനായി നബി (സ) പറഞ്ഞതാണിത്.

തിന്മകൾ പ്രവർത്തിക്കുന്നവരെ അതിൽ നിന്ന് തടയാതിരുന്നാൽ അതിന്റെ തിക്തഫലം എല്ലാവരും അനുഭവിക്കേണ്ടിവരും.
വിവരമില്ലാത്തതു കൊണ്ടും അനുഭവജ്ഞാനത്തിന്റെ കുറവ് കൊണ്ടും മനുഷ്യർക്ക് അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. പലതും അനുഭവിച്ചതിന് ശേഷമാണ് തിരിച്ചറിയാൻ സാധിക്കുക. ഒരുപക്ഷേ, കൂടെയുള്ളവർക്കും കണ്ടുനിൽക്കുന്നവർക്കും അത് നേരത്തേ തിരിച്ചറിയാനാകും. അനുഭവത്തിന്റെ വെളിച്ചത്തിലോ ദീർഘദൃഷ്ടിയുടെ കരുത്തിലോ ആയിരിക്കും അവർക്കത് മനസ്സിലാക്കാനാകുന്നത്.

ചുറ്റുമുള്ളവരുടെ അശ്രദ്ധകൊണ്ട് സംഭവിക്കുന്ന തെറ്റുകൾ തിരുത്തുകയും അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. സാരോപദേശങ്ങൾ നൽകലും നന്മയിലായി വഴിനടത്തലും പ്രധാനപ്പെട്ട ഉത്തവാദിത്വങ്ങളാണ്. ഇതിൽ നിന്ന് ആർക്കും ഒഴിഞ്ഞു നിൽക്കാനാകില്ല. മാതാ പിതാക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ പ്രത്യേക കർത്തവ്യങ്ങളുണ്ട്.
ഇരിക്കുന്ന കൊന്പ് മുറിക്കുന്ന കുട്ടിയെ കണ്ടില്ലെന്ന് നടിക്കാൻ മാതാപിതാക്കൾക്ക് സാധിക്കുമോ. അത് യുക്തിഹീനമായ പ്രവർത്തനമാണെന്ന് ബോധ്യപ്പെടുത്താത്തയാൾ കുട്ടിയെ വേണ്ടവിധം ഗൗനിക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

ഉത്തരവാദപ്പെട്ടവർ നന്മകൾ പറഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ കുട്ടികളുടെ വ്യക്തിത്വം മലീമസമായാൽ, ചെറുപ്പത്തിലേ തിന്മയെത്തൊട്ട് തടയാത്തതിന്റെ പേരിൽ അവൻ സമൂഹത്തിൽ അധമനായി മാറിയാൽ നമ്മൾ കണ്ണടച്ചതിനും കണ്ടില്ലെന്ന് നടിച്ചതിനും അല്ലാഹുവിന് മുന്നിൽ മറുപടി പറയേണ്ടിവരുമെന്നോർക്കുക.

പരിശുദ്ധ ഖുർആനിന്റെ ആഹ്വാനം ശ്രദ്ധിച്ച് നോക്കൂ. “നന്മയിലേക്ക് ക്ഷണിക്കുകയും സത്കർമങ്ങൾ കൽപ്പിക്കുകയും ചീത്ത കാര്യങ്ങൾ നിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളിൽ നിന്നുണ്ടാകട്ടേ. അവരാണ് വിജയികൾ’- (ആലുഇംറാൻ- 104).