Kerala
വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കരുത്; കാന്തപുരം
ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി വോട്ടു ചെയ്യണമെന്നും കാന്തപുരം.

കോഴിക്കോട്|രാജ്യത്തിന്റെ ബഹുസ്വര, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് ഇന്ത്യൻ ഗ്രാൻ്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവർക്കിടയിൽ വിവേചനവും അനീതിയുമാണ് ഈ ബില്ല് സൃഷ്ടിക്കുക. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് ഈ ബില്ല്.
ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ അപകടപ്പെടുത്താനും വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഇതിന് പിന്നിൽ. വിവിധ മതങ്ങളോടും അവരുടെ ആചാരങ്ങളോടും ഉള്ള പരസ്പര ബഹുമാനമാണ് രാജ്യാന്തര തലത്തിൽ നമ്മുടെ രാഷ്ട്രത്തിൻ്റെ എക്കാലത്തെയും മികവ്. ഇന്ത്യയിലെ ഈ ഐക്യവും പരസ്പര സ്നേഹവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാവുന്നതെന്ന് കാന്തപുരം പറഞ്ഞു.
ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിന് എതിരെ രാജ്യത്തെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി വോട്ടു ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കേരളത്തിലെ ഹിന്ദു-മുസ്ലിം-ക്രൈസ്തവ സമൂഹങ്ങൾക്കിടയിലുള്ള പരസ്പരവിശ്വാസവും ഐക്യവും തകർക്കുന്ന നിലയിൽ ചില ക്രൈസ്തവ നേതാക്കളിൽ നിന്നുണ്ടാകുന്ന പ്രതികരണം വേദനിപ്പിക്കുന്നുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.