Connect with us

gandhi murder and rss

ഗാന്ധിവധവും ആർ എസ് എസ് നിരോധനവും പഠിപ്പിക്കരുത്; പാഠഭാഗം എൻ സി ഇ ആർ ടി നീക്കം ചെയ്തു

ഗാന്ധി വധത്തെത്തുടർന്ന് ആർ എസ് എസിന് നിരോധനം ഏർപ്പെടുത്തിയെന്ന ഭാഗവും എൻ സി ആർ ടി വെട്ടിമാറ്റിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | ഗാന്ധി വധം, ആർ എസ് എസ് നിരോധനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും പന്ത്രണ്ടാം ക്ലാസ്സിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ നിന്ന് രഹസ്യമായി നീക്കി. കഴിഞ്ഞ 15 വർഷമായി പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന ഭാഗങ്ങളാണ് എൻ സി ഇ ആർ ടി നീക്കം ചെയ്തത്. ഒഴിവാക്കുന്ന ഭാഗങ്ങൾ എതൊക്കെയാണെന്ന് വ്യക്തമാക്കി എൻ സി ആർ ടി നേരത്തേ പുറത്തിറക്കിയ പട്ടികയിൽ ഈ ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നില്ല. അടുത്ത അധ്യയന വർഷം മുതൽ പഠിപ്പിക്കാനായി തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ നിന്നാണ് ഈ ഭാഗങ്ങൾ അപ്രത്യക്ഷമായത്.

“ഹിന്ദു- മുസ്‌ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമം ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചു’, “അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി’, “ഹിന്ദുക്കൾ പ്രതികാരം ചെയ്യണമെന്നും പാക്കിസ്ഥാൻ മുസ്‌ലിം രാജ്യമായതു പോലെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും കരുതുന്നയാളുകൾ ഗാന്ധിജിയെ ഇഷ്ടപ്പെട്ടിരുന്നില്ല’ എന്നിവയാണ് ഗാന്ധിയുടെ ആശങ്ങളുമായി ബന്ധപ്പെട്ട് നീക്കം ചെയ്തത്. ഗാന്ധി വധത്തെത്തുടർന്ന് ആർ എസ് എസിന് നിരോധനം ഏർപ്പെടുത്തിയെന്ന ഭാഗവും എൻ സി ആർ ടി വെട്ടിമാറ്റിയിട്ടുണ്ട്.

“ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ വളരെയധികം സ്വാധീനിച്ചു. വർഗീയവിദ്വേഷം പരത്തുന്ന സംഘടനകൾക്കെതിരെ ഇന്ത്യാ സർക്കാർ കർശന നടപടി സ്വീകരിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘ് പോലുള്ള സംഘടനകൾ കുറച്ചു കാലത്തേക്ക് നിരോധിക്കപ്പെട്ടിരുന്നു. ഇതോടെ വർഗീയ രാഷ്ട്രീയത്തിന് ആകർഷണം നഷ്ടപ്പെട്ടു’ എന്ന ഭാഗമാണ് നീക്കം ചെയ്തത്.

2020ലെ ഗുജറാത്ത് വംശഹത്യ പരമാർശിക്കുന്ന മുഴുവൻ പാഠഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പതിനൊന്നാം ക്ലാസ്സിലെ സോഷ്യോളജി പാഠപുസ്തകത്തിലെ “അണ്ടർസ്റ്റാന്റിംഗ് സൊസൈറ്റി’ എന്ന അധ്യായത്തിൽ നിന്നാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്തത്. മറ്റു ക്ലാസ്സുകളിലെ പാഠപുസ്തകത്തിൽ നിന്ന് ഗുജറാത്ത് കലാപത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ നേരത്തേ തന്നെ നീക്കം ചെയ്തിരുന്നു.

Latest