First Gear
ചാർജ് ചെയ്യാനായി കാത്തിരിക്കേണ്ട; ബാറ്ററി എക്സ്‌ചേഞ്ച് കേന്ദ്രങ്ങളുമായി ഹോണ്ട
ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (HEID) ആണ് ബാറ്ററി സ്വാപ്പിങ് സേവനം ഏറ്റെടുക്കുന്നത്.
ജപ്പാൻ വാഹനനിർമ്മാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഹോണ്ട ആക്ടീവ ഇവി ഇതിനകം വൻ ശ്രദ്ധ നേടിക്കഴിഞ്ഞു. ഊരിമാറ്റാവുന്ന ഇരട്ട സ്വാപ്പിങ് ബാറ്ററിയുമായാണ് ഹോണ്ട ആക്ടീവ ഇവി എത്തുന്നത്. വാഹനം വിപണിയിൽ ഇറക്കിയതിനു പിന്നാലെ സ്വാപ്പിങ് ബാറ്ററി കേന്ദ്രങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. ഹോണ്ടയുടെ ബാറ്ററി സ്വാപ്പിങ് സേവനവുമായി ഹോണ്ട ഇ സ്വാപ്പ് പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (HEID) ആണ് ബാറ്ററി സ്വാപ്പിങ് സേവനം ഏറ്റെടുക്കുന്നത്.
ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനോടൊപ്പം HEID-ന്റെ മൊബൈൽ ആപ്പിൽ അംഗത്വം രജിസ്റ്റർ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ബാറ്ററി സ്വാപ്പ് സ്റ്റേഷനുകൾ ആക്സസ് ചെയ്യാൻ കഴിയും. 2025 ഏപ്രിലിൽ ഡൽഹി എൻസിആറിലും മുംബൈയിലും ഇരുചക്രവാഹനങ്ങൾക്കായുള്ള ബാറ്ററി സ്വാപ്പ് സേവനം HEID ആരംഭിക്കും. ഇന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലുടനീളം കൂടുതൽ ഉപഭോക്താക്കൾക്ക് ബാറ്ററി സ്വാപ്പ് സേവനങ്ങൾ നൽകാൻ HEID-യെ പ്രാപ്തമാക്കും. 2026 മാർച്ചോടെ ബാംഗ്ലൂരിൽ 250, ഡൽഹിയിൽ 150, മുംബൈയിൽ 100 എന്നിങ്ങനെ ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ തുറക്കാനാണ് ഹോണ്ടയുടെ പദ്ധതി. ഇതോടൊപ്പം മറ്റ് നഗരങ്ങളിലേക്കും സ്വാപ്പിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കും.
കമ്പനി പ്രഖ്യാപിച്ച ഹോണ്ട ആക്ടീവ ഇയിൽ രണ്ട് 1.5 kWh ബാറ്ററികളാണ് ഉണ്ടാകുക. ചാർജ് തീർന്നാൽ സ്വാപ്പിങ് സ്റ്റേഷനിൽ ഇവ മാറ്റി വാങ്ങാം. അടുത്ത ഫെബ്രുവരിയിൽ ബംഗളൂരുവിലും ഏപ്രിൽ മുതൽ ഡൽഹിയിലും മുംബൈയിലും ആക്ടീവ ഇ ലോഞ്ച് ചെയ്യും.