Connect with us

ആത്മായനം

വിത്തിറക്കാൻ അമാന്തിച്ചു നിൽക്കല്ലേ

അജ്ഞാനകാലത്തു പോലും റജബിനെ സർവരും ആദരിച്ചിട്ടുണ്ട്.ജനം നിരായുധരാകുകയും അക്രമങ്ങളവസാനിപ്പിക്കുകയും ദേശങ്ങളിൽ സുരക്ഷിതത്വം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ ചിഹ്നങ്ങളെയും വിശുദ്ധ മാസങ്ങളെയും നിങ്ങൾ അനാദരിക്കരുതേ എന്ന് സത്യവിശ്വാസികളോട് സൂറത്തുൽ മാഇദ പ്രത്യേകം ഓർമപ്പെടുത്തിയതിലുണ്ട് റജബിൽ നാം കാണിക്കേണ്ട ജാഗ്രതയുടെ ആഴം. ദൈവപ്രീതിക്കു നിരക്കാത്തതെന്തും അനാദരവിന്റെ ഭാഗമാണ്. ആലോചനകളിലോ കർമങ്ങളിലോ പാരസ്പര്യങ്ങളിലോ അശേഷം അല്ലാഹുവിന്റെ അപ്രീതി കടന്നു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ഈ കാലത്തുണ്ടായേ പറ്റൂ.

Published

|

Last Updated

ഹൃദയരേ, നമുക്കിനി വെറുതെയിരിക്കാൻ ഒട്ടും സമയമേയില്ല. വിത്തിറക്കേണ്ട കാലത്ത് വെറുതെയിരിക്കുന്ന കർഷകനെ കുറിച്ച് നമ്മളെന്താണ് നിനയ്ക്കുക? നിസ്സംശയം, അവിവേകിയല്ലേ അവൻ?. എല്ലാവരും കൊയ്ത്തുകാലം ആഘോഷിക്കുമ്പോൾ വിരലുകടിച്ച് അട്ടം നോക്കി നിൽക്കേണ്ടി വരുന്ന ഹതഭാഗ്യരിലായിരിക്കും അവന്റെ സ്ഥാനം.

ദാരിദ്ര്യം പിടിച്ച് എല്ലുംതോലുമായ ജീവിതവും കൊണ്ട് അവന് വെറുങ്ങലിച്ച് നിൽക്കേണ്ടിവരും. വിവേകിയോ? ആ അവസരത്തെ സജീവമായി വിനിയോഗിക്കും.മണ്ണ് പാകപ്പെടുത്തി പരമാവധി വിത്തിടും , കളകൾ പറിച്ച് ആവശ്യത്തിന് വെള്ളവും വളവും കീടനാശിനിയും തളിച്ച് കുഞ്ഞു തൈകളെ പരിപാലിക്കും. ശ്രദ്ധാപൂർവമുള്ള പരിചരണത്തോടൊപ്പം ചെടി പടർന്ന് വണ്ണം വെച്ച് പൂത്തു കായ്ക്കും.

ഹായ് അധ്വാനത്തിന്റെ ഫലമായി അവയൊക്കെയും നിറയെ കായ്കൾ വെച്ച് നീട്ടും. അവകളെല്ലാം അവന്റെ മനസ്സ് നിറയ്ക്കും. നോക്കൂ. റജബാണ് മുന്നിൽ തീർന്നുപോയിക്കൊണ്ടിരിക്കുന്നത്. തിരുനബി(സ) പഠിപ്പിച്ച പോലെ അമാന്തിച്ചു നിൽക്കാതെ നന്മകളുടെ വിത്തിറക്കേണ്ട സമയമാണിത്. ശഅബാനിൽ കായ്ച്ച് റമസാനിൽ കൊയ്തെടുക്കാനും അതിന്റെ സന്തോഷത്തിൽ പെരുന്നാൾ കൂടാനും നമുക്ക് കഴിയണം.

മഹത്തുക്കൾ ഈ കാലത്തെ സഗൗരവം സമീപിച്ചിട്ടുണ്ട്. ജീവിത യാത്രയിൽ വന്നുപെട്ട ഓട്ടകളെല്ലാം അടച്ചു ശരിപ്പെടുത്തി മിനുക്കി വാർത്തു, കറകളെല്ലാം കഴുകി വെടുപ്പാക്കി. സുകൃതങ്ങൾ കൊണ്ട് അകവും പുറവും അലങ്കരിച്ചു. പിഴവു പറ്റാതിരിക്കാൻ സൂക്ഷ്മമായി ശ്രദ്ധിച്ചു നടന്നു. റജബ് പുലർന്നതു മുതൽ വിശുദ്ധിയുടെ വ്രതത്തെ അവർ കൂടെ കരുതി (സ്വർഗീയ അരുവികളിലൊന്നായ റജബ് എന്ന അരുവിയിലെ തെളിനീർ റജബിൽ നോമ്പനുഷ്ഠിച്ചവർക്കുള്ളതാണ്) പതിവിലേറെ സമയം ഉപാസനകൾക്കായിഉപയോഗപ്പെടുത്തി.

വിശുദ്ധ ഖുർആനിനെ കൂടുതൽ പാരായണം ചെയ്തു. ഇഅ്തികാഫിലും ദിക്റിലുമായി നേരങ്ങളെ ക്രമപ്പെടുത്തി.റമസാൻ വന്നിട്ടാകാം എന്ന് കരുതി നിന്നില്ല. വിത്തിറക്കാത്തവർക്ക് കൊയ്ത്തുകാലത്ത് ഒന്നും നേടാനാകില്ലല്ലോ? റമസാൻ പ്രശോഭിതമാകാനുള്ള ഒരുക്കമാണ് റജബിൽ പൂർവസ്വൂരികൾ നടത്തിയത്.റജബ് എന്ന പദത്തിന് ഒരുക്കം എന്നും അർഥമുണ്ട്. ആദ്യാക്ഷരമായ “റാഅ’ റഹ്മത്ത് അഥവ ദൈവിക കാരുണ്യത്തെയും രണ്ടാമത്തെ അക്ഷരമായ “ജീം’ ജൂദ് അഥവാ ദൈവിക ഔദാര്യത്തെയും മൂന്നാമത്തെ അക്ഷരമായ “ബാഅ’ ബിർറ് അഥവാ അല്ലാഹുവിങ്കൽ നിന്നുള്ള ഗുണങ്ങളെയും സൂചിപ്പിക്കുന്നുണ്ട്. ധാരാളം പ്രതിഫലങ്ങൾ നേടിയെടുക്കാൻ പറ്റിയ അവസരമാണ് ഈ കാലമെന്നു സാരം.

അജ്ഞാനകാലത്തു പോലും റജബിനെ സർവരും ആദരിച്ചിട്ടുണ്ട്. ജനം നിരായുധരാവുകയും അക്രമങ്ങളവസാനിപ്പിക്കുകയും ദേശങ്ങളിൽ സുരക്ഷിതത്വം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ ചിഹ്നങ്ങളെയും വിശുദ്ധ മാസങ്ങളെയും നിങ്ങൾ അനാദരിക്കരുതേ എന്ന് സത്യവിശ്വാസികളോട് സൂറത്തുൽ മാഇദ പ്രത്യേകം ഓർമപ്പെടുത്തിയതിലുണ്ട് റജബിൽ നാം കാണിക്കേണ്ട ജാഗ്രതയുടെ ആഴം.

ദൈവപ്രീതിക്കു നിരക്കാത്തതെന്തും അനാദരവിന്റെ ഭാഗമാണ്. ആലോചനകളിലോ കർമങ്ങളിലോ പാരസ്പര്യങ്ങളിലോ അശേഷം അല്ലാഹുവിന്റെ അപ്രീതി കടന്നു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ഈ കാലത്തുണ്ടായേ പറ്റൂ. തിരുനബി(സ)ക്ക് ലഭിച്ച വാനലോകത്തേക്കുള്ള ഉഡ്ഡയനത്തിനും അത്യാഹ്ലാദത്തിന്റെ സായൂജ്യത്തിലലിഞ്ഞ ദൈവിക ദർശനത്തിനും നിസ്കാരമെന്ന ഉന്നത ബഹുമതിക്കും സാക്ഷിയാകാൻ റജബിന് അവസരം കിട്ടിയതു തന്നെ മതി റജബിന്റെ പവിത്രത അടയാളപ്പെടാൻ.

നമ്മുടെ ഇനിയുള്ള പരിശ്രമങ്ങളത്രയും പവിത്രമായ ഈ അവസരത്തെ മുതലെടുക്കാനാകണം. ഇനിയും കാത്തിരുന്നാൽ എല്ലാം മറപ്പിച്ചു കളയുന്ന ദാരിദ്ര്യവും വഴിയിടറാൻ ഹേതുവാക്കുന്ന സമ്പത്തും നാശം വിതക്കുന്ന രോഗവും ബലഹീനമാക്കുന്ന വാർധക്യവും പൊടുന്നനേ സംഭവിക്കാവുന്ന മരണവും ദജ്ജാലിന്റെ നിഗൂഢാതിക്രമങ്ങളും ലോകാവസാനവും തുടങ്ങി നന്മകളുടെ വൈതരണികളാണ് നമുക്ക് മുന്നിൽ വന്നുപെടുക. അതുകൊണ്ട് ഇതാണ് സമയം. ഈ ഏഴ് ഗതികേടുകൾക്ക് മുന്നേ കർമങ്ങളിൽ വ്യാപൃതരാകൂ എന്നാണ് തിരുനബി(സ)യുടെ മുന്നറിയിപ്പ്.

അവിടുന്ന് നന്മകൾ ചെയ്യുന്നതിന് കാത്തു നിന്നിട്ടില്ല. ഒരിക്കൽ അവിടുന്ന് മദീനയിൽ വെച്ച് അസർ നിസ്കാരത്തിനുടനെ ധൃതിയിൽ വീട്ടിലേക്ക് പോയത് കണ്ടപ്പോൾ സഹചർക്ക് വെപ്രാളമായി. തിരികെയെത്തിയ റസൂലിന്റെ മറുപടിയിങ്ങനെയായിരുന്നു “എന്റെ കൈവശം ഒരു വെള്ളിക്കട്ടയുള്ളത് എനിക്ക് ഓർമ വന്നു, അതവശേഷിക്കുന്നതിൽ എനിക്കിഷ്ടമില്ല, അത് ദാനം ചെയ്യാൻ കൽപ്പിക്കാൻ പോയതാണ് ഞാൻ’ നാളെയാവട്ടെ, അല്ലെങ്കിൽ ശഅബാൻ ഒന്ന് വരട്ടെ, അല്ലെങ്കിൽ പിന്നെ റമസാൻ പിറ കണ്ടിട്ടാകാം എന്നു കരുതി കർമങ്ങളെ പിന്തിക്കുന്നത് മൗഢ്യമാണ്.

നമ്മുടെ അന്ത്യശ്വാസം എപ്പോഴാണെന്നതിനെ കുറിച്ച് നമുക്കൊരു നിശ്ചയവുമില്ലല്ലോ? അതുകൊണ്ട് തെറ്റുകളിൽ നിന്ന് തൗബ ചെയ്ത് മുക്തി നേടി, ബാധ്യതകൾ തീർത്ത് നിസ്കാരങ്ങളിലും ദിക്റിലും ഖുർആൻ പാരായണത്തിലും ദാനധർമങ്ങളിലും മറ്റു നന്മകളിലുമായി റജബിനെ സജീവമാക്കാൻ നാം ബദ്ധശ്രദ്ധരാകേണ്ടതുണ്ട്.

ഇമാം അബൂബക്കർ കിർജിയുടെ കാവ്യ ശകലം കൂടി വായിച്ചവസാനിപ്പിക്കാം.”ബയ്യിള് സ്വഹീഫതക സൗദാഅ ഫീ റജബിൻ….’ എന്ന് തുടങ്ങുന്ന വരികളുടെ ആശയം ഇങ്ങനെയാണ്. കരിപൂണ്ട നിന്റെ ഏടുകൾ നരകത്തിൽ നിന്ന് കാക്കുന്ന സത്കർമങ്ങളാൽ റജബിൽ വെടിപ്പാക്കൂ. ഈ കാലം നന്മകൾ ചെയ്തവനഭിവാദ്യങ്ങൾ. ഈ ദിനങ്ങളിൽ പ്രാർഥിക്കുന്നവൻ നിരാശപ്പെടില്ല.

---- facebook comment plugin here -----

Latest