Connect with us

Kerala

വിവരാവകാശ നിയമത്തിന്റെ ചിറകരിയരുത്: കമ്മിഷണര്‍

അലസരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരും ജനങ്ങളിൽ നിന്ന് പലതും മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്ന അധികാരികളും ഈ നിയമത്തിൻറെ പവിത്രത ഉൾക്കൊള്ളാൻ ഒരുക്കമല്ലെന്നാണ് അനുഭവമെന്നും കമ്മീഷണർ

Published

|

Last Updated

പത്തനംതിട്ട | രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചിറകരിയാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഈ ജനപക്ഷ നിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അലസരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരും ജനങ്ങളിൽ നിന്ന് പലതും മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്ന അധികാരികളും ഈ നിയമത്തിൻറെ പവിത്രത ഉൾക്കൊള്ളാൻ ഒരുക്കമല്ലെന്നാണ് അനുഭവം. ഈ നിയമത്തിൽ വിവരം പുറത്ത് നല്കേണ്ടതില്ല എന്ന് വിവരിക്കുന്ന വകുപ്പുകൾക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്. ആകെ 31 വകുപ്പുകളുള്ള ആർ ടി ഐ ആക്ടിൽ എട്ടാം വകുപ്പിൽ പറയുന്ന പത്തിനങ്ങളാണ് നൽകേണ്ടതില്ലാത്തത്. ആ നിർദ്ദേശങ്ങൾ വളരെ ആവേശത്തോടെ നടപ്പാക്കാൻ ഉദ്യോഗസ്ഥരും ആ ഖണ്ഡികയുടെ വ്യാപ്തി വലുതാക്കാൻ ചട്ടം നിർമ്മിക്കാൻ അനുമതിയുള്ള അധികാരികളും നിരന്തരം പരിശ്രമിക്കുന്നുണ്ട്. എന്നാൽ വിവരം നല്കാൻ പറയുന്ന മറ്റ് വകുപ്പുകളുടെ ഉത്തമതാത്പര്യം ഇരവിൽ ഏറെപ്പേരും സൗകര്യ പൂർവ്വം മറക്കുകയോ മറച്ചു പിടിക്കുകയോ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിവരം നല്കാൻ പറയുന്ന വകുപ്പുകളെ ദുർബലപ്പെടുത്താനും അസ്ഥിരപ്പെടുത്താൻപോലും പലപ്പോഴും ശ്രമങ്ങൾ നടക്കുകയാണ്. സജീവമായി കടമ നിർവഹിക്കുന്ന ഒരു പറ്റം ആർ ടി ഐ ഓഫീസർമാരും ഉണ്ട്. അവരെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ തെരഞ്ഞുപിടിച്ച് അധികൃതരുടെ അഭീഷ്ടാനുസാരം കൈകാര്യം ചെയ്യാൻ വച്ചു നീട്ടുന്ന അനുഭവവും കുറവല്ല. അത്തരത്തിൽ ചില സംഭവങ്ങൾ ഈയടുത്ത് സംസ്ഥാനത്തുതന്നെ നടന്നു. ഇത്തരം സന്ദർഭങ്ങളിൽ വിവരാവകാശ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള വകുപ്പുകളും ശേഷിയും വിവരാവകാശ കമ്മിഷനുണ്ടെന്നും ഹക്കീം വ്യക്തമാക്കി. മലയാളത്തില്‍ ചിന്തിക്കുന്നവര്‍ മലയാളത്തിലാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്നും ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. സബ് കലക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എ. ഡി. എം ബീന എസ്. ഹനീഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി. ജ്യോതി, ജേക്കബ് ടി. ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.