Kerala
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പടര്‍ത്തരുത് :ആരോഗ്യമന്ത്രി
കേരളത്തില്‍ നവംബര്‍ മാസം മുതല്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധന കണ്ടെതിനെ തുടര്‍ന്ന് കൃത്യമായ പരിശോധനകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്

തിരുവനന്തപുരം | കേരളത്തില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നുണ്ടെന്ന രീതിയില്‍ ആളുകള്‍ക്കിടയില്‍ അനാവശ്യഭീതി പടര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഇത് തെറ്റായ പ്രവണതയാണെന്ന് ആരോപിച്ച മന്ത്രി കേരളത്തില്‍ നവംബര്‍ മാസം മുതല്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധന കണ്ടെതിനെ തുടര്‍ന്ന് കൃത്യമായ പരിശോധനകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. മന്ത്രിതല തീരുമാനത്തെ തുടര്‍ന്ന് കോവിഡ് സംശയിക്കുന്ന കേസുകളില്‍ നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകള്‍ അയക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജെഎന്‍ 1 വകഭേദം കണ്ടെത്തിയ വ്യക്തി രോഗമുക്തി നേടിയതായും മന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയില്‍ നിന്നും സിംഗപൂരിലേക്ക് പോയ 15 പേരില്‍ ജെഎന്‍ 1 കണ്ടെത്തിയിരുന്നു. ഇത് ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും കോവിഡ് വകഭേദം ഉണ്ടെന്നതിന്റെ തെളിവാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേരളത്തിന്റെ ചികിത്സ മികവു കൊണ്ടാണ് പരിശോധനയിലൂടെ ഇത് കണ്ടെത്താനായതെന്നും വ്യക്തമാക്കി.
ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളും ഉള്‍പെടെ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം പ്രായമുള്ളവരും ഗുരുതരരോഗമുള്ളവരും കോവിഡ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി സൂചന നല്‍കിയിട്ടുണ്ട്.