Connect with us

തെളിയോളം

കലക്കണ്ട, കാലുവെച്ചാലും മതി

ഒരു കാര്യം ചെയ്യാനൊരുങ്ങുമ്പോൾ പലവിധ വരുംവരായ്കാ ചിന്തകൾ മനസ്സിൽ നിറയുക സ്വാഭാവികമാണ്.അതിൽ കൂടുതലും നിഷേധാത്മകമായിരിക്കുമെന്നതും സ്വാഭാവികം. എന്നാൽ ഈ ചിന്തകൾ നിങ്ങളെ പ്രവൃത്തിയിൽ നിന്ന് പിറകോട്ടു വലിക്കുന്ന വിധം ദുഃസ്വാധീനം ചെലുത്താൻ അനുവദിക്കരുത്.

Published

|

Last Updated

ലോക പ്രശസ്ത ബ്രാൻഡ് ആയ നൈക്കിന്റെ ഏറ്റവും മികച്ച പരസ്യ മുദ്രാവാക്യങ്ങളിലൊന്ന് “അത് ചെയ്യൂ’ എന്നതാണ്. ഒരു കാര്യം ചെയ്യാനൊരുങ്ങിയാൽ ഒമ്പത് തടസ്സങ്ങളെ കുറിച്ച് ആലോചിക്കുകയും ഒരുങ്ങിയിറങ്ങുന്നതിന് പകരം തീരാത്ത ആസൂത്രണങ്ങൾ നടത്തുകയും ചെയ്യുന്നവരോട് ഇതേ വാചകം തന്നെയാണ് പറയാവുന്നത്. “വിശകലന പക്ഷാഘാതം’ എന്ന രോഗത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണിത്.

അമിതമായി ആലോചിച്ച് തുടങ്ങിയ പ്രവൃത്തികളെല്ലാം നിർത്തി, എവിടെയും എത്താതെ സ്വയം പഴിച്ച് കാലം കഴിക്കുന്നവർ ഒറ്റക്കാര്യം ഓർക്കുക. എല്ലാ തീരുമാനങ്ങളും ക്ലിഫ് ഹാംഗർ തീരുമാനമാകാൻ അഥവാ അമർചിത്രകഥയിലെ “തുടരും’ എന്ന സസ്പെൻസിൽ നിർത്താൻ അനുവദിച്ചാൽ ജീവിതം വിരസമായ ഒരു കാത്തിരിപ്പായി മാറും. അടച്ച ജാലകങ്ങൾക്ക് പിന്നിൽ ആരാണ് പതിയിരിക്കുന്നതെന്ന് ചിന്തിക്കുന്നതിനുപകരം തുറന്ന വാതിലിലൂടെ നടക്കുന്നത് ജീവിതം വളരെ എളുപ്പമാണെന്ന് നിങ്ങൾ കണ്ടെത്തും.

“ചിന്തിച്ച് തല പുണ്ണാക്കുക’ എന്ന ഭ്രാന്തിന്റെ പ്രാഥമിക അവസ്ഥയിലേക്ക് കിതച്ചു കയറുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. മോശം ഭക്ഷണം കഴിച്ചാൽ ഉദരസ്തംഭനം ഉണ്ടാകുന്നത് പോലെ “എന്തൊക്കെ സംഭവിക്കുമോ ആവോ!’ എന്ന് ഭയാശങ്കകളോടെ വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആധിപൂണ്ടിരുന്നാൽ ജീവിതത്തിന്റെ ഒഴുക്ക് നിലയ്ക്കുകയേ ഉള്ളൂ. നിങ്ങൾ ധൃതി പിടിച്ച് ജോലിസ്ഥലത്തേക്ക് പോകുമ്പോൾ, ട്രാഫിക് ജാമിൽ പെടുന്നു, അവിടെ ആളുകൾ പരസ്പരം ദേഷ്യപ്പെടുന്നു, ഹോണുകൾ മുഴക്കി പ്രതികരിക്കുന്നു. നിങ്ങളും അതിൽ ചേരുന്നു.

അതെല്ലാം വെറുതെയാണെന്ന് എല്ലാവർക്കും അറിയാം. വെറുതെ ആക്രോശിച്ചും ദേഷ്യപ്പെട്ടും ട്രാഫിക് ജാം നീക്കാം എന്ന് ആരെങ്കിലും വിചാരിക്കുമോ?. ബോസ് നിങ്ങളോട് ദേഷ്യപ്പെടുമെന്നായിരിക്കും നിങ്ങൾ ഭയപ്പെടുന്നത്. തീർച്ചയായും ബോസ് ദേഷ്യപ്പെടും, എന്നാൽ ആ ബോധ്യത്തോടെ കാത്തു നിൽക്കുക എന്നല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും!. അതുകൊണ്ട് ദേഷ്യപ്പെടുന്നത് നിർത്തുക, “എന്റെ ബോസ് ദേഷ്യപ്പെടുമോ’ എന്ന് തുടർച്ചയായി അവിടെനിന്ന് ചിന്തിക്കുന്നത് നിർത്തുക, ഒരു തുള്ളി വെള്ളം നദിയിൽ ഒഴുകി നീങ്ങുന്ന ലാഘവത്തോടെ മനസ്സിന് തണുപ്പു പകരുക.

ഒരു കാര്യം ചെയ്യാനൊരുങ്ങുമ്പോൾ പലവിധ വരുംവരായ്കാ ചിന്തകൾ മനസ്സിൽ നിറയുക സ്വാഭാവികമാണ്.അതിൽ കൂടുതലും നിഷേധാത്മകമായിരിക്കുമെന്നതും സ്വാഭാവികം. എന്നാൽ ഈ ചിന്തകൾ നിങ്ങളെ പ്രവൃത്തിയിൽ നിന്ന് പിറകോട്ടു വലിക്കുന്ന വിധം ദുഃസ്വാധീനം ചെലുത്താൻ അനുവദിക്കരുത്. ആസൂത്രണം നല്ലതാണ്. എന്നാൽ അത് അനന്തമായി നീളുന്നതോ അതി സാഹസികമാവുകയോ അരുത്.

കുളത്തിനരികിലോ കടൽക്കരയിലോ ഇരിക്കുന്നയാൾ മുൻവിചാരമില്ലാതെ എടുത്തു ചാടേണ്ട, എന്നാൽ ഒന്ന് കാല് ഇറക്കി വെച്ച് ആ വെള്ളത്തിൽ തൊടുന്നതിന്റെ അനുഭവം നഷ്ടപ്പെടുത്തുകയുമരുത്. ആഴവും പരപ്പും അറിഞ്ഞ് അനുഭവങ്ങളെ വിശാലമാക്കാൻ ഇത്തിരി കാത്തിരിപ്പ് കൂടി ഉണ്ടായാൽ കൂടുതൽ കരകളിലേക്ക് നീന്തിക്കയറുകയുമാകാം. ഒരു പാത്രത്തിലുള്ള ചെളിവെള്ളം എങ്ങനെയാണ് വൃത്തിയാക്കാൻ കഴിയുക!

നിങ്ങൾ അത് പിടിച്ചു കുലുക്കുമോ? അതിൽ വീണ്ടും കുറച്ച് ചെളി കൂടി ചേർക്കുമോ? ഇതിൽ ഏത് വഴി സ്വീകരിച്ചാലും വെള്ളം ചെളിയായി തുടരും. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു ഗുണപരമായ മാർഗം, അടിയിൽ ചെളി അടിഞ്ഞുകൂടാൻ ആവശ്യമായ സമയം ക്ഷമയോടെ ആ പാത്രം ഇളക്കാതെ വെക്കുക എന്നതു മാത്രമാണ്.