Saudi Arabia
സഊദി അറേബ്യയിൽ നടക്കുന്ന കൂടിക്കാഴ്ചകളിൽ ശുഭ പ്രതീക്ഷ : ഡൊണാൾഡ് ട്രംപ്
ഫെബ്രുവരി 28 ന് ഓവല്‍ ഓഫീസ് കൂടിക്കാഴ്ചയില്‍ ട്രംപും സെലെന്‍സ്‌കിയും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ 10 മിനിറ്റ് നീണ്ടുനിന്ന അസാധാരണമായ ഒരു വാദപ്രതിവാദത്തിലേക്ക് എത്തുകയും യുഎസിന് ഉക്രെയ്നിന്റെ അപൂര്‍വ ഭൂമി ധാതുക്കളിലേക്ക് പ്രവേശനം നല്‍കുന്നതുള്‍പ്പെടെയുള്ള കരാറില്‍ ഒപ്പുവെക്കാതെ മടങ്ങുകയും ചെയ്തിരുന്നു.

വാഷിംഗ്ടണ്‍ / ജിദ്ദ |സഊദി അറേബ്യയിലെ ചെങ്കടല്‍ തീരമായ ജിദ്ദയില്‍ നടക്കുന്ന കൂടിക്കാഴ്ചകളില്‍ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നതായിയുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാനം സ്ഥാപിക്കാന്‍ ഉക്രെയ്ന്‍ സന്നദ്ധത കാണിക്കുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.
നമ്മള്‍ വളരെയധികം പുരോഗതി കൈവരിക്കാന്‍ പോകുന്നു.ഞായറാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകറുമായി സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. റഷ്യയ്ക്കെതിരെ ഉപരോധമോ തീരുവയോ ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തില്‍ നിന്നും ധാതു കരാര്‍ ഒപ്പിട്ടാല്‍ യുഎസ് ഉക്രെയ്നിനുള്ള സഹായം പുനരാരംഭിക്കുമോ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കുന്നതില്‍ നിന്നും ട്രംപ് വിട്ടുനിന്നു.
ഫെബ്രുവരി 28 ന് ഓവല്‍ ഓഫീസ് കൂടിക്കാഴ്ചയില്‍ ട്രംപും സെലെന്‍സ്‌കിയും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ 10 മിനിറ്റ് നീണ്ടുനിന്ന അസാധാരണമായ ഒരു വാദപ്രതിവാദത്തിലേക്ക് എത്തുകയും യുഎസിന് ഉക്രെയ്നിന്റെ അപൂര്‍വ ഭൂമി ധാതുക്കളിലേക്ക് പ്രവേശനം നല്‍കുന്നതുള്‍പ്പെടെയുള്ള കരാറില്‍ ഒപ്പുവെക്കാതെ മടങ്ങുകയും ചെയ്തിരുന്നു.
ഫെബ്രുവരി 18 ന് ഉക്രേനിയന്‍ പ്രതിസന്ധിയെക്കുറിച്ച് റിയാദില്‍ റഷ്യന്‍, യുഎസ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച വിജയകരമായതോടെയാണ് അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ആഗോള സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് സഊദി അറേബ്യ വീണ്ടും വേദിയാകുന്നത്.
ചര്‍ച്ചകള്‍ക്ക് മുന്നോടിയായി തിങ്കളാഴ്ച സഊദിയിലെത്തുന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തും.ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു, ഞങ്ങളെപ്പോലെ സമാധാനം ആഗ്രഹിക്കുന്ന ഞങ്ങളുടെ പങ്കാളികളുമായി പ്രസക്തമായ ഘട്ടങ്ങളില്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സെലെന്‍സ്‌കി പറഞ്ഞു. സെലെന്‍സ്‌കി തന്റെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് വിദേശകാര്യ മന്ത്രി ദിമിട്രോ കുലെബ, പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് എന്നിവരടങ്ങുന്ന സംഘമാണ് ചര്‍ച്ചകള്‍ക്കായി സഊദിയിലെത്തുക.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ജിദ്ദയില്‍ ഉക്രേനിയന്‍ ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുമെന്ന് പ്രസിഡന്റ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.മാര്‍ക്കോ റൂബിയോ സഊദി കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തും.റൂബിയോയ്ക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സും ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.