Kozhikode
മര്‍കസ് ഖത്മുല്‍ ബുഖാരി സനദ് ദാനം: സമ്മേളന പന്തലിന് കാല്‍നാട്ടി
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രശസ്തമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമവും സമ്മേളനത്തില്‍ നടക്കും.
കോഴിക്കോട് | ഫെബ്രുവരി മൂന്നിന് മര്‍കസില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തിനുള്ള പന്തലിന് കാല്‍നാട്ടി. ജാമിഅ മര്‍കസില്‍ നിന്നും കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ് ദാന സമ്മേളനത്തില്‍ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രശസ്തമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമവും സമ്മേളനത്തില്‍ നടക്കും. മതപ്രഭാഷണ പരമ്പര, അലുംനി കോണ്‍ക്ലേവ്, മീഡിയ കൊളോക്കിയം, കള്‍ച്ചറല്‍ മീറ്റ്, പ്രവാസി സംഗമം, അഹ്ദലിയ്യ ആത്മീയ വേദി, സഖാഫി സംഗമം തുടങ്ങിയ വിവിധ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമാണ്.
കാല്‍ നാട്ടല്‍ ചടങ്ങിന് സ്വാഗത സംഘം ഭാരവാഹികളായ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് ബാഫഖി, സത്താര്‍ കാമില്‍ സഖാഫി, ബശീര്‍ സഖാഫി കൈപ്പുറം, മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബര്‍ ബാദുഷ സഖാഫി, ഹനീഫ് അസ്ഹരി, റശീദ് സഖാഫി, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ബിച്ചു മാത്തോട്ടം, സിദ്ദീഖ് ഹാജി കോവൂര്‍, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അഡ്വ. മുഹമ്മദ് ശരീഫ്, അശ്റഫ് അരയങ്കോട് സംബന്ധിച്ചു. സമ്മേളനത്തിന് മുന്നോടിയായി വിപുലമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളുമാണ് മര്‍കസ് കാമ്പസിലും പരിസരങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
സന്ദേശ ദിനം നാളെ
കോഴിക്കോട്: മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ സന്ദേശം കേരളത്തിലുടനീളമുള്ള യൂണിറ്റുകളിലും സ്ഥാപനങ്ങളിലും മഹല്ലുകളിലും വിളംബരം ചെയ്യണമെന്ന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം ആഹ്വാനം ചെയ്തു.
മതവിജ്ഞാന രംഗത്ത് മര്‍കസ് സാധ്യമാക്കിയ വിപ്ലവവും ആധുനിക വിദ്യാഭ്യാസത്തിലും സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നടത്തിയ ഇടപെടലും സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം. ജുമുഅക്ക് ശേഷം പള്ളി പരിസരത്ത് സമ്മേളന പ്രചാരണം നടത്തണം. മതാധ്യാപന രംഗത്ത് ആറു പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ആഗോള പ്രശസ്തമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രസ്തുത ചടങ്ങിലും സനദ് ദാന-ആത്മീയ സമ്മേളനത്തിലും ഏവരും സംബന്ധിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ്, പി മുഹമ്മദ് യൂസുഫ് സംബന്ധിച്ചു.