Kerala
നായകൻ ജിജോ ജോസഫിന് ഇരട്ട ഗോൾ; കേരളം സന്തോഷ് ട്രോഫി സെമിയിൽ
ആദ്യാവസാനം വരെ ഉശിരുള്ള പോര് തീർത്ത കേരളം കളിയിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് പഞ്ചാബിനെ വീഴ്ത്തിയത്.
മഞ്ചേരി | നിലവിലെ റണ്ണേഴ്സായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു. മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റ് നേടി എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളത്തിന്റെ സെമി പ്രവേശനം.
ആദ്യാവസാനം വരെ ഉശിരുള്ള പോര് തീർത്ത കേരളം കളിയിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് പഞ്ചാബിനെ വീഴ്ത്തിയത്. 12ാം മിനുട്ടിൽ മൻവീർ സിംഗിലൂടെ പഞ്ചാബാണ് ആദ്യ ഗോൾ നേടിയത്. നായകൻ ജിജോ ജോസഫിലൂടെ രണ്ട് ഗോൾ തിരിച്ചടിച്ച കേരളം അവസാന നാലിൽ ഇടം നേടി. ഈ മാസം 28ന് വൈകിട്ട് എട്ടിന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ കേരളം ഗ്രൂപ്പ് ബി റണ്ണേഴ്സുമായി ഏറ്റുമുട്ടും. തോൽവിയോടെ പഞ്ചാബിന്റെ സെമി പ്രവേശനം തുലാസിലായി.
ആദ്യ ഗോളിട്ട് മൻവീർ
കളിതുടങ്ങി 12ാം മിനുട്ടിൽ ബോക്‌സിൽ വെച്ച് പ്രതിരോധ താരം ജി സഞ്ജുവിന്റെ പിഴവിൽ നിന്നായിരുന്നു പഞ്ചാബന്റെ ആദ്യ ഗോൾ. സഞ്ജുവിന്റെ കാലിൽ നിന്ന് തെന്നിമാറിയ പന്ത് പഞ്ചാബിന്റെ മിഡ്ഫീൽഡർ മൻവീർ സിംഗ് വലയിലെത്തിച്ചു. മൻവീറിന്റെ ഷോട്ട് ഗോളി മിഥുന്റെ കൈയിൽതട്ടി വലയിലെത്തുകയായിരുന്നു. തുടർന്ന് ഉണർന്ന് കളിച്ച കേരളം പന്ത് പഞ്ചാബിന്റെ ബോക്‌സിലെത്തിച്ചുകൊണ്ടേയിരുന്നു. 14ാം മിനുട്ടിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോളി ഹർപ്രീത് സിംഗ് രക്ഷപ്പെടുത്തി.
നിറഞ്ഞാടി നായകൻ
പഞ്ചാബിന്റെ ലീഡിന് അൽപായുസ്സ് മാത്രമായിരുന്നു. 17 ാം മിനുട്ടിൽ കേരളം സമനില പിടിച്ചു. ബോക്‌സിന്റെ സമീപം വലത് വിംഗിൽ നിന്ന് അർജുൻ ജയരാജിന്റെ ഉയർന്നുവന്ന ക്രോസ്സ് നായകൻ ജിജോ ജോസഫ് സുന്ദരമായൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. സ്‌കോർ 1 -1.
രണ്ടാം പകുതിയുടെ 86ാം മിനുട്ട്. ഇടത് വിംഗിൽ നിന്ന് സഞ്ജുവിന്റെ ക്രോസ്സ് ഡി ബോക്‌സിന് സമീപത്തേക്ക്. പഞ്ചാബി പ്രതിരോധ താരങ്ങളുടെ കണ്ണിൽപ്പെടാതെ നിൽക്കുകയായിരുന്ന നായകൻ ജിജോ ജോസഫ് പന്തെടുത്തു. പന്ത് ക്ലിയർ ചെയ്ത് ജിജോയുടെ ഷോട്ട് നേരെ വലയിലേക്ക്. സ്‌കോർ 2-1. കേരളത്തിന് ഒരു ഗോളിന്റെ ലീഡ്.
ജിജോയുടെ കളിയിലെ രണ്ടാം ഗോളും ടൂർണമെന്റിലെ അഞ്ചാം ഗോളും പിറന്നു. നിലവിൽ ടൂർണമെന്റിലെ ടോപ് സ്‌കോററാണ് ജിജോ.